നഞ്ചിയമ്മയുടെ പാട്ടിന്റെ രാഗം ഏതാണെന്ന് പറയാമോ ? വിമർശകരെ വെല്ലുവിളിച്ച് അല്‍ഫോന്‍സ് പുത്രന്‍ !
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ രംഗത്ത് . നഞ്ചിയമ്മ പാടിയ രാഗം തനിക്കറിയാമെന്നും എന്നാല്‍ അവര്‍ പാടിയ പാട്ടിന്റെ രാഗം വിമര്‍ശകര്‍ക്ക് അറിയില്ലെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. അവര്‍ പുരസ്‌കാരത്തിന് അര്‍ഹയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കര്‍ണാട്ടികിനേക്കാള്‍ പഴക്കമുള്ള പാന്‍ സംഗീതമാണ് അവര്‍ പാടിയിരിക്കുന്നത്. ഏത് രാഗമാണ് ആ ഗാനമെന്ന് പറയാന്‍ വിമര്‍ശകരെ താന്‍ വെല്ലുവിളിക്കുകയാണെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പ്
ദേശീയ പുരസ്‌കാരത്തിന് നഞ്ചിയമ്മ അര്‍ഹയാണ്. അവരുടെ സംഗീതത്തെ തിരിച്ചറിയാതെ അവരെ എതിര്‍ക്കുന്നവര്‍ക്ക് എതിരാണ് ഞാന്‍. ചലച്ചിത്ര സംഗീതത്തിലെ ഒരു വിഭാഗം മാത്രമാണ് കര്‍ണാടിക് സംഗീതം. പഴയകാലം മുതല്‍ ഇപ്പോള്‍ വരെയുള്ള വിവിധ വിഭാഗത്തിലുള്ള സംഗീതത്തെ സിനിമാ ഗാനങ്ങളില്‍ ഉള്‍പ്പെടുത്താം. അതുകൊണ്ട് നഞ്ചിയമ്മയെ വിമര്‍ശിക്കുന്നവര്‍ അതിന് അര്‍ഹരല്ലെന്ന് മനസിലാക്കണം. നഞ്ചിയമ്മ പാടിയ രാഗം എനിക്കറിയാം. അവര്‍ പാടിയ പാട്ടിന്റെ രാഗം വിമര്‍ശകര്‍ക്ക് അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ പാട്ടിന്റെ സംഗീത സംവിധാനവും ഗാനരചയിതാവും ഗായികയുമെല്ലാം നഞ്ചിയമ്മ തന്നെയാണ്. ജേക്‌സ് ഈ പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി.
അതുകൊണ്ട് കര്‍ണാടിക് സംഗീതത്തില്‍ മാത്രം അറിവുള്ള ഒരാള്‍ക്ക് നഞ്ചിയമ്മയെ വിലയിരുത്താന്‍ സാധിക്കില്ല. കര്‍ണാട്ടികിനേക്കാള്‍ പഴക്കമുള്ള പാന്‍ സംഗീതമാണ് നഞ്ചിയമ്മ പാടിയിരിക്കുന്നത്. ഏത് മേളകര്‍ത്താ രാഗമാണ് ആ ഗാനമെന്ന് പറയാന്‍ വിമര്‍ശകരെ ഞാന്‍ വെല്ലുവിളിക്കുന്നു. ഇളയരാജ സാര്‍, എ ആര്‍ റഹ്‌മാന്‍ സാര്‍, ശരത് സാര്‍, തുടങ്ങിയ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇത് അറിയൂ എന്ന് ഉറപ്പുണ്ട്. പാട്ടില്‍ പ്രവര്‍ത്തിച്ച ആളായത് കൊണ്ട് ജേക്‌സിന് ആ രാഗം അറിയാം. ഏതാനും സംഗീതാസ്വാദകരോ അധ്യാപകരോ ഉത്തരം പറഞ്ഞേക്കാം. ദേശീയ അവാര്‍ഡ് ജൂറിയില്‍ അഭിമാനിക്കുന്നു, നഞ്ചിയമ്മയെയും സച്ചി ഏട്ടനെയും അയ്യപ്പനും കോശിയും ടീമിനെയും ഓര്‍ത്ത് അഭിമാനിക്കുന്നു.
