News
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ചചെയ്യാൻ സീത്രികൾ ആരുമില്ല ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്ക് അമ്മ പ്രതിനിധികളായി ദിലീപ് അനുകൂലികള്‍!
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ചചെയ്യാൻ സീത്രികൾ ആരുമില്ല ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചക്ക് അമ്മ പ്രതിനിധികളായി ദിലീപ് അനുകൂലികള്‍!
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ ചെയര്‍പേഴ്‌സണായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇന്ന് നിശ്ചയിച്ച ചര്‍ച്ചയില്‍ അമ്മ പ്രതിനിധികളായി പങ്കെടുക്കുന്നത് ദിലീപ് അനുകൂലികളായി നടന്‍മാര്‍. താരസംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ് അമ്മയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തുന്നത്ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അമ്മ സംഘടനയില്‍ നിന്ന് സ്ത്രീ പ്രതിനിധികള്‍ ആരുമില്ല എന്നതും ശ്രദ്ധേയമാണ്. സിനിമാ – സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് യോഗം വിളിച്ചിരിക്കുന്നത്. സിനിമ മേഖലയിലെ എല്ലാ സംഘടനകളേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റിയവരാണ് സിദ്ദിഖും ഇടവേള ബാബുവും. ഇരുവരുടേയും മൊഴി കേസില്‍ നിര്‍ണായകവുമായിരുന്നു..നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നതായും ദിലീപ് തന്റെ സിനിമാ അവസരങ്ങള്‍ തട്ടിക്കളയുന്നതായും ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞിരുന്നു എന്നാണ് ഇടവേള ബാബു ആദ്യം പൊലീസിന് നല്‍കിയ മൊഴി.
എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ തനിക്ക് ഓര്‍മ്മയില്ല എന്ന് പറഞ്ഞ് ഇടവേള ബാബു മൊഴി മാറ്റുകയായിരുന്നു. അടുത്തിടെ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ‘ഐസിസിക്ക് റോളില്ല’ എന്ന് ഇടവേള ബാബു പറഞ്ഞതായി നടി മാല പാര്‍വ്വതി പറഞ്ഞിരുന്നു.അമ്മ സംഘടനയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സല്‍ സമയത്ത് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് സിദ്ദിഖും പൊലീസിന് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സിദ്ദിഖ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് സിദ്ദിഖ് കൂറുമാറിയതായി പ്രഖ്യാപിക്കണം എന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തികൊണ്ടിരുന്ന സമയത്ത് സിദ്ദിഖ് അന്വേഷിച്ചെത്തിയിരുന്നു.അന്തരിച്ച നടി കെ പി എ സി ലളിതയ്‌ക്കൊപ്പം ദിലീപ് കേസില്‍ അമ്മയുടെ നിലപാട് ന്യായീകരിച്ച് വാര്‍ത്താസമ്മേളനം നടത്താനും സിദ്ദീഖ് മുന്‍പന്തിയിലുണ്ടായിരുന്നു.
വിജയ് ബാബു വിഷയത്തില്‍ ‘അമ്മ’ ഭാരവാഹി യോഗത്തില്‍ അവസാന നിമിഷം അട്ടിമറി നടന്നതിന് പിന്നില്‍ സിദ്ദിഖ് ആണെന്നും ആരോപണമുയര്‍ന്നിരുന്നു. പുറത്താക്കാമെന്ന തീരുമാനം ഏതാണ്ട് ഉറപ്പിച്ചിരിക്കെ തൊട്ടുമുന്‍പ് വിജയ് ബാബുവിന്റെ ‘മാറി നില്‍ക്കല്‍’ കത്ത് എത്തിയതിന് പിന്നില്‍ സിദ്ദിഖിന് പങ്കുള്ളതായും ആരോപണം വരുന്നുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാന്‍ സാധ്യമല്ലെന്നാണ് മണിയന്‍ പിള്ള രാജു സ്വീകരിച്ച നിലപാട്.ആഭ്യന്തര പരിഹാര സമിതിയുടെ നിര്‍ദ്ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാരെ മണിയന്‍ പിള്ള രാജു പരിഹസിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മാല പാര്‍വ്വതി പോയാല്‍ വേറെ ആള്‍ വരുമെന്നും അവര്‍ക്ക് മറ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കാമെന്നും ആയിരുന്നു മണിയന്‍ പിള്ള രാജു പറഞ്ഞത്. മുന്‍പ് ദിലീപിനെ പുറത്താക്കിയത് എടുത്തു ചാടിയെടുത്ത തീരുമാനമാണെന്നും പ്രസ്താവന നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ മൂവരും പങ്കെടുക്കുന്നത് എന്നത് വിവാദമായത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടലെ വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് അന്തിമ ഘട്ടത്തിലെത്തൂയെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരമാണ് അഭിനേതാക്കളുടെ സംഘടനയുമായും ചര്‍ച്ച നടത്തുന്നത്. രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം നടക്കുക. ഡബ്ല്യു സി സി, അമ്മ, മാക്ട, ഫെഫ്ക, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വര്‍ഷം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഡബ്ല്യു സി സി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട ഐ എ എസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി.
about amma association
