ഈ കാണുന്നപോലെ അല്ല ഞാൻ , ശരിക്കും ഇങ്ങനെയാണ് , പക്ഷേ കുടുംബത്തിലുള്ളവര്‍ക്കേ അത് അറിയൂ: വെളിപ്പെടുത്തി മഹേഷ് ബാബു !
ടോളിവുഡിലെ ജനപ്രിയ നടന്മാരില് ഒരാളാണ് മഹേഷ് ബാബു. തെലുങ്ക് സിനിമകളില്‍ മാത്രമേ താരം അഭിനയിക്കുന്നുള്ളൂവെങ്കിലും മറ്റ് ഭാഷകളിലും മഹേഷ് ബാബുവിന് ആരാധകര്‍ ഏറെയാണ് . തന്റെ തെലുങ്ക് സിനിമയോടുള്ള പ്രേമം എല്ലായ്പ്പോഴും താരം പ്രകടിപ്പിക്കാറുണ്ട്. അടുത്തിടെ താന്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ മഹേഷ് ബാബുവിന്റെ പ്രതികരണത്തെ സിനിമാലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്.
മഹേഷ് ബാബു നായകനായെത്തുന്ന സര്‍ക്കാരു വാരി പാട്ട എന്ന പുതിയചിത്രം 100 കോടി കളക്ഷനും കടന്ന് കുതിയ്ക്കുകയാണ്. ഗീതാഗോവിന്ദം എന്ന സിനിമയ്ക്കു ശേഷം പരശുറാം പെട്ല സംവിധാനം ചെയ്ത ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായി അഭിനയിക്കുന്നത്. എസ്.തമീനാണ് സംഗീതസംവിധാനം. സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മെയ് 12-ന് തീയറ്റര്‍ റിലീസായാണ് ചിത്രം ലോകമെമ്പാടും പുറത്തിറങ്ങിയത്.
ഇപ്പോള്‍ തന്നെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് മാത്രം അറിയുന്ന ഒരു രഹസ്യം പുറത്തുപറയുകയാണ് താരം. താന്‍ വളരെ രസികനും നന്നായി തമാശ പറയുന്നയാളുമെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് മഹേഷ് ബാബു ഇക്കാര്യം പറഞ്ഞത്. തമാശ പൊട്ടിയ്ക്കാനും കുഞ്ഞ് കളിയാക്കലുകള്‍ നടത്താനുമൊക്കെ വളരെ ഇഷ്ടമാണ്.
പക്ഷെ, കുടുംബത്തിലുള്ളവര്‍ക്കേ ഇതറിയൂ. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിനൊപ്പം പുറത്തുപോകാനും വ്യത്യസ്തമായ വിഭവങ്ങള്‍ കഴിച്ചുനോക്കാനും വളരെയേറെ താത്പര്യമുണ്ട്. ദക്ഷിണേന്ത്യന്‍ ഭക്ഷണം കഴിയ്ക്കാനാണ് ഇഷ്ടം.
പക്ഷെ, കടല്‍ വിഭവങ്ങളോട് അത്ര താത്പര്യമില്ല.’ മഹേഷ് ബാബു പറയുന്നു.മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള നടി നമ്രത ശിരോദ്കറാണ് മഹേഷ് ബാബുവിന്റെ ഭാര്യ. പ്രമുഖ തെലുങ്ക് നടനായ കൃഷ്ണയുടെ മകനായ മഹേഷ് ബാബു തന്റെ നാലാം വയസ്സിലാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്.പാരമ്പര്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചാണ് താരം തെലുങ്ക് സിനിമയില്‍ എത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല അദ്ദേഹത്തിന്റെ സിനിമയിലെ ആദ്യ നാളുകള്‍.
പാരമ്പര്യത്തിനും അപ്പുറം കഴിവാണ് സിനിമയില്‍ പ്രാധാന്യം എന്ന് തിരിച്ചറിഞ്ഞ മഹേഷ് ബാബു തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി വളരുകയായിരുന്നു. ഒക്കാടു, അത്താടു, പോക്കിരി, ദൂക്കുദു, ബിസിനസ്മാന് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മഹേഷ് ബാബു ജനശ്രദ്ധ നേടിയത്.
