വിനയൻ അടക്കമുള്ള സംവിധായകരുടെ സിനിമ ലെക്കേഷനുകളിൽ നിന്ന് തനിക്ക് ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ട് ; കാരണം വെളിപ്പെടുത്തി നടി സീനത്ത്!
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് നടി സീനത്ത്. അഭിനയിച്ച് തുടങ്ങിയ കാലം മുതൽ തന്റെ പ്രായത്തേക്കാൾ വളരെയേറെ വലിപ്പമുള്ള കഥാപാത്രങ്ങളാണ് സീനത്തിനെ തേടി എത്തിയത്. എന്നാൽ അവയെല്ലാം തന്നെ ഈ കലാകാരിയുടെ കൈയിൽ ഭദ്രമായിരുന്നു. നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തിയ തന്റെ ജീവിതവും അതീവ നാടകീയത നിറഞ്ഞതായിരുന്നെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് .
വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടി ഇന്നും അഭിനയത്തിൽ സജീവമായി തുടരുകയാണ്. നാടകങ്ങളിലൂടെയായിരുന്നു സീനത്തിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇളയമ്മ നിലമ്പൂര്‍ ആയിഷയുടെ പിന്തുണയോടെയാണ് നാടകത്തിലേക്ക് എത്തുന്നത്.
ചില സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും സീനത്ത് പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം, തന്റെ തുടക്കകാലത്തും സിനിമയിൽ സജീവമായി വരുന്ന സമയത്തും പല കാരണങ്ങളാൽ വിനയൻ അടക്കമുള്ള സംവിധായകരുടെ സിനിമ ലെക്കേഷനുകളിൽ നിന്ന് തനിക്ക് ഇറങ്ങി പോരേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സീനത്ത്. അമൃത ടിവിയുടെ റെഡ് കർപ്പറ്റ് എന്ന പരിപാടിയിലാണ് താരം മനസ് തുറന്നത്.
ജോർജ് കുട്ടി കെയർ ഓഫ് ജോർജ്ജുകുട്ടി എന്ന ജയറാം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോരാനുണ്ടായ സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വിനയൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഉൾപ്പെടെ ഇറങ്ങി പോന്നതിനെ കുറിച്ച് സംസാരിച്ചത്. സീനത്തിന്റെ വാക്കുകൾ ഇങ്ങനെ.
‘ജോർജ് കുട്ടി കെയർ ഓഫ് ജോർജ്ജുകുട്ടി എന്ന സിനിമയിലേക്ക് വിളിച്ചു ഞാൻ പോകുകയും ചെയ്തു. അന്ന് ഹോട്ടൽ മഹാറാണിയിലാണ് ആർട്ടിസ്റ്റുകൾ എല്ലാം ഉണ്ടായിരുന്നത്, അവിടെ നിന്നുമായിരുന്നു മേക്കപ്പ് കഴിഞ്ഞ ശേഷം ലൊക്കേഷനിലേക്ക് പോകുക, അന്ന് എനിക്ക് രഞ്ജിത്തിനെയോ ഹരിദാസിനെയോ അറിയില്ലായിരുന്നു.’
ലൊക്കേഷനിൽ ചെന്നപ്പോൾ എന്നോട് കഥ പറഞ്ഞു, അതിൽ എന്റെ അനുജത്തിയായി പറഞ്ഞത് ഉണ്ണിമേരി എന്ന നടിയെ ആയിരുന്നു. ആ സമയത്ത് ഉണ്ണിമേരി നല്ല രീതിയിൽ തടിച്ച വ്യക്തിയായിരുന്നു. അങ്ങനെ ഞാൻ ഉണ്ണിമേരിയുടെ ചേച്ചിയായി ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എന്നിട്ട് ഞാൻ ലൊക്കേഷനിൽ നിന്നും ഇറങ്ങി പോരുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് രഞ്ജിത്തിനെ കാണുന്നത്. അന്ന് ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു.’
‘വീണ്ടും ഞാൻ ഇത് ആവർത്തിച്ചിട്ടുണ്ട്. ദിലീപ്, ഖുശ്‌ബു ഒക്കെ അഭിനയിച്ച മാനത്തെ കൊട്ടാരം എന്ന ചിത്രത്തിൽ ആയിരുന്നു. 20 ദിവസത്തെ ഡേറ്റ് ആണ് വാങ്ങിയത്. ഖുശ്‌ബുവിന് ഒപ്പമാണ് നല്ല കഥാപാത്രം ആണെന്ന് ഒക്കെയാണ് പറഞ്ഞത്. അങ്ങനെ എറണാകുളത്ത് ഷൂട്ടിന് ചെന്നു. സാരിയൊക്കെ തന്നു. അപ്പോഴൊക്കെ ഞാൻ ചോദിക്കുന്നുണ്ട് എന്റെ റോൾ എന്താണെന്ന് ഒക്കെ. സെറ്റിൽ എല്ലാം റെഡിയാണ്. ഡയറക്ടർ വന്നിട്ട് കഥ പറഞ്ഞു തരുമെന്ന് പറഞ്ഞു.’
ഡയറക്ടർ വന്നു എന്നോട് സിനിമ താരമായി എത്തുന്ന ഖുശ്ബുവിന്റെ മാനേജർ ആണെന്ന് പറഞ്ഞു. ഞാൻ ചോദിച്ചു ആയ ആണോന്ന്. എന്റെ കഥാപാത്രം മാനേജർ ആണെന്ന് സംവിധായകൻ പറഞ്ഞു. കാറിൽ ഖുശ്ബുവിന് മുന്നേ വന്ന് ഇറങ്ങുന്നത് മാനേജർ ആയിരിക്കും ആളുകൾ കയ്യടിക്കും എന്നായി അദ്ദേഹം. ഞാൻ പറഞ്ഞു, ഖുശ്‌ബുവിനെ പ്രതീക്ഷിക്കുമ്പോൾ ഞാൻ ചെന്ന് ഇറങ്ങിയാൽ കൂവൽ ആയിരിക്കും. ഇതും പറഞ്ഞ് വച്ചിരുന്ന വിഗ്ഗും മാറ്റി അവിടെ നിന്ന് ഇറങ്ങി. ഇത് ഭയങ്കര ചർച്ചയായി. അപ്പോൾ ആൽവിൻ ആന്റണി എന്നെ വിളിച്ചു ചെയ്തത് ശെരിയായില്ല എന്നൊക്കെ പറഞ്ഞു. എനിക്ക് അത് മോശമായി തോന്നിയില്ല. എന്ത് ചെയ്യണമെന്ന് ഞാൻ ആണ് തീരുമാനിക്കുന്നതെന്ന് പറഞ്ഞു. സിനിമ ഇറങ്ങിയപ്പോൾ ആ കഥാപാത്രത്തിന് കൂവൽ ആയിരുന്നു,’
‘പിന്നീട് വിനയന്റെ ആകാശ ഗംഗയിലാണ് ഇങ്ങനെ ഉണ്ടായത്. ഞാൻ കുഞ്ഞുമായി ചെന്നപ്പോൾ എനിക്ക് റൂം ഉണ്ടായിരുന്നില്ല. റൂം ചോദിച്ചു എങ്കിലും കിട്ടാതെ വന്നതോടെ അവിടെ നിന്ന് ഇറങ്ങി. വിനയൻ സാർ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു. കുറച്ചു എത്തിയപ്പോൾ എനിക്ക് കുറ്റബോധം തോന്നി. ഞാൻ വിനയേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. ഞാൻ ഇറങ്ങി പോന്നു. എന്ത് ചെയ്യണമെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു, എന്തായാലും പോയില്ലേ, ഇനി കുഴപ്പമില്ലെന്ന്. പിന്നെ ഒരു സിനിമയിലേക്കും എന്നെ വിളിച്ചില്ല. അവസാനം ഒരു പടത്തിൽ വിളിച്ചെങ്കിലും എനിക്ക് പോകാൻ കഴിഞ്ഞില്ല,’ സീനത്ത് പറഞ്ഞു.