Malayalam
ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നു…, മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നല്‍കാനൊരുങ്ങി യുവതി
ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നു…, മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നല്‍കാനൊരുങ്ങി യുവതി
നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേയ്ക്ക് കടന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെയാണ് ഈ കേസില്‍ ഇത്രയുമധികം ചുരുളഴിഞ്ഞത്. ഇതിനോടകം തന്നെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു കഴിഞ്ഞു.
എന്നാല്‍ ഈ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ ബാലചന്ദ്രകുമാറിനെതിരെ ഒരു യുവതി പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ കേസിനെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തെത്തുന്നത്. ബാലചന്ദ്ര കുമാറിന് എതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ആരോപണ വിധേയയായ യുവതി. ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണ് എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് എളമക്കര പോലീസ് സ്റ്റേഷനില്‍ ബാലചന്ദ്ര കുമാറിന് എതിരെ പരാതി നല്‍കിയത്. 2011ല്‍ കൊച്ചിയില്‍ ഒരു ഗാനരചയിതാവിന്റെ വീട്ടില്‍ വെച്ച് ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കേസില്‍ അന്വേഷണം പോലീസ് വൈകിപ്പിക്കുകയാണ് എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കും എന്നാണ് അറിയാന്‍ കഴിയുന്ന വിവരം.
പോലീസ് കേസെടുത്തതിന് പിന്നാലെ ബാലചന്ദ്ര കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നും ഇത് ഒത്തുകളിയാണ് എന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്. സ്ത്രീസുരക്ഷയെ കുറിച്ചും മറ്റും ബാലചന്ദ്ര കുമാര്‍ ടിവിയില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ച ആളാണെന്ന് കണ്ടതോടെയാണ് യുവതി സ്വമേധയാ പരാതി നല്‍കിയത് എന്ന് ഇവരുടെ അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഫെബ്രുവരിയില്‍ ആണ് യുവതി പരാതി നല്‍കിയത്. അതിന് ശേഷം സാക്ഷിയുടെ മൊഴിയെടുത്തതായാണ് അറിയുന്നതെന്ന് അഭിഭാഷക പറഞ്ഞു. യുവതി മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കി. ഇതൊക്കെ കഴിഞ്ഞതിന് ശേഷവും പോലീസ് യാതൊരു വിധത്തിലുളള സഹകരണവും ഇരയ്ക്ക് നല്‍കുന്നില്ല. എന്ന് മാത്രമല്ല ഹൈക്കോടതിയില്‍ ബാലചന്ദ്ര കുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കോടതി അറസ്റ്റ് തടഞ്ഞ് കൊണ്ടുളള ഒരു ഉത്തരവും നല്‍കിയിട്ടില്ല.
എന്നിട്ട് പോലും കേസ് മുന്നോട്ട് കൊണ്ട് പോകുന്നില്ല. ദിലീപിന് എതിരെയുളള കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ തന്നെ ബാലചന്ദ്ര കുമാര്‍ പല തവണ ഹാജരായതാണ്. വാറണ്ട് പെന്‍ഡിംഗ് ആയ ഒരു കേസില്‍, പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളാണ് പോലീസിന് മുന്നില്‍ കൂടിയും മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്നത്. എന്നിട്ട് പോലും ബാലചന്ദ്ര കുമാറിന് എതിരെ യാതൊരു വിധ നടപടിയുമെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. വരും ദിവസങ്ങളില്‍ തന്നെ യുവതി മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് പരാതി നല്‍കുമെന്നും അഭിഭാഷക വ്യക്തമാക്കി.
ജോലി വാഗ്ദാനം ചെയ്താണ് ബാലചന്ദ്ര കുമാര്‍ തന്നെ പീഡനത്തിന് ഇരയാക്കിയത് എന്നാണ് യുവതിയുടെ ആരോപണം. കൊച്ചിയിലെ സിനിമാ ഗാനരചയിതാവിന്റെ വീട്ടിലേക്ക് തന്നെ വിളിച്ച് വരുത്തി. അവിടെ വെച്ച് പീഡനത്തിന് ഇരയാക്കി. പീഡന ദൃശ്യങ്ങള്‍ ബാലചന്ദ്ര കുമാര്‍ മൊബൈലില്‍ പകര്‍ത്തിയെന്നും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. ഭയന്നാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പറയുന്നു.
അതേസമയം, തനിക്ക് എതിരെയുളള പീഡന പരാതിക്ക് പിന്നില്‍ ദിലീപ് ആണെന്നാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. പീഡന പരാതി ദിലീപ് ഇടപെട്ട് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് എന്നും നടിയെ ആക്രമിച്ച കേസിലെ തന്റെ വെളിപ്പെടുത്തലുകളുടെ പ്രതികാരമായിട്ടാണ് ബലാത്സംഗ പരാതി ഉന്നയിച്ചിരിക്കുന്നത് എന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു.
