Connect with us

സാമ്പത്തിക തട്ടിപ്പ് പരാതി; ധര്‍മ്മജന്റേയും സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളുടേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി പൊലീസ്

Malayalam

സാമ്പത്തിക തട്ടിപ്പ് പരാതി; ധര്‍മ്മജന്റേയും സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളുടേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി പൊലീസ്

സാമ്പത്തിക തട്ടിപ്പ് പരാതി; ധര്‍മ്മജന്റേയും സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളുടേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി പൊലീസ്

മലയാള സിനിമാ പ്രേക്ഷകര്‍ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. വര്‍ഷങ്ങളായി സിനിമയിലൂടേയും സ്റ്റേജ് ഷോകളിലൂടേയും ഹാസ്യപരിപാടികളിലൂടേയുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് താരം. സ്റ്റേജ് ഷോകളിലൂടെ വളര്‍ന്നു വന്ന ധര്‍മജന്‍ ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തത് ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ധര്‍മ്മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ധര്‍മ്മജന്റേയും സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളുടേയും സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കും എന്നാണ് വിവരം. അക്കൗണ്ട് വഴി 43.31 ലക്ഷം രൂപ നല്‍കിയെന്നാണ് പരാതിക്കാരനായ മൂവാറ്റുപുഴ സ്വദേശി ആസിഫ് ആലിയാറിന്റെ പരാതി.

പണം കൈമാറിയതിന്റെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നത്. കേസിനാസ്പദമായ 2019-20 വര്‍ഷങ്ങളിലെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. പരാതിക്കാരനായ ആസിഫ് അലിയാറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നായിരുന്നു പരാതി.

കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ധര്‍മ്മജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഇതിലൂടെ തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമമെന്നുമായിരുന്നു ധര്‍മ്മജന്റെ പ്രതികരണം. ധര്‍മ്മൂസ് ഫിഷ് ഹബ്ബുമായി വ്യവഹാരപരമായി ബന്ധമില്ലെന്നും ധര്‍മ്മജന്‍ വിശദീകരിച്ചു. ധര്‍മ്മൂസ് ഹബ്ബിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് താനെന്നാണ് നടന്റെ വിശദീകരണം.

താന്‍ ആരുടേയും അഞ്ചുപൈസ പോലും വെട്ടിച്ചിട്ടില്ലെന്നും പലരും പണം ഇങ്ങോട്ടാണ് തരാനുള്ളതെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാര്‍ തെളിവ് ഹാജരാക്കിയാല്‍ പലിശസഹിതം തിരിച്ചുനല്‍കാന്‍ തയ്യാറാണ്. വ്യാജ പരാതി നല്‍കിയ ആളെ കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കും.അദ്ദേഹം വ്യക്തമാക്കി.

കോതമംഗലത്ത് ബിസിനസ് ആരംഭിക്കാനാണ് ആസിഫ് ധര്‍മ്മൂസ് ഹബ്ബിനെ സമീപിച്ചത്. 2019 മേയ് 15ന് ടോക്കണ്‍ അഡ്വാന്‍സായി 10,000 രൂപ നല്‍കി. വീട്ടില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ ധര്‍മ്മജന്റെ ഉറപ്പും ലഭിച്ചു. പിന്നീട് പലപ്പോഴായി 43,30,587 രൂപ ഇവര്‍ വാങ്ങിയെന്നാണ് പരാതി. ഹബ്ബിലേക്ക് 2020 മാര്‍ച്ചുവരെ മീന്‍ എത്തിച്ചിരുന്നു. ഏപ്രില്‍ മുതല്‍ വിതരണം നിറുത്തി. ഫ്രാഞ്ചൈസിയുടെ കരാര്‍ ഒപ്പിടാമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. അമേരിക്കയിലെ പെട്രോലിങ്ക് കമ്പനിയില്‍ ഡാറ്റാ സയന്റിസ്റ്റായിരുന്ന ആസിഫ് 2018ലാണ് നാട്ടിലെത്തിയത്.

പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് ധര്‍മജന്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാളത്തിലെ സജീവ സാന്നിധ്യവും ഹിറ്റുകളിലെ അവിഭാജ്യ ഘടകവുമായി വളരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്കും എത്തി. എന്നാല്‍ ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിച്ച ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

എന്നാല്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സോഷ്യല്‍മീഡിയയില്‍ നിരന്തരം ട്രോളുകളും പരിഹാസങ്ങളും നേരിടേണ്ടതായും വന്നിട്ടുണ്ട്. താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണവുമാണ് നടന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇങ്ങനെ കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിന് വന്ന കമന്റുകള്‍ക്ക് താരം കൊടുത്ത മറുപടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗുഡ് മോണിങ് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രമാണ് ധര്‍മജന്‍ പങ്കുവച്ചത്. ഉടനെ പരിഹാസ കമന്റുകളും എത്തി . ‘മുഖത്തു നോക്കുമ്പോള്‍ അറിയാം ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയിട്ടില്ല’, എന്നായിരുന്നു ഒരു വിമര്‍ശകന്‍ കുറിച്ചത്. ‘താഴ്ത്തിക്കെട്ടരുത്, ഞാന്‍ ഒരു പാവമല്ലേ’ എന്നായിരുന്നു ധര്‍മജന്റെ മറുപടി. മറ്റ് കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. ‘ബാലുശ്ശേരിയില്‍ എന്തുണ്ട്’ എന്ന കമന്റിന് ‘തോറ്റു’ എന്നാണ് താരത്തിന്റെ മറുപടി. തോറ്റ എംഎല്‍എ എന്ന കമന്റുകളോടും താരം പ്രതികരിക്കുന്നുണ്ട്. നിരവധിപേര്‍ താരത്തെ പിന്തുണച്ചും രംഗത്തുവരുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top