പാട്ട്’ ഉപേക്ഷിച്ചിട്ടില്ല, അത് ഒരു പോസ് മോഡിലാണ് ; വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രൻ!
നസ്രിയ, നിവിൻ പോളി എന്നിവരെ നായികാ നായകൻമാരാക്കി മലയാളത്തിലും തമിഴിലും നേരം എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമയിൽ എത്തിയ താരമാണ് അല്‍ഫോണ്‍സ് പുത്രൻ. സാമ്പത്തിക വിജയമായ നേരത്തിനുശേഷം 2015 ൽ നിവിൻ പോളിയെ തന്നെ നായകനാക്കി അൽഫോൻസ് പ്രേമം സംവിധാനം ചെയ്തു. വലിയ ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു പ്രേമം
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുതിയ സിനിമ ‘ഗോള്‍ഡ്’ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജും നയന്‍താരയുമാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോള്‍ഡിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ ഇപ്പോഴിതാ മറ്റൊരു സിനിമയുടെ വിശേഷം കൂടി അല്‍ഫോണ്‍സ് പുത്രന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
അദ്ദേഹം നേരത്തെ പ്രഖ്യാപിച്ച ചിത്രമാണ് ‘പാട്ട്’. ഫഹദിനെ നായകനായി തീരുമാനിച്ചെങ്കിലും ചിത്രം തുടങ്ങിയിരുന്നില്ല. പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാകും സംഗീത സംവിധായകന്‍ എന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഇപ്പോഴിതാ ‘പാട്ട്’ ഉപേക്ഷിച്ചിട്ടില്ല എന്ന വിവരമാണ് അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ചിരിക്കുന്നത്. ‘പാട്ട്’ ഉപേക്ഷിച്ചിട്ടില്ല, അത് ഒരു പോസ് മോഡിലാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്.
യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
