ഒരു ബന്ധം നിലനിർത്താൻ തനിക്ക് പ്രത്യേക നിബന്ധനകളില്ല; ആ ഒരൊറ്റ ആഗ്രഹം മാത്രം; വെളിപ്പെടുത്തലുകളുമായി ശോഭിത ധൂലിപാല!!
By
തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. നാലാം വിവാഹ വാര്‍ഷികത്തിന് 5 ദിവസം ബാക്കി നില്‍ക്കെയായിരുന്നു വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് താര ദമ്പതികള്‍ പ്രഖ്യാപിച്ചത്.
സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നതായി സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് അവതരിപ്പിച്ചത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് മുന്‍കൈയ്യെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അത്രമാത്രം ആഘോഷിക്കപ്പെട്ട താര ദമ്പതികളായിരുന്നു സമാന്തയും നാഗ ചൈതന്യയും. വിവാഹ മോചനത്തിന് ശേഷം കുറച്ച് മാസങ്ങൾക്കുള്ളിൽ നാഗ ചൈതന്യ ശോഭിതയുമായി അടുത്തു. വൈകാതെ തന്നെ ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം.
ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയാണ് ശോഭിത. മാതൃത്വം അനുഭവിക്കണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ഞാനതിൽ വളരെ ക്ലിയർ ആയിരുന്നു. വിവാഹം ചെയ്ത് ജീവിക്കുന്നത് ഞാൻ സങ്കൽപ്പിച്ചിട്ടുണ്ട്.
തെലുങ്ക് സംസ്കാരം ഇത്തരം ചടങ്ങുകളിൽ വേണമെന്ന് എനിക്കുണ്ടായിരുന്നു. എന്റെ പാരമ്പര്യത്തോടും മാതാപിതാക്കളോടും വലിയ അടുപ്പമുണ്ട്. അതേസമയം ഒന്നും പ്ലാൻ ചെയ്തിരുന്നില്ലെന്നും ശോഭിത പറയുന്നു. വിവാഹ നിശ്ചയം അവിസ്മരണീയമാക്കണമെന്ന് താൻ ചിന്തിച്ചിട്ടില്ലെന്നും ശോഭിത പറയുന്നു. ഒരുപാട് പ്രതീക്ഷയും സ്വപ്നങ്ങളുമായല്ല വിവാഹ നിശ്ചയത്തിന് ഞാൻ നിന്നത്. വളരെ ശാന്തവും ഇന്റിമേറ്റുമായ ചടങ്ങായിരുന്നു അതെന്നും നടി വ്യക്തമാക്കി.
ഒരു ബന്ധം നിലനിർത്താൻ തനിക്ക് പ്രത്യേക നിബന്ധനകളൊന്നും ഇല്ലെന്നും ശോഭിത പറയുന്നു. ഇക്കാര്യങ്ങൾ ഉണ്ടെങ്കിൽ അപ്രൂവ് ചെയ്യും, ഇല്ലെങ്കിൽ പിൻവലിക്കും എന്ന സമീപനം എനിക്കില്ല. അങ്ങനെയല്ല ഞാൻ ഇമോഷനുകളെയും ബന്ധങ്ങളെയും സമീപിക്കുന്നില്ല. റിലേഷൻഷിപ്പിൽ മാത്രമല്ല, സൗഹൃദങ്ങളിൽ പോലും. എല്ലാ ഇമോഷനുകളും അനുഭവിക്കേണ്ടതുണ്ടെന്നും ശോഭിത പറയുന്നു.
ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ശോഭിത മനസ് തുറന്നത്. സോഷ്യൽ മീഡിയയിൽ ശോഭിതയ്ക്ക് നേരെ കടുത്ത സൈബറാക്രമണം നടക്കുന്നുണ്ട്. ശോഭിതയാണ് സമാന്ത-നാഗ ചൈതന്യ വിവാഹ ബന്ധത്തിൽ പ്രശ്നമായതെന്നാണ് ചിലരുടെ വാദം. അതേസമയം റിപ്പോർട്ടുകൾ പ്രകാരം വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ശോഭിതയുമായി നാഗ ചൈതന്യ അടുക്കുന്നത്.
കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കി അമ്മയായി കുടുംബ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു സമാന്ത. എന്നാൽ ഇതിനിടെയാണ് വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ കടുത്തത്. ശാകുന്തളം എന്ന സിനിമ പൂർത്തിയാക്കിയ ശേഷം കരിയറിൽ നിന്നും ഇടവേളയെടുക്കാനായിരുന്നു സമാന്തയുടെ തീരുമാനം. ഇതേക്കുറിച്ച് ശാകുന്തളത്തിന്റെ നിർമാതാവിനോട് പറഞ്ഞതുമാണ്.
എന്നാൽ നടി ആഗ്രഹിച്ചത് പോലെയല്ല പിന്നീടുണ്ടായത്. ബന്ധം പിരിഞ്ഞ ശേഷം കരിയറിലെ തിരക്കുകളിലേക്ക് സമാന്ത നീങ്ങി. ഇതിനിടെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ താരത്തെ ബാധിച്ചു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് നീങ്ങുകയാണ് സമാന്ത.
കരിയറിൽ നാഗ ചൈതന്യക്കും മുകളിലാണ് സമാന്തയുടെ താര മൂല്യം. വിവാഹ ശേഷം നടിയുടെ കരിയറിൽ വലിയ കുതിച്ച് ചാട്ടമുണ്ടായി. ഈ ഘട്ടത്തിൽ നാഗ ചൈതന്യക്ക് തുടരെ പരാജയ സിനിമകൾ വന്നു. സമാന്തയുടെ താരമൂല്യമാണ് നാഗ ചൈതന്യയെ അലോസരപ്പെടുത്തിയതെന്ന് അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ബന്ധം പിരിഞ്ഞതിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.
2017ല്‍ വിവാഹിതരായ സാമാന്തയും നാഗചൈതന്യയും 2021ലാണ് വിവാഹ മോചനം നേടിയത്. അതിന് ശേഷം നിരവധി വെല്ലുവിളികളാണ് സാമന്ത തന്റെ ജീവിതത്തിൽ നേരിട്ടത്. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണ് വേര്‍പിരിയലെന്ന് പറഞ്ഞെങ്കിലും കുറ്റപ്പെടുത്തലുകളും അധിക്ഷേപവും നടിയ്ക്കായിരുന്നു.
പലപ്പോഴും വിവാഹമോചനത്തെ കുറിച്ച് മൗനം പാലിച്ചതിനാല്‍ നാഗചൈതന്യ വാര്‍ത്തകളില്‍ നിറഞ്ഞില്ല. എന്നാല്‍ സാമന്തയ്‌ക്കെതിരെ ഗുരുതര ആരോപണം വരികയും നടി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. അന്ന് കുറ്റം പറഞ്ഞവരൊക്കെ ഇപ്പോള്‍ സാമന്തയെ വാഴ്ത്തി പറഞ്ഞും മറിച്ച് നാഗചൈതന്യയെയും ശോഭിതയെയും കുറ്റപ്പെടുത്തിയും എത്തിയിരിക്കുകയാണ്.
മകന്റെ വിവാഹനിശ്ചയചിത്രങ്ങള്‍ക്ക് പിന്നാലെയാണ് വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നത്. ശോഭിതയുടെയും നാഗ ചൈതന്യയുടെയും പോസ്റ്റുകള്‍ക്ക് താഴെ താരങ്ങളെ കുറ്റപ്പെടുത്തിയും ശാപ വാക്കുകള്‍ പറഞ്ഞുമൊക്കെയാണ് കമന്റുകള്‍ വന്ന് കൊണ്ടിരിക്കുന്നത്.
അതേ സമയം ഇവര്‍ക്കൊപ്പം നടി സാമന്തയുടെ പേജിലും കമന്റ്‌സ് നിറയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സാമന്ത പങ്കുവെച്ച വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്. സാമന്തയായിരുന്നു ശരിയെന്നും നിങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്. ഒപ്പം സാമന്ത-നാഗ ചൈതന്യ വിവാഹമോചനത്തെ കുറിച്ചും ചില എഴുത്തുകള്‍ നടിയുടെ പോസ്റ്റിന് താഴെ വന്നു.