Malayalam
മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം സ്വന്തമാക്കി സ്വീഡിഷ് ചിത്രമായ ‘ക്ലാര സോള’; ‘നിഷിദ്ധോ’ ഏറ്റവും മികച്ച മലയാള ചിത്രം
മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം സ്വന്തമാക്കി സ്വീഡിഷ് ചിത്രമായ ‘ക്ലാര സോള’; ‘നിഷിദ്ധോ’ ഏറ്റവും മികച്ച മലയാള ചിത്രം
26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീണപ്പോള്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം സ്വീഡിഷ് ചിത്രമായ ‘ക്ലാര സോള’ സ്വന്തമാക്കി. ‘നിഷിദ്ധോ’ ആണ് ഏറ്റവും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മലയാള ചിത്രം ‘ആവാസവ്യൂഹം’ ഫിപ്രസി പുരസ്കാരം സ്വന്തമാക്കി.
മികച്ച സംവിധായിക/ സംവിധായകനുള്ള രജത ചകോരം കാമില കംസ് ഔട്ട് ടുനെറ്റിലൂടെ ഇനെസ് മരിയ ബരിനേവോ നേടി. മികച്ച നവാഗത സംവിധായിക/ സംവിധായകനുള്ള പുരസ്കാരം ക്ലാര സോളയിലൂടെ നതാലി മെസെന് സ്വന്തമാക്കി. മികച്ച പുതുമുഖ സംവിധായകനുള്ള കെ ആര് മോഹനന് അവാര്‍ഡ് പ്രഭാഷ്, കൃഷ്ണാനന്ദ് എന്നിവര്‍ പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കള്‍ സ്വന്തമാക്കി.
ഇന്ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന ചടങ്ങ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയായിരുന്നു മുഖ്യാതിഥി.
ചടങ്ങില്‍ എഴുത്തുകാരന് ടി.പത്മനാഭന് വിശിഷ്ടാതിഥിയായി. സാംസ്കാരിക മന്ത്രി സജി ചെറിയാന് ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സഹകരണ മന്ത്രി വി.എന്‍ വാസവന് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വൈകീട്ട് 5:30ക്കാണ് സമാപന സമ്മേളനം തുടങ്ങിയത്.
ചരിത്രത്തിലെ തന്നെ മികച്ച മേളകളില്‍ ഒന്നെന്ന പ്രേക്ഷകപ്രീതി കേരളം സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഉണ്ട്.അന്താരാഷ്ട്ര മേളകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ 173 സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു എല്ലാ സിനിമയും പ്രദര്‍ശിപ്പിച്ചത്. കൊവിഡ് കാലത്ത് നടന്ന മേളയില്‍ അതിജീവനത്തിന്റെ കഥ പറയുന്ന സിനിമകളും ഉണ്ടായിരുന്നു.
