ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ; ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം..ഒരു പക്ഷെ കണ്ണ് തുറന്നാലോ അവാര്‍ഡ് വിവാദത്തില്‍ അല്‍ഫോണ്‍സ് പുത്രന്; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു!
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് മുഖ്യവേഷത്തിലെത്തിയ ‘ഹോം’ സിനിമ പരിഗണിക്കപ്പെടാതെ പോയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ആറ് ജോലി ചെയ്തിട്ടും താന്‍ ഉഴപ്പനാണെന്ന് പറഞ്ഞ് പ്രേമം ടീമില്‍ ആര്‍ക്കും അവാര്‍ഡ് ലഭിച്ചില്ലെന്നും ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടേതെന്നും അല്‍ഫോണ്‍സ് പറഞ്ഞു. അതേസമയം കുറിപ്പ് പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം അല്‍ഫോണ്‍സ് പുത്രന് കുറിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
‘ഇന്ദ്രന്‍സേട്ടാ, ഞാന്‍ ആറ് ജോലി ചെയ്തിട്ടും, ഉഴപ്പന് ആണെന്നാണ് അന്ന് അവര്‍ പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന് ആയതു കൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാന്‍ ‘ഗുരു’ സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം..ഒരു പക്ഷെ കണ്ണ് തുറന്നാലോല്ലെ,’ അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധവും ചര്‍ച്ചയും ചൂട് പിടിക്കുകയാണ്. ഹോം സിനിമയെ തഴഞ്ഞ് ജൂറി തീരുമാനത്തിനെതിരെ ഇന്ദ്രന്‍സും സംവിധായകന് റോജിന്‍ തോമസും രംഗത്തെത്തി.
ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്ന് വെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കുടുംബത്തില്‍ ആരെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കുടുംബക്കാരെയെല്ലാം പിടിച്ചുകൊണ്ട് പോവുമോ? അങ്ങനെയാണെങ്കിലും അത് ആരോപണമായി നില്ക്കുകയല്ലേ, അതില്‍ വിധിയൊന്നും വന്നിട്ടില്ലല്ലോ.
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതില്‍ നിരാശയുണ്ട്. അവര്‍ക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
അവാര്‍ഡ് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെന്നും സിനിമ ഇറങ്ങിയപ്പോള്‍ കിട്ടുന്ന പ്രതികരണത്തില്‍ സന്തോഷമുണ്ടായിരുന്നെന്നും തങ്ങളെ സംബന്ധിച്ച് അതാണ് ഏറ്റവും വലിയ അവാര്‍ഡെന്നുമാണ് റോജിന്‍ പറഞ്ഞത്. ജൂറി തീരുമാനമെന്ന് പറയുന്നത് കുറച്ചുപേര്‍ എടുക്കുന്ന തീരുമാനമാണ്. മറ്റുള്ളവരെ ഫീല്‍ ചെയ്യിച്ചതുപോലെ അവരെ ഫീല്‍ ചെയ്യിപ്പിക്കാന്‍ പറ്റാതെ പോയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ദ്രന്‍സിന് മറുപടിയുമായി ജൂറി ചെയര്മാന് സെയ്ദ് മിശ്രയും രംഗത്ത് വന്നിരുന്നു. എല്ലാ ജൂറി മെമ്പര്‍മാരും ഹോം സിനിമ കണ്ടിട്ടുണ്ടെന്നും ഒരു വിഭാഗത്തിലും അവസാനഘട്ടത്തിലേക്ക് ഹോം എത്തിയില്ലെന്നുമാണ് സെയ്ദ് മിര്‍സ പറഞ്ഞത്. ഹോം സിനിമ അവാര്‍ഡിനായി പരിഗണിച്ചില്ലെന്ന നടന് ഇന്ദ്രന്‍സിന്റെ വാദം തെറ്റാണെന്നും സെയ്ദ് മിര്‍സ പറഞ്ഞു.
