News
പെണ്ണ് കാണാൻ പോകുന്നതിനു തലേന്നാണ് മിയ എന്ന സിനിമാ നടിയെയാണ് കാണാൻ പോകുന്നതെന്ന് അറിയുന്നത്; വിവാഹ ശേഷം സിനിമ എന്ന പതിവ് ചോദ്യം; മിയയുടെ ജീവിതാനുഭവങ്ങളിലൂടെ…!
പെണ്ണ് കാണാൻ പോകുന്നതിനു തലേന്നാണ് മിയ എന്ന സിനിമാ നടിയെയാണ് കാണാൻ പോകുന്നതെന്ന് അറിയുന്നത്; വിവാഹ ശേഷം സിനിമ എന്ന പതിവ് ചോദ്യം; മിയയുടെ ജീവിതാനുഭവങ്ങളിലൂടെ…!
മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് മിയ ജോർജ്. മിനിസ്ക്രീനില്‍ നിന്ന് ബിഗ് സ്ക്രീനിലെത്തിയ മിയ അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയാകുന്നത്. 2010ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ മിയയെ തേടി എത്തുകയായിരുന്നു. മലയാള സിനിമയിലെ പവര്‍ഫുള്‍ നായികമാരില്‍ ഒരാളാണ് മിയ. ശക്തമായ കഥാപാത്രങ്ങളെയായിരുന്നു നടി അധികവും സ്ക്രീനില്‍ അവതരിപ്പിച്ചത്. മലയാളം കൂടാതെ തമിഴിലും സജീവമാണ് മിയ.
ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനെക്കുറിച്ചും കുട്ടിക്കാല അനുഭവങ്ങളുമൊക്കെ പങ്കുവച്ചിരിക്കുകയാണ് മിയ ജോര്‍ജ്.
ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മിയ മനസ് തുറന്നത്.
മിയയുടെ യഥാര്‍ത്ഥ പേരെന്തായിരുന്നു എന്ന് അവതാരകനായ ശ്രീകണ്ഠന് ചോദിക്കുന്നുണ്ട്. ജിമി ജോര്‍ജ്. ജിമി എന്ന പേര് എല്ലാവരും തെറ്റിച്ചു പറയുന്നത് കൊണ്ട് മിയ എന്ന വിളിക്കാന്‍ എളുപ്പമുള്ള പേര് വിളിക്കുകയായിരുന്നുവെന്നാണ് മിയ പറയുന്നത്. മിയ എന്ന പേര് വച്ചതോടെ തന്നെ ചിലര്‍ മ്യാവു മ്യാവു എന്ന് കളിയാക്കാറുണ്ടെന്നും മിയ പറയുന്നു.
പാല വിട്ട് എറണാകുളത്ത് വന്നപ്പോള്‍ ഷൂട്ടും കാര്യങ്ങളുമൊക്കെ എളുപ്പമായിട്ടുണ്ട്. പഠിത്തവും കോളേജുമൊക്കെ പാലയില്‍ തന്നെയായിരുന്നു. ഷൂട്ടിംഗ് വരുമ്പോള്‍ എറണാകുളം വരെ വരണമായിരുന്നു. ഇപ്പോള്‍ കെട്ടിച്ച് വിട്ടത് എറണാകുളത്ത് ആയതുകൊണ്ട് ഷൂട്ടിന് പോകുന്നതൊക്കെ ഈസിയായിട്ടുണ്ടെന്നാണ് മിയ പറയുന്നത്.
കല്യാണം കഴിഞ്ഞതോടെ അഭിനയം വിട്ടിട്ടില്ല. പെണ്ണുകാണാന്‍ വന്നപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചിരുന്നു അഭിനയം തുടരണമെന്നാണ്, എന്താണ് അഭിപ്രായമെന്ന്. കുറേ കാലങ്ങളായി ചെയ്യുന്നതല്ലേ, തുടര്‍ന്നോളൂ, നോ പ്രോബ്ലം എന്നായിരുന്നു പറഞ്ഞതെന്നും മിയ പറയുന്നു.
കല്യാണം കഴിഞ്ഞ ഉടനെ ലോക്ക്ഡൗണ്‍ ആയതിനാല്‍ പണിയൊന്നുമുണ്ടായിരുന്നില്ല. അതേസമയം വിവാഹത്തിന് മുമ്പ് ഭര്‍ത്താവ് അശ്വിന് മിയയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ശ്രീകണ്ഠന് നായര്‍ ചോദിക്കുന്നുണ്ട്. സിനിമ കണ്ടിട്ടുണ്ട് പുള്ളി. കാണാന്‍ വരുന്നതിന്റെ തലേന്നാണ് മിയ എന്ന നടിയെയാണ് കാണാന്‍ പോകുന്നതെന്ന് അറിയുന്നത്. അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു. പക്ഷെ പറഞ്ഞിരുന്നില്ല. അശ്വിന് ഡ്രൈവിംഗ് ലൈസന്‍സ് ഒക്കെ കണ്ടിരുന്നു. പക്ഷെ കാര്യമാക്കിയിരുന്നില്ലെന്നും മിയ പറയുന്നു.
പൊതുവെ പാലായില്‍ ഉള്ളവരൊക്കെ നന്നായി സംസാരിക്കുന്നവരും നല്ല ഒച്ചയുണ്ട്. വായാടിയെന്ന പേര് ചിലയിടുത്തു നിന്നൊക്കെ കിട്ടിയിട്ടിട്ടുണ്ട്. പക്ഷെ തിരിച്ച് നല്ല പ്രതികരണം കിട്ടുന്ന ആള് വേണം. അല്ലാത്തവരുടെയടുത്ത് സംസാരിച്ച് നില്ക്കാന് ഒരു വായാടിയ്ക്കും സാധിക്കില്ല. അശ്വിന് നല്ല കേള്‍വിക്കാരനാണ്.
ഞാന്‍ പറയുന്നതൊക്കെ കേള്‍ക്കും. അത്ര സംസാരപ്രിയനല്ല. പുള്ളിക്കും കൂടിയുള്ളത് ഞാന്‍ പറയുന്നുണ്ട്. ഉപകാരം എന്താണെന്ന് വച്ചാല്‍, മിണ്ടിക്കൊണ്ടിരിക്കെ മതി നിര്‍ത്തെന്ന് പറയില്ല. ആകെ പറയുന്നത് ഇച്ചിരി ഒച്ച കുറച്ച് പറയാം എനിക്ക് കേള്‍ക്കാം എന്ന് മാത്രമാണെന്നും മിയ പറയുന്നു.
ഞാന്‍ എപ്പോഴും ഒച്ചയില്‍ സംസാരിക്കുന്നയാളാണ്. നല്ല ഒച്ചയില്‍ പറഞ്ഞില്ലെങ്കില്‍ തൃപ്തി വരില്ല. ഒരു ഗുമ്മ് കിട്ടില്ലെന്നാണ് തന്റെ സംസാരശീലത്തെക്കുറിച്ച് മിയ പറയുന്നത്.
കുടുംബത്തില്‍ അഭിനയത്തോട് അങ്ങനെ താല്‍പര്യമുള്ളവരൊന്നുമുണ്ടായിരുന്നില്ല. ഡാന്‍സും പാട്ടുമൊക്കെയായിരുന്നു. പഠിക്കുമ്പോള്‍ യൂത്ത് ഫെസ്റ്റിവലിലൊക്കെ പങ്കെടുക്കുമായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, തിരുവാതിര, ഗ്രൂപ്പ് ഡാന്‍സ് അങ്ങനെ എല്ലാത്തിനും ചേരുമായിരുന്നു. എന്നേക്കാള്‍ ആവേശത്തോടെ അമ്മ എന്നെ പുഷ് ചെയ്ത് വിടുമായിരുന്നുവെന്നും മിയ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നു.
പിന്നാലെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് മോഹിനിയാട്ട മത്സരത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് മിയ മനസ് തുറക്കുകയാണ്.
മോഹിനിയാട്ടം മത്സരത്തിനിടെ കൈവിട്ടു പോയിരുന്നു. ഇപ്പോഴും എനിക്ക് അത്ഭുതമുള്ള സംഭവമാണ്. പാളിപ്പോയതാണ്, പക്ഷെ രക്ഷപ്പെട്ടു. ഒമ്പതിലോ പത്തിലോ പഠിക്കുന്ന സമയമാണ്. കോട്ടയം ജില്ല കലോത്സവം നടക്കുകയാണ്. പാലയില്‍ വച്ച് തന്നെയാണ് നടക്കുന്നത്. കുറേ മത്സരാര്‍ത്ഥികള്‍ ഉണ്ടാകുമ്പോള്‍ ലോട്ടിട്ടാണ് ആദ്യം കളിക്കുന്നത് ആരാണെന്ന് തീരുമാനിക്കുക. പക്ഷെ ഒന്നാമത് കളിക്കാന്‍ ആര്‍ക്കും താല്പര്യമില്ല. പേടി പോലെയാണ്. ആര്‍ക്കും ഒന്നാമത് കളിക്കാന്‍ ഇഷ്ടമല്ല.
ലോട്ട് ഇട്ടപ്പോള്‍ കറക്ട് ഒന്ന് ഞാന്‍. അപ്പോഴെ മനസ് ഡൗണ്‍ ആയി. അതിനിപ്പോ എന്താ, എപ്പോഴാണെങ്കിലും കളിക്കണ്ടേയെന്ന് ചോദിച്ച് മമ്മി എന്നെ മോട്ടിവേറ്റ് ചെയ്ത് കേറ്റി വിട്ടു. ഞാന്‍ കയറി. കളിച്ചു തുടങ്ങി. ആ സമയവും മനസില്‍ ചിന്ത നേരത്തേതായിരുന്നു. സാര്‍ പഠിപ്പിച്ചു തന്ന സ്റ്റെപ്പുകളൊക്കെ കളിക്കുന്നുണ്ടായിരുന്നെങ്കിലും അതിനൊക്കെ വൃത്തിക്കുറവുണ്ടെന്ന് എനിക്ക് തന്നെ മനസില്‍ തോന്നിയിരുന്നു. കയ്യില്‍ നിന്നും പോയി. പോരാ എന്ന ഫീല്‍, പക്ഷെ നന്നാക്കാനും പറ്റുന്നില്ല.
കളിച്ച് മുക്കാല്‍ ഭാഗമായപ്പോഴേക്കും കറന്റ് പോയി, പാട്ടു നിന്നു. അതൊരു സാങ്കേതിക പിഴവായിരുന്നു. അത് അവരുടെ പിഴവാണ്. നമ്മുടെ പിഴവല്ല. അതിനാല്‍ രണ്ടാമതൊരു അവസരം തരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഉടനെ അമ്മയും സ്കൂളിലെ ടീച്ചേഴ്സുമൊക്കെ വന്നു. നിങ്ങളുടെ പ്രശ്നമാണ്, കുട്ടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു. അങ്ങനെ ചാന്‍സ് നീട്ടികിട്ടി. ഈ സമയം എനിക്ക് ഓറഞ്ച് ജ്യൂസ് ഒക്കെ തന്നു. അങ്ങനെ റിലാക്സ് ആയി. ഒടുവില്‍ കളിച്ചു, എനിക്ക് ഫസ്റ്റും കിട്ടി – മിയ പറഞ്ഞു.
about miya
