ലോകത്തിന്റെ തന്നെ ഏറ്റവും വിലയേറിയ രത്നങ്ങളില്‍ ഒന്ന് ; അല്‍പാച്ചിനോ, റോബര്‍ട്ട് ഡി നീറോ എന്നിവരേക്കാളുംറേഞ്ചുള്ള നടന് മമ്മൂട്ടിയെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന് പറയുന്നു !
ഹോളിവുഡ് താരങ്ങളേക്കാള്‍ മുകളിലാണ് മമ്മൂട്ടിയെന്ന് അല്‍ഫോണ്‍സ് പുത്രന്. ഭീഷ്മ പര്‍വം എന്ന സിനിമയെക്കുറിച്ച് അല്‍ഫോണ്‍സ് എഴുതിയ ഒരു കുറിപ്പിന് ഒരു മമ്മൂട്ടി ആരാധകന് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അതിന് മറുപടിയായാണ് ഹോളിവുഡ് താരങ്ങളായ അല്‍ പാച്ചിനോ, റോബര്‍ട്ട് ഡി നീറോ, ക്ലിന്റ് ഈസ്റ്റ് വുഡ് എന്നിവരുമായി മമ്മൂട്ടിയെ താരതമ്യം ചെയ്ത് അല്‍ഫോണ്‍സ് പുത്രന് രംഗത്തെത്തിയത്.
ഭീഷ്മ പര്‍വ്വം മഹത്തരമായ ഒരു കലാസൃഷ്ടിയാണ് . ചിത്രത്തിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂവിന് ബഹുമാനവും സ്നേഹവും. അമല്‍ നീരദും ഛായാഗ്രാഹകന്‍ ആനന്ദ് സി. ചന്ദ്രനും സൃഷ്ടിച്ച ലുക്കും ഫീലും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.’ ഭീഷ്മപര്‍വത്തെ അഭിനന്ദിച്ചുകൊണ്ടു അല്‍ഫോന്‍സ് പുത്രന് കുറിച്ചു. ആരാധകര്‍ ഉള്‍പ്പടെ നിരവധിപേര്‍ അല്‍ഫോന്‍സിന്റെ കമന്റില്‍ പ്രതികരണങ്ങളുമായി എത്തി.
രാജേഷ്ബാബു രാമലിംഗം എന്ന തമിഴ് ആരാധകന്റെ കമന്റ് മമ്മൂട്ടിയെക്കുറിച്ചായിരുന്നു. ‘സര്, ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മമ്മൂട്ടി സര്. ഓരോ സിനിമയിലും കഥാപാത്രത്തിന് ജീവനും ആത്മാവും നല്കുന്ന അപൂര്‍വം നടന്മാരില് ഒരാള്‍. സ്റ്റാര്‍ഡം ഇല്ലാത്ത അദ്ഭുത മനുഷ്യന്. മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും’. ഇതിനു മറുപടിയായി അല്‍ഫോണ്‍സ് പുത്രന് കുറിച്ചാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകര്‍ ഏറ്റെടുക്കുന്നത്.
‘ക്ലിന്റ് ഈസ്റ്റ്വുഡിനേക്കാളും റോബര്‍ട്ട് ഡി. നിറോയേക്കാളും ആല്‍പച്ചീനോയേക്കാളും ഏറെ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്നു ഞാന്‍ കരുതുന്നു. എന്റെ അഭിപ്രായത്തില്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇന്ത്യയുടെയും മാത്രമല്ല ലോകത്തിന്റെ തന്നെ ഏറ്റവും വിലയേറിയ രത്നങ്ങളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹം ശരിക്കും ഒരു രാജമാണിക്യം തന്നെയാണ്.’-അല്‍ഫോന്‍സ് മറുപടിയായി കുറിച്ചു.
