News
നടന്‍ കാര്‍ത്തിയുടെ ഫാന്‍സുകാരെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ; ആറ് ലക്ഷം രൂപ പിഴയിട്ട് മനുഷ്യാവകാശ കമ്മീഷന്‍
നടന്‍ കാര്‍ത്തിയുടെ ഫാന്‍സുകാരെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ; ആറ് ലക്ഷം രൂപ പിഴയിട്ട് മനുഷ്യാവകാശ കമ്മീഷന്‍
തമിഴ് നടന്‍ കാര്‍ത്തിയുടെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ. മനുഷ്യാവകാശ കമ്മീഷനാണ് ആറ് ലക്ഷം രൂപ പിഴയിട്ടത്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കാര്‍ത്തി ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റായ വെങ്കിടേഷും ക്ലബ്ബിലെ മറ്റ് അംഗങ്ങളും ആക്രമണത്തിന് ഇരയായത്. ആറ് വര്‍ഷം മുന്‍പു നടന്ന സംഭവത്തിലാണ് വിധി.
തൂത്തുക്കുടി ബസ് സ്റ്റാന്റിന് സമീപം സിനിമാ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു വെങ്കിടേഷും ക്ലബ്ബിലെ മറ്റ് അംഗങ്ങളും. കാര്‍ത്തിയുടെ ‘തോഴാ’ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു ക്ലബ് അംഗങ്ങള്‍.
പോസ്റ്റര്‍ ഒട്ടിക്കുന്നത് തടഞ്ഞ പൊലീസുകാര്‍ വെങ്കിടേഷിനോട് കൈക്കൂലി ആവശ്യപ്പെടുകയും വിസമ്മതിച്ചതോടെ വെങ്കിടേഷിന്റെ സഹോദരന്മാരായ വെങ്കടക്കൊടി, ശ്രീനിവാസ് എന്നിവരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് ഇവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു.
പൊലീസുകാരുടെ പ്രവര്‍ത്തി മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് വെങ്കടേഷ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി ശരിവച്ച കമ്മീഷന്‍ ഇരകള്‍ക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
തൂത്തുക്കുടി സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന സുരേഷ് കുമാര്‍, എസ് ഐ രവികുമാര്‍, കോണ്‍സ്റ്റബിള്‍ തിരവിയരത്തിരാജ് എന്നിവരില്‍ നിന്നാണ് ഈ തുക ഈടാക്കുക. വെങ്കടക്കൊടിക്ക് അഞ്ചു ലക്ഷം രൂപയും രണ്ട് സഹോദരന്മാര്‍ക്ക് അന്‍പതിനായിരം രൂപ വീതവും നല്‍കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.