ലോക്ക്ഡൗൺ എല്ലാവരെയും അകത്തളത്തിലാക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി കലാ വിരുതുകളാണ് നിറയുന്നത്. അത്തരത്തിൽ സംഗീതാസ്വാദകർക്കായി ഒരു പ്ലാറ്റ്‌ഫോം എത്തിയിരിക്കുകയാണ്. പിന്നണി ഗായികയും യൂട്യൂബെരുമായ സരിതാ റാമാണ് ഈ പുത്തൻ ആശയത്തിന് പിന്നിൽ.
ബഡി ടാക്സ് എന്ന യൂട്യൂബ് ചാനലിലെ പ്രത്യേക പരിപാടിയാണ് മ്യൂസിക് ദർബാർ. ‘ സംഗീതം ആവോളം ആസ്വദിക്കാം’ എന്ന ഉദ്ദേശത്തോടെ തുടക്കമിട്ട മ്യൂസിക് ദർബാറിൽ ഇതിനോടകം തന്നെ നിരവധി ഗായകർ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ഇഷ്ട ഗാനം ആലപിച്ച് ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളികളുടെ ഇഷ്ട ഗായിക സിത്താര കൃഷ്ണകുമാർ.
സിത്താര പാടിയതല്ലാത്ത സിത്താരയ്ക്ക് ഇഷ്ടമുള്ള പാട്ട് പാടാനായിരുന്നു പരിപാടിയിലൂടെ സരിത റാം ആവശ്യപ്പെട്ടത്. അതിന് മധുരമൂറുന്ന ഗസൽ ആയിരുന്നു സിതാര നൽകിയത്. പ്രശസ്ത ഗസൽ ഗായിക ഫരീദ ഖാനത്തിന്റെ ” ആജ് ജാനേ കി സിദ് നാ കരോ ” എന്ന റൊമാന്റിക് ഗസലായിരുന്നു അത്.
സിനിമയിൽ പാടുമ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അതോടൊപ്പം മ്യൂസിക് ഡയറക്ടർ എന്ന നിലയിലേക്ക് എത്തിനിൽക്കുമ്പോൾ സിത്താര അനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ചും സിത്താര പങ്കുവെക്കുകയുണ്ടായി…