കളിയാക്കലുകള്‍ കേട്ടാല്‍ പ്രതികരിക്കും; കളിയാക്കുന്ന ആളുകള്‍ക്ക് അവരുടെ മക്കളിലൂടെയായിരിക്കും തിരിച്ചുകിട്ടാന്‍ പോകുന്നത്; ബോഡി ഷേമിംഗിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്
റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്നും സ്വഭാവിക അഭിനയം കൊണ്ട് മഞ്ജു പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി അവസരങ്ങള്‍ മഞ്ജുവിനെ തേടിയെത്തിയിട്ടുമുണ്ട്.
49 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മഞ്ജു ബിഗ് ബോസ്സിൽ നിന്ന് പുറത്തായത്. ഷോയുടെ നിര്‍ണ്ണായക ഭാഗമാകാന്‍ മഞ്ജുവിന് കഴിഞ്ഞു. ബിഗ്ബോസ്സിൽ രജിത്തിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ താരത്തിന് ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.കുടുംബത്തെ വരെ മോശമായി വിമർശിച്ച് പലരും രംഗത്തെത്തി. എന്നാല്‍ ഇതിനെല്ലാത്തിലുമുപരി സോഷ്യല്‍ മീഡിയയില്‍ ബോഡി ഷേമിംഗിന് ഏറ്റവും കൂടുതല്‍ ഇരയാകുന്ന, ഇരയായിക്കൊണ്ടിരിക്കുന്ന നടി കൂടിയാണ് മഞ്ജു. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു.
മഞ്ജുവിന്റെ വാക്കുകളിലേക്ക് …
എന്റെ നിറം എന്തുകൊണ്ട് അവര്‍ക്കൊരു പ്രശ്നമായി മാറുന്നു. സാധാരണക്കാരിയായ തരക്കേടില്ലാത്ത ഒരു വീട്ടമ്മയാണ് ഞാന്‍. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നയാള്‍. ഞാന്‍ ഒരിടത്തും പ്രശ്നമുണ്ടാക്കാനോ, മോശമായ വഴിയിലൂടെ പണമുണ്ടാക്കാനോ ശ്രമിക്കാറില്ല. എനിക്ക് എന്നോട് തന്നെ ബഹുമാനമുണ്ട്. പക്ഷെ ഇത്തരത്തിലുള്ള കളിയാക്കലുകള്‍ കേട്ടാല്‍ തീര്‍ച്ചയായും പ്രതികരിക്കും. അത് എന്റെ സുഹൃത്തുക്കള്‍ക്കായാല്‍ പോലും. പക്ഷെ അത് കേട്ടിട്ട് പറയുന്ന ആളുകള്‍ നന്നാകുമെന്നോ, നാളെ അത് അവര്‍ മറ്റുള്ളവരോട് പറയാതിരിക്കുമോ കരുതുന്നില്ല. പക്ഷെ പ്രതികരിക്കേണ്ടത് എന്റെ കടമയാണ്. പക്ഷെ ഈ കളിയാക്കുന്ന ആളുകള്‍ക്ക് അവരുടെ മക്കളിലൂടെയായിരിക്കും തിരിച്ചുകിട്ടാന്‍ പോകുന്നത്. അവര്‍ക്കുണ്ടാകാന്‍ പോകുന്ന മക്കള്‍ വെളുത്തതാണോ കറുത്തതാണോ തടിച്ചതാണോ മെലിഞ്ഞതാണോ എന്നൊന്നും പറയാന്‍ സാധിക്കില്ല. അതെല്ലാം തീരുമാനിക്കുന്നത് മുകളിലിരിക്കുന്ന ആളാണ്. അവരുടെ മക്കള്‍ അത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്കൊരു തിരിച്ചറിവുണ്ടാകും.എന്നും മഞ്ജു പറഞ്ഞു.
