റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു, ആനയ്ക്ക് ആനയുടെ വലുപ്പം അറിയാത്ത പോലെയാണ് റസൂലിന്റെ കാര്യം…അദ്ദേഹത്തെ അറിയാവുന്നവരെല്ലാം അത് സമ്മതിച്ച് തരുന്ന കാര്യമാണ്! റസൂല്‍ പൂക്കുട്ടിയെക്കുറിച്ച് ലിസി പറഞ്ഞത് വൈറൽ
ഓസ്കര് ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി സംവിധായകനാവുകയാണ്. റസൂലിന്റെ നിര്‍മാണ സംരംഭമായ റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രത്തിന്റെ പേര് ‘ഒറ്റ’ എന്നാണ്. പ്രൊഡക്ഷന്‍ കമ്പനിയുടെ ലോഞ്ചിംഗായിരുന്നു കഴിഞ്ഞ ദിവസം. ലിസി ലക്ഷ്മിയുള്പ്പടെ നിരവധി പേരായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് താനൊരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതെന്നായിരുന്നു ലിസി ലക്ഷ്മി പറഞ്ഞത്. രഞ്ജിനി ഹരിദാസായിരുന്നു ലിസിയെ വേദിയിലേക്ക് ക്ഷണിച്ചത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഞാനിവിടെയൊരു മലയാള പടത്തിന്റെ പൂജയ്ക്ക് വരുന്നത്. അത് റസൂലിന്റെ ചിത്രത്തിനാണെന്നുള്ളതില് ഒത്തിരി സന്തോഷമുണ്ട്. റസൂലുമായി അടുത്ത സൗഹൃദമുണ്ട്.
ആനയ്ക്ക് ആനയുടെ വലുപ്പം അറിയാത്ത പോലെയാണ് റസൂലിന്റെ കാര്യം. ഇത്രയും ഹമ്പിളും സിമ്പിളുമായിട്ടുള്ള ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. ഓസ്കാറൊക്കെ വാങ്ങിച്ച് ഇത്രയും ടാലന്റഡായിട്ടുള്ള വ്യക്തിയെ ഇത്രയും സിംപിളായിട്ട് കണ്ടിട്ടില്ല. ഇതൊരു ഭംഗിവാക്ക് പറയുന്നതല്ല, റസൂലിനെ അറിയാവുന്നവരെല്ലാം സമ്മതിച്ച് തരുന്ന കാര്യമാണ്. ഒരുകൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ ഓടിനടക്കുന്ന റസൂലിനെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.
നമ്മളൊക്കെ പല സ്ഥലത്തും പോവുമ്പോള്‍ നമ്മള് കേള്‍ക്കാത്ത ശബ്ദമാവും റസൂല്‍ കേള്‍ക്കുന്നത്. ഈ ശബ്ദം അത്ര ശരിയായില്ല, അങ്ങനെയൊക്കെ സംസാരിക്കുന്നത് കാണാം. റസൂലിന്റെ സിനിമയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും ലിസി പറഞ്ഞിരുന്നു. ചിത്രത്തിലെ അഭിനേതാക്കളിലൊരാളായ രണ്‍ജി പണിക്കരിനെ പരിചയപ്പെടുത്തിയതിന് ശേഷമായാണ് ലിസി മടങ്ങിയത്.
ആസിഫ് അലിയും അര്ജുന് അശോകനും തമിഴ്നടന്‍ സത്യരാജുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, ലെന, ശ്യാമപ്രസാദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എം. ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ഛായാഗ്രാഹകന്‍ അരുണ്‍ വര്‍മ.
ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പി.യും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എസ്. ഹരിഹരനാണ്.
