News
‘സ്പൈഡര്മാന് നോ വേ ഹോം’ കണ്ടത് 292 തവണ; ഏകദേശം 720 മണിക്കൂര്‍ തിയേറ്ററില്‍; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവാവ്; റെക്കോര്‍ഡിലെത്താന്‍ ചില്ലറയൊന്നുമല്ല കഷ്ടപ്പെട്ടത്…!
‘സ്പൈഡര്മാന് നോ വേ ഹോം’ കണ്ടത് 292 തവണ; ഏകദേശം 720 മണിക്കൂര്‍ തിയേറ്ററില്‍; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവാവ്; റെക്കോര്‍ഡിലെത്താന്‍ ചില്ലറയൊന്നുമല്ല കഷ്ടപ്പെട്ടത്…!
സൂപ്പര്‍ഹീറോകള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്. അവരുടെ ചിത്രങ്ങളെല്ലാം തന്നെ ഒന്നില്‍ കൂടുതല്‍ തവണ പലരും കണ്ടിട്ടുമുണ്ടാകും. എന്നാല്‍ ഒരു സിനിമ തന്നെ 292 തവണ കണ്ടു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ…? എന്നാല്‍ വിശ്വസിച്ചാലേ പറ്റൂ. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയായ റാമിറോ അലെനിസാണ് തന്റെ പ്രിയപ്പെട്ട ചിത്രമായ ‘സ്പൈഡര്മാന് നോ വേ ഹോം’ എന്ന സിനിമ 292 തവണ തിയേറ്ററില്‍ പോയി കണ്ടിരിക്കുന്നത്.
ഇതിലൂടെ ഒരേ സിനിമ ഏറ്റവും കൂടുതല്‍ തവണ തിയേറ്ററില്‍ പോയി കണ്ടതിന്റെ ഗിന്നസ് റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരിലാക്കി. ഇതാദ്യമായിട്ടല്ല റാമിറോ ഈ വലിയ നേട്ടം കൈവരിക്കുന്നത്. 2019-ല്‍ അവഞ്ചേഴ്സ്: എന്ഡ്ഗെയിം 191 തവണ കണ്ടുകൊണ്ടാണ് അദ്ദേഹം മുമ്ബ് റെക്കോര്‍ഡ് സ്ഥാപിച്ചത്.
എന്നാല്‍, കാമെലോട്ട്: ഫസ്റ്റ് ഇന്‍സ്റ്റാള്‍മെന്റ് എന്ന സിനിമ 204 തവണ കണ്ടുകൊണ്ട് അര്‍നൗഡ് ക്ലീന്‍ എന്നയാള്‍ 2021 ല്‍ ആ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. സ്പൈഡര്മാന് 292 തവണ കണ്ടതിലൂടെ തന്റെ പേര് റെക്കോഡ് ബുക്കില്‍ വീണ്ടും എഴുതിച്ചേര്‍ത്തിരിക്കുകയാണ് റാമിറോ. എന്നാല്‍ ഈ റെക്കോര്‍ഡ് നേട്ടത്തിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കഠിനമായ ചില നിയമങ്ങള്‍ പാലിച്ച് മാത്രമേ സിനിമ കാണാന്‍ സാധിക്കുമായിരുന്നുള്ളൂ.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നാണ് സ്പൈഡര്മാന് നോ വേ ഹോം എന്ന സിനിമ തിയേറ്ററില്‍ റിലീസ് ആയത്. അന്ന് മുതല്‍ റാമിറോ സിനിമ കാണാന്‍ തുടങ്ങിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 15ഓടെയാണ് 292 തവണ സിനിമ കണ്ട് ലോകറെക്കോര്‍ഡ് തീര്‍ത്തത്. ഏകദേശം 720 മണിക്കൂറുകളാണ് അദ്ദേഹം തിയേറ്ററില്‍ ചെലവഴിച്ചത്. അതായത് 30 ദിവസം പൂര്‍ണമായും സിനിമ കാണാന്‍ സമയം ചെലവഴിച്ചു.
മറ്റൊരു കാര്യവും ചെയ്യാതെ നിര്‍ത്താതെ സിനിമ കണ്ടാല്‍ മാത്രമേ റെക്കോര്‍ഡ് കമ്മിറ്റി അത് കണക്കിലെടുക്കുകയുള്ളൂ. സിനിമ കാണുന്നതിനിടെ ചെറുതായിപ്പോലും മയങ്ങാനോ മൊബൈല്‍ ഫോണ്‍ എടുക്കുവാനോ സംസാരിക്കുവാനോ ഒന്നും പാടുള്ളതല്ല. സിനിമക്കിടയില്‍ മൂത്രമൊഴിക്കാന്‍ എണീറ്റാലും കണക്കില്‍ പെടില്ല. മൂത്രമൊഴിക്കാന്‍ എണീറ്റത് കാരണം റാമിറോയുടെ പത്ത് ശ്രമങ്ങള്‍ പാഴായിപ്പോയിട്ടുണ്ട്.
സിനിമക്ക് മുന്‍പും ശേഷവും കാണിക്കുന്ന ക്രെഡിറ്റുകളും പരസ്യങ്ങളും മറ്റ് വീഡിയോകളുമൊക്കെ കണ്ടിരിക്കണം. ഇതെല്ലാം പാലിച്ചാണ് ഈ ഫ്ലോറിഡക്കാരന് 292 തവണ സിനിമ കണ്ടത്. 3400 ഡോളറാണ് റാമിറോയുടെ പോക്കറ്റില്‍ നിന്ന് സിനിമ കാണാന്‍ ചെലവായത്. അതായത് ഗിന്നസ് ലോക റെക്കോര്‍ഡ് നേട്ടത്തിലെത്താന്‍ ഏകദേശം രണ്ടര ലക്ഷം രൂപ ചെലവായിട്ടുണ്ട്.
