Connect with us

ഇപ്പോള്‍ ലഭിക്കുന്ന കീര്‍ത്തിക്ക് സ്ഥാപനം അവരോട് കടപ്പെട്ടിരിക്കുന്നു, പായലിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം; റസൂല്‍ പൂക്കുട്ടി

Malayalam

ഇപ്പോള്‍ ലഭിക്കുന്ന കീര്‍ത്തിക്ക് സ്ഥാപനം അവരോട് കടപ്പെട്ടിരിക്കുന്നു, പായലിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം; റസൂല്‍ പൂക്കുട്ടി

ഇപ്പോള്‍ ലഭിക്കുന്ന കീര്‍ത്തിക്ക് സ്ഥാപനം അവരോട് കടപ്പെട്ടിരിക്കുന്നു, പായലിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം; റസൂല്‍ പൂക്കുട്ടി

ലോകപ്രശസ്ത ചലച്ചിത്രമേളയായ കാനിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ ഗ്രാന്‍ഡ് പ്രീ നേടിയ സംവിധായിക പായല്‍ കപാഡിയയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് റസൂല്‍ പൂക്കുട്ടി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ പായല്‍ കപാഡിയ നടന്‍ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ ആക്കിയതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥി സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.

അന്നത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രശാന്ത് പാത്രബെ കൊടുത്ത പരാതിയിലാണ് പൊലീസ് പായല്‍ ഉള്‍പ്പെടെ 34 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തത്. 2015 ല്‍ കൊടുത്ത കേസിന്റെ ഭാഗമായുള്ള നിയമ നടപടികള്‍ ഇപ്പോഴും തുടരുന്നുണ്ട്.

‘പായലിനും മറ്റ് വിദ്യാര്‍ഥികള്‍ക്കുമെതിരായ കേസ് എഫ്ടിഐഐ ഇപ്പോള്‍ പിന്‍വലിക്കണം. ഇപ്പോള്‍ ലഭിക്കുന്ന കീര്‍ത്തിക്ക് സ്ഥാപനം അവരോട് കടപ്പെട്ടിരിക്കുന്നു’. റസൂല്‍ പൂക്കുട്ടി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറിച്ചു. ഈ അഭിപ്രായത്തോട് യോജിക്കുന്നവര്‍ തന്റെ പോസ്റ്റ് പങ്കുവെക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഓസ്‌കര്‍ അവാര്‍ഡ് നേടിയ സൗണ്ട് ഡിസൈനറായ റസൂല്‍ പൂക്കുട്ടിയും പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പൂര്‍വ്വ വിദ്യാര്‍ഥിയാണ്. തന്നെ ഖരോവോ ചെയ്‌തെന്നും ഓഫീസ് നശിപ്പിച്ചെന്നും ആരോപിച്ച് എഫ്ടിഐഐ മുന്‍ ഡയറക്ടര്‍ പ്രശാന്ത് പാത്രബെയാണ് പായല്‍ കപാഡിയ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ 2015 ല്‍ പൊലീസില്‍ പരാതി നല്‍കിയത്.

പുരസ്‌കാര നേട്ടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പായല്‍ കപാഡിയയ്ക്കും സംഘത്തിനും ആശംസകളുമായി എത്തിയിരുന്നു.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് കാനില്‍ പുരസ്‌കാരം ലഭിച്ചത്.

മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഹിന്ദിയിലും മലയാളത്തിലുമായാണ് പായല്‍ കപാഡിയ ചിത്രം ഒരുക്കിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top