Malayalam
പൊന്നുമോനെ നല്ല ആഹാരമൊക്കെ കഴിക്കണം എന്ന് പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു, അത് കേൾക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വന്നു; അമൃതാനന്ദമയിയെ കണ്ട സന്തോഷം പങ്കുവെച്ച് മണിയൻപിള്ള രാജു
പൊന്നുമോനെ നല്ല ആഹാരമൊക്കെ കഴിക്കണം എന്ന് പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു, അത് കേൾക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വന്നു; അമൃതാനന്ദമയിയെ കണ്ട സന്തോഷം പങ്കുവെച്ച് മണിയൻപിള്ള രാജു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു. നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ, നിർമാതാവ് എന്ന് തുടങ്ങി മണിയൻപിള്ള രാജു കൈവെയ്ക്കാത്ത മേഖലകളില്ല.
ഇപ്പോഴിതാ അമൃതാനന്ദമയിയെ കണ്ട സന്തോഷം പങ്കുവെയ്ക്കുകയാണ് മണിയൻപിള്ള രാജുവും ഭാര്യ ഇന്ദിരയും. അമ്മയുടെ ദർശനം നൽകുന്നത് വലിയ ഊർജ്ജമെന്നാണ് ഇരുവരും പറയുന്നത്. അമൃതാനന്ദമയി അനന്തപുരിയിൽ എത്തിയ സന്തോഷവും ഇരുവരും പങ്കുവെച്ചു. അമ്മയുമായുള്ള ബന്ധം തുടങ്ങിയിട്ട് വര്ഷങ്ങളായി. തിരുവനന്തപുരത്ത് എത്തുമ്പോൾ ഒക്കെയും ഞാനും ഇന്ദിരയും പോയി കാണാറുണ്ട്.
കോവിഡ് ഒക്കെ വന്ന ശേഷം അഞ്ച് വർഷം കഴിഞ്ഞപ്പോഴാണ് അമ്മയെ കാണാൻ ആകുന്നത്. എന്തുപറ്റി മോനെ എന്നാണ് എന്നെ കണ്ട ഉടനെ അമ്മ ചോദിച്ചത്. അമ്മയോടുള്ള അടുപ്പം തുടങ്ങിയിട്ട് വർഷങ്ങൾ ആയി. സ്വന്തം അമ്മ മരിച്ചുപോയപ്പോൾ മുതൽ അമ്മ എനിക്ക് സ്വന്തം അമ്മയാണ്. ആ സ്നേഹവും പരിചരണവും അത്രയേറെയുണ്ട്.
എന്നെ കണ്ടപ്പോൾ തന്നെ ആദ്യം ചോദിച്ചത് മുഖം ഒക്കെ ചെറുതായി പോയല്ലോ, എന്തുപറ്റി എന്നാണ്. എനിക്ക് സുഖമില്ലായിരുന്നു ഒരു സർജറി ഒക്കെ കഴിഞ്ഞിറങ്ങിയതാണ് എന്ന് പറഞ്ഞു. പൊന്നുമോനെ നല്ല ആഹാരമൊക്കെ കഴിക്കണം എന്ന് പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു. അത് കേൾക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വന്നു. എന്റെ ഒക്കെ അമ്മ മരിച്ചുപോയല്ലോ.
അപ്പോൾ ഇങ്ങനെ അമ്മ പറയുമ്പോൾ എന്റെ സ്വന്തം അമ്മയെ പോലെ ആണ് തോന്നുക. അത് എന്നും കാണുമ്പോൾ ഉള്ള അനുഭവം ആണ്. അമ്മയെ കാണുമ്പോൾ ഒന്ന് സംസാരിക്കുമ്പോൾ ഒരു ബാറ്ററി ചാർജ് ആകും പോലെയാണ്. മുൻപോട്ട് ജീവിക്കാൻ ഉള്ള ഊർജം കിട്ടിയ പോലെ. എപ്പോഴും കാണുമ്പോൾ അത്രയും സ്നേഹമാണ്. എന്നും കാണുമ്പൊൾ എത്ര തിരക്ക് ഉണ്ടെങ്കിലും എന്നെ ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് ഉണ്ടല്ലോ.
അത് പറഞ്ഞറിയിക്കാൻ ആകില്ല. എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കും. നല്ല ഭക്ഷണം കഴിക്കണം പ്രോട്ടീൻ ഫുഡ് എടുക്കണം എന്നൊക്കെ എന്നോട് അമ്മ ഉപദേശിച്ചു, കുറച്ചുസമയം എന്റെ വേദന അമ്മ കേൾക്കുമ്പോൾ ഉള്ള മനഃസംതൃപ്തി അത് പറഞ്ഞറിയിക്കാൻ ആകില്ല. ഇവിടെ അമ്മയെ കാണാൻ വിദേശനാടുകളിൽ നിന്നുപോലും ആളുകൾ എത്തുന്നതും അതുകൊണ്ടാകാം.
ഒരു മനുഷ്യന് ഏറ്റവും കൂടുതൽ വേണ്ടത് മനസമാധാനം ആണ് അത് കഴിഞ്ഞേ പണവും മറ്റും ഉള്ളൂ. അത് കിട്ടണം എങ്കിൽ അമ്മയുടെ അടുത്ത് അൽപ്പനേരം ഇരുന്നാൽ മതി, അത് അപ്പോഴേയ്ക്ക് നമ്മുടെ അടുത്തേക്ക് പ്രവഹിക്കും എന്നാണ് മണിയൻ പിള്ള രാജു പറഞ്ഞത്. അമ്മയെ കാണുമ്പോൾ കിട്ടുന്ന ഒരു പ്രതീക്ഷ ഉണ്ടല്ലോ അത് വല്ലാത്ത അനുഭവം ആണ്. കുറെ വർഷങ്ങൾ കഴിഞ്ഞു കാണുകയാണ് അമ്മയെ. ആ ഊർജ്ജം മുമ്പോട്ടുള്ള നമ്മുടെ പ്രതീക്ഷയാണ് എന്നാണ് ഇന്ദിര പറയുന്നത്.
അതേസമയം, ക്യാൻസറിനെ അതിജീവിച്ച് നടൻ മണിയൻപിള്ള രാജു സിനിമാ തിരക്കുകളിലേയ്ക്ക് കടന്നിരിക്കുകയാണ്. തൊണ്ടയിൽ ബാധിച്ച ക്യാൻസറിനെയാണ് അദ്ദേഹം അതിജീവിച്ചത്. തന്റെ അച്ഛൻ ക്യാൻസർ സർവൈവറാണെന്നും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയെന്നും നടൻ കൂടിയായ മകൻ നിരഞ്ജൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു.
തൊണ്ടയിലാണ് അദ്ദേഹത്തിന് കാൻസർ ബാധിച്ചത്. തൊണ്ടയിൽ ബാധിച്ചതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാവുകയും അദ്ദേഹത്തിന്റെ ശരീരം മെലിയുകയും ചെയ്തു. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായ അദ്ദേഹം വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ്.
90 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാലിന്റെ പഴയ ഫീൽഗുഡ് ചിത്രങ്ങളുടെ ഴോണറിൽ ഇറങ്ങുന്ന തുടരും എന്ന സിനിമയിൽ മണിയൻപിള്ള രാജുവിനെ ഏറെ പ്രതീക്ഷയുണ്ട്.
