അവസാന കാലത്ത് കുറച്ച് സിനിമകൾ നഷ്ടപ്പെട്ടുവെന്ന് കരുതി അച്ഛന് എന്ത് സംഭവിക്കാനാണ്; ‘പക്ഷെ അച്ഛന്റെ ആഗ്രഹം അതായിരുന്നു ; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ !
മലയാളത്തിന്റെ പ്രിയ നടനായിരുന്നു തിലകൻ . കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ ’തിലക’ക്കുറി ഓർമ്മകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട്. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതൻ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നു. 2012 സെപ്തംബർ 24 നായിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്.
മോഹന്‍ലാല്‍-തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു ഓരോ ചിത്രങ്ങളും.
കിരീടത്തിലെ അച്യുതൻ നായർ, സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസിൽ ജീവിക്കുന്നു.
ഒപ്പം നെഗറ്റീവ്, കോമഡി വേഷങ്ങളും തിലകന്റെ കൈകളിൽ ഭദ്രമായിരുന്നു. മലയാള സിനിമയിൽ നിന്ന് തന്നെ അവസാന കാലത്ത് വിലക്കുകൾ നേരിടേണ്ടി വന്നിട്ടുള്ള നടൻ കൂടിയാണ് തിലകൻ. അതിന്റെ പേരിൽ ചില സിനിമകളിൽ നിന്നും തിലകനെ മാറ്റി നിർത്തുകയും ചെയ്തിരുന്നു.
ആ സംഭവത്തെ കുറിച്ച് തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘അദ്ദേഹത്തിനെ നഷ്ടമായത് അടുത്ത തലമുറയ്ക്കാണ്. അദ്ദേഹത്തിന് അവസരം നിഷേധിച്ചത് തെറ്റാണ്. അവസാന കാലത്ത് കുറച്ച് സിനിമകൾ നഷ്ടപ്പെട്ടുവെന്ന് കരുതി അച്ഛന് എന്ത് സംഭവിക്കാനാണ്.’
ഒരു രോമം പറിച്ച് കളയുന്നത് പോലയെയുള്ളൂ അച്ഛനെ സംബന്ധിച്ചിടത്തോളം. അച്ഛൻ എന്തോരം കഥാപാത്രങ്ങൾ ചെയ്ത് വെച്ചിരിക്കുന്നു. വീട്ടിലിരിക്കുന്ന അവാർഡുകൾ അതിന്റെ തെളിവാണ്.’
‘പക്ഷെ അച്ഛന്റെ ആഗ്രഹം ഇത് അടുത്ത തലമുറയ്ക്ക് നൽകണമെന്നായിരുന്നു. അവർക്കുള്ള അവസര നിഷേധമാണ് ഉണ്ടായത്. അതിനെതിരെ മാത്രമാണ് ഞാനും ഫൈറ്റ് ചെയ്തിട്ടുള്ളത്. അല്ലാതെ ഒരിക്കലും എനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതിൽ ഞാൻ പ്രതിഷേധിച്ചിട്ടില്ല’ ഷമ്മി തിലകൻ പറഞ്ഞു.