Malayalam
നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പ്രചാരണം! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് സത്യാവസ്ഥപറഞ്ഞ് സംവിധായകന്‍
നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പ്രചാരണം! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് സത്യാവസ്ഥപറഞ്ഞ് സംവിധായകന്‍
മിമിക്രി വേദികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നോബി മാര്‍ക്കോസ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേയ്ക്ക് താരം കടന്നുവരുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ താരത്തിനായി.
ഹോട്ടല്‍ കാലിഫോര്‍ണിയ, പുലിമുരുകന്‍, ഇതിഹാസ, നമസ്‌തേ ബാലി, ഷീ ടാക്‌സി, മാല്‍ഗുഡി ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലെയും നിറ സാന്നിധ്യമാണ് നോബി. കൂടാതെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട് നോബി.
ഇപ്പോഴിതാ നോബിയുടേതായി പുറത്തെത്തിയ ഒരു വാര്‍ത്തയാണ് ആരാധകരെ നടുക്കിയിരിക്കുന്നത്. പെട്ടെന്ന് കാര്യമെന്തെന്ന് അറിയാതെ ആരാധകരും അങ്കലാപ്പിലായി. കാര്യം അറിയാതെ താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നവരും ഏറെയാണ്. എന്നാല്‍ വാര്‍ത്ത പരന്നതോടെയാണ് സത്യാവസ്ഥ പുറത്തെത്തിയത്.
നടന്‍ നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് പ്രചാരണമാണ് നടക്കുന്നത്. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഡി.കെ ദിലീപ്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ ഡി.കെ ദിലീപ് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. നോബിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് സിനിമയിലെ ചിത്രങ്ങളാണ്. ഇത് തന്നെ പോലെയുള്ള നവാഗത സംവിധായകരോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
നോബി ഇപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് ഇതില്‍ പ്രതികരിക്കാത്തതെന്നും ദിലീപ് പറയുന്നു. അതുമാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പലരും ഇത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണിതെന്നാണ് പറഞ്ഞ് പരത്തുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തി കാണിച്ചവരെ നിയമത്തിന് മുന്നിലെത്തുമ്പോള്‍ മാത്രമേ സത്യം പ്രേക്ഷകര്‍ക്ക് മനസിലാകൂവെന്നും ദിലീപ് പറയുന്നു. ഈ വാര്‍ത്ത ചിത്രത്തിന്റെ നിര്‍മാതാവാണ് തന്നെ അറിയിച്ചതെന്നും നോബി ഈ വിവരം അറിഞ്ഞ് ഏറെ തകര്‍ന്നിരിക്കുകയാണ് എന്നുമാണ് ദിലീപ് പറയുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് കുളപ്പുള്ളി ലീല, വിജയരാഘവന്‍, സലിം കുമാര്‍, ജനാര്‍ദ്ദനന്‍ എന്നിവരെയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ പലരും പലവട്ടം കൊന്നതാണെന്നും ദിലീപ് ഓര്‍മ്മിപ്പിച്ചിരുന്നു. നോബിയ്ക്ക് അച്ഛനും അമ്മയും ഭാര്യയും മക്കളുമുണ്ട്. അവരുടെ മാനസികവാസ്ഥ എന്താണെന്ന് പോലും മനസിലാക്കാതെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും ദിലീപ് പറയുന്നത്.
ഡി.കെ.ദിലീപ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുരുത്തോല പെരുന്നാള്‍’. മിലാ ഗ്രോസ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മടപ്പുര മൂവിസിന്റെ ബാനറില്‍ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, ഹരീഷ് കണാരന്‍ എന്നിവര്‍ക്ക് പുറമെ നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.