News
ജൂനിയര്‍ എന്‍ടിആര്‍ ബിജെപിയിലേയ്ക്ക്…, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും
ജൂനിയര്‍ എന്‍ടിആര്‍ ബിജെപിയിലേയ്ക്ക്…, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും
നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള തെലുങ്ക് യുവ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. ഇപ്പോഴിതാ അദ്ദേഹം ബിജെപിയിലേയ്ക്ക് എത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ജൂനിയര്‍ എന്‍ടിആര്‍ കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡില്‍ പ്രചാരണം നടത്താനായി ഹൈദരാബാദില്‍ എത്തിയതാണ് അമിത് ഷാ. ബിജെപി മിഷന് സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നത്.
അമിത് ഷായ്ക്കൊപ്പമുള്ള അത്താഴവിരുന്നിലേക്ക് തെലങ്കാനയിലെ പ്രമുഖ വ്യക്തിതത്വങ്ങളെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. ഈ കൂട്ടത്തില്‍ ടോളിവുഡിലെ ജനപ്രിയ നടനായ ജൂനിയര്‍ എന്‍ടിആറും ഉണ്ടെന്നാണ് സൂചന. അമിത് ഷായെ കാണാന്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദര്‍ റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ആര്‍ആര്‍ആര്‍ എന്ന ചിത്രം വന്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം, പ്രദര്‍ശനം തുടങ്ങി 150 ദിവസം പിന്നിടുമ്പോഴും ആര് ആര് ആര് യു എസിലെ ഒരു തിയേറ്ററില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘യു എസിന് നന്ദി. ഇത് ആര് ആര് ആറിന്റെ 150ാം ദിവസമാണ്, ലോകം മുഴുവന്‍ ഞങ്ങളോടൊപ്പം സിനിമ കണ്ട് ആസ്വദിക്കുകയാണ്. എല്ലാത്തിനും മേലെ സ്നേഹം നിറയുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഈ അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ച സിനിമയില്‍ ആര് ആര് ആറിന്റെ സ്ഥാനം ഒന്നാമതാണ്. അത് 1150 കോടി ബോക്സ് ഓഫീസ് കളക്ഷനില്‍ നിന്ന് തന്നെ ബോധ്യമാണ്. തിയേറ്ററില്‍ നിന്ന് ഒടിടിയിലേക്ക് കയറിയപ്പോഴും പ്രേക്ഷക ശക്തി വീണ്ടും കൂടുകയാണ് ചെയ്തത്.
