Hollywood
ഞാനും ആ പ്രതീക്ഷയില്‍; സ്‌പൈഡര്‍ മാന്‍ 4 എപ്പോള്‍?; മറുപടിയുമായി നടന്‍ ടോം ഹോളണ്ട്
ഞാനും ആ പ്രതീക്ഷയില്‍; സ്‌പൈഡര്‍ മാന്‍ 4 എപ്പോള്‍?; മറുപടിയുമായി നടന്‍ ടോം ഹോളണ്ട്
നിരവധി ആരാധകരുള്ള, സിനിമ പ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രമാണ് സ്‌പൈഡര്‍മാന്‍ ഫ്രാഞ്ചൈസി. ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെ ചിത്രങ്ങള്‍ക്കുണ്ട്. അതുപോലെ സ്‌പൈഡര്‍ മാന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച നടനാണ് ടോം ഹോളണ്ട്. ഇപ്പോഴിതാ സ്‌പൈഡര്‍ മാന്‍ 4നെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവയ്ക്കുകയാണ് താരം.
‘എപ്പോഴും സ്‌പൈഡര്‍മാന്‍ സിനിമകള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ലളിതമായ ഉത്തരം. എന്റെ ജീവിതത്തിനും കരിയറിനും ഞാന്‍ കടപ്പെട്ടിരിക്കുന്നത് സ്‌പൈഡര്‍മാനോടാണ്. അതിനാല്‍, ലളിതമായ ഉത്തരം അതെ എന്നതാണ്”. സ്‌പൈഡര്‍മാന്റെ നാലാം ഭാഗവുമായി തിരിച്ചെത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡെഡ്‌ലൈന്‍ ഹോളിവുഡിനോട് ടോം ഹോളണ്ട് പറഞ്ഞു. എല്ലാവരും സ്‌പൈഡര്‍ മാന്‍ 4 സംഭവിക്കാന്‍ ആഗ്രഹിക്കുന്നു. ഞാനും ആ പ്രതീക്ഷയിലാണ് ഹോളണ്ട് കൂട്ടിച്ചേര്‍ത്തു.
സ്‌പൈഡര്‍ മാന്‍: നോ വേ ഹോം 2021 ഡിസംബറിലാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ സെന്‍ഡയ, ടോബി മാഗ്വയര്‍, ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, ജേക്കബ് ബറ്റലോണ്‍, ബെനഡിക്റ്റ് കംബര്‍ബാച്ച്, ബെനഡിക്റ്റ് വോംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സ്‌പൈഡര്‍മാന്‍ പരമ്പരയിലെ ഏറ്റവും പുതിയ സൂപ്പര്‍ താരമാണ് ടോം ഹോളണ്ട്. കഴിഞ്ഞ മൂന്ന് സ്‌പൈഡര്‍മാന്‍ സിനിമകളിലും പ്രധാനവേഷമിട്ട സെന്‍ഡയ്‌ക്കൊപ്പമാണ് ടോമിന്റെ വരവ്. വര്‍ഷങ്ങളായി ആരാധകരുടെ സുവര്‍ണജോടികളാണ് ഇരുവരും. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതായും സെന്‍ഡയയുടെ വിരലിലെ മോതിരത്തിന്റെ ചിത്രം പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ട്.
‘അണ്‍ചാര്‍ട്ടഡ്’ എന്ന സിനിമയുടെ പ്രമോഷനിടെ ഹോളണ്ട് ഇന്ത്യയോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. ‘ഞാന്‍ ഇന്ത്യയുടെ വലിയ ആരാധകനാണ്, പക്ഷേ ഇന്ത്യയില്‍ പോകാന്‍ തനിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല, താജ്മഹല്‍ ഉള്‍പ്പെടെ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്’ എന്നായിരുന്നു ഹോളണ്ടിന്റെ പരാമര്‍ശം.