Malayalam
അടിവസ്ത്രം മാത്രം ധരിക്കാന്‍ ആവശ്യപ്പെട്ടു, പേടി കാരണം പ്രതികരിച്ചില്ല!;തുറന്ന് പറച്ചിലുമായി പ്രിയങ്ക ചോപ്ര
അടിവസ്ത്രം മാത്രം ധരിക്കാന്‍ ആവശ്യപ്പെട്ടു, പേടി കാരണം പ്രതികരിച്ചില്ല!;തുറന്ന് പറച്ചിലുമായി പ്രിയങ്ക ചോപ്ര
ഏറെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയ പ്രിയങ്ക, സിനിമയില്‍ തുടക്കം കുറിച്ച സമയത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറയുകയാണ് ഇപ്പോള്‍. പ്രശസ്ത അമേരിക്കന്‍ അവതാരികയായ ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിലായിരുന്നു പ്രിയങ്ക മനസ്സുതുറന്നത്.
ഒരു പ്രമുഖ സംവിധായകനില്‍ നിന്നുമാണ് മോശം അനുഭവം ഉണ്ടായതെന്നും പ്രിയങ്ക പറയുന്നു. ഒരു ഗാനരംഗത്തിനിടയില്‍ അടിവസ്ത്രം മാത്രം ധരിച്ച് എത്തി നൃത്തം ചെയ്യാന്‍ സംവിധായകന് ആവശ്യപ്പെട്ടു. എന്നാല്‍ ഭയം കാരണം അന്ന് തനിക്ക് പ്രതികരിക്കാനായില്ലെന്നും പ്രിയങ്ക പറയുന്നു.
അടുത്ത ദിവസം മുതല്‍ ആ സിനിമയുടെ ചിത്രീകരണത്തിന് പോകാതിരിക്കുക എന്നത് മാത്രമായിരുന്നു വഴി. ഇന്നും അയാളോട് പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. നടി ആയി അഭിനയം തുടങ്ങിയ സമയത്ത് തന്നെ ഒരു സിനിമ വേണ്ടെന്ന വെക്കാന്‍ എങ്ങിനെ ധൈര്യം വന്നു ചോദ്യത്തിന് മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയ രീതിയാണ് കാരണമെന്ന് പ്രിയങ്ക മറുപടി പറയുകയാണ് ഉണ്ടായത്.
‘ജീവിതത്തില്‍ എന്തൊക്കെ ചെയ്താലും സാമ്പത്തിക സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനമായി വേണ്ടതെന്ന് അമ്മ എന്നോട് ചെറുപ്പത്തിലെ പറയുമായിരുന്നു. ആ സംഭവത്തില്‍ എനിക്ക് ആ സംവിധായകനോട് പ്രതികരിക്കാന്‍ ആയില്ലല്ലോ എന്നാണ് എനിക്കുള്ള ഖേദം. പക്ഷെ എനിക്ക് ഭയമായിരുന്നു.
സിനിമയില്‍ തുടങ്ങിയ സമയമായിരുന്നു. യാതൊരു കാരണത്താലും മോശം പേര് കേള്‍പ്പിക്കരുതെന്ന് മാത്രമായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. അതിനാല്‍ ഞാന്‍ അങ്ങനെ തന്നെ തുടര്‍ന്നു. ഒരിക്കല്‍ പോലും താങ്കള്‍ ചെയ്യുന്നത് തെറ്റാണെന്ന് പറയാന്‍ എനിക്ക് കഴിയാത്തതിലാണ് എന്റെ വിഷമം’ എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
എവിടെയും തന്റെ അഭിപ്രായം തുറന്നു പറയാറുള്ള പ്രിയങ്ക സമകാലിക വിഷയങ്ങളിലും തന്റെ പ്രതികരണം അറിയിക്കാറുണ്ട്. ഇത്തവണത്തെ ഓസ്കാര്‍ നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചത് പ്രിയങ്കയും ഭര്‍ത്താവ് നിക് ജോനാസും ചേര്‍ന്ന് ആയിരുന്നു. എന്നാല്‍ ഇത് പ്രഖ്യാപിക്കാന്‍ പ്രിയങ്കയ്ക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് ആരോപിച്ച് പീറ്റര്‍ ഫോര്‍ഡ് എന്ന മാധ്യമപ്രവര്ത്തകന് രംഗത്തെത്തിയിരുന്നു.
അദ്ദേഹത്തിന്റെ ചോദ്യത്തിന് പ്രിയങ്ക തന്നെ മറുപടിയും നല്കി. ഒരാളുടെ യോഗ്യതയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഞാന്‍ അഭിനയിച്ച 60 ലേറെ ചിത്രങ്ങളുടെ പട്ടികയാണ് എന്ന് കുറിച്ചു കൊണ്ട് തന്റെ ചിത്രങ്ങളുടെ ലിസ്റ്റും പ്രിയങ്ക കൊടുത്തിരുന്നു.
മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ച വൈറ്റ് ടൈഗറും ഉള്‍പ്പെട്ടിട്ടുണ്ട്. ബുക്കര്‍ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ അതേപേരിലുള്ള നോവലിനെ അവലംബമാക്കി റാമിന് ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗര്‍.
