Malayalam
എന്റെ പാട്ടുകള്‍ പലതും കെഎസ് ചിത്രയുടെയും വാണി ജയറാമിന്റെയും പേരില്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചു; ഗായിക ലതിക
എന്റെ പാട്ടുകള്‍ പലതും കെഎസ് ചിത്രയുടെയും വാണി ജയറാമിന്റെയും പേരില്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചു; ഗായിക ലതിക
മലയാളികള്‍ക്ക് ലതിക ടീച്ചര്‍ എന്ന ഗായികയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മുന്നൂറിലധികം ചിത്രങ്ങളില്‍ പാട്ടുപാടി, മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗായികയാണ് ലതിക. കുറച്ചു കാലമായി ചലച്ചിത്ര രംഗത്തു നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ പാട്ടുകള്‍ പ്രശസ്തരായ ഗായികമാരുടെ പേരില്‍ നിര്‍മാതാക്കള്‍ വിറ്റഴിച്ചതിനെ കുറിച്ച് ലതിക നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്.
‘എന്റെ പാട്ടുകള്‍ പലതും കെഎസ് ചിത്ര, വാണി ജയറാം തുടങ്ങിയ എന്നേക്കാള്‍ പ്രശസ്തരായ ഗായികമാരുടെ പേരില്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചിട്ടുണ്ട്, ചെന്നൈയിലായിരുന്ന ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നുല്ല,’ എന്ന് അഭിമുഖത്തില്‍ ലതിക ടീച്ചര്‍ പറഞ്ഞു.
സംഗീത ജീവിതത്തിലെ തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം ഗാനഗന്ധര്‍വന്‍ യേശുദാസാണ് എന്നാണ് ലതിക ടീച്ചര്‍ പറയുന്നത്. ‘ശാസ്ര്തീയമായി സംഗീതം പഠിക്കാന്‍ സംഗീത കോളേജില്‍ ചേരാന്‍ നിര്‍ബന്ധിച്ചതു ദാസേട്ടനായിരുന്നു. തുടര്‍ന്ന് അതേ കോളേജില്‍ അധ്യാപികയാകാന്‍ കാരണമായതും ദാസേട്ടന്റെ ഉപദേശമാണ്,’ എന്നും ലതിക ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ മേഖലയില്‍ നിന്ന് തന്റെ പ്രതാപ കാലത്തു തന്നെ സംഗീത കോളേജിലെ അധ്യാപക ജോലിയിലേയ്ക്ക് ചുവടുമാറ്റിയത് മികച്ച തീരുമാനമായി തന്നെയാണ് ഇപ്പോഴും കണക്കാക്കുന്നത്. കാരണം ചലച്ചിത്രമേഖല ഒരിക്കലും സ്ഥിരതയുള്ള ഒരു മേഖലയല്ലെന്ന് ലതിക ടീച്ചര്‍ പറയുന്നു.
‘തുടക്കകാലത്ത് മലയാളചലച്ചിത്ര മേഖലയിലെ ഗ്രൂപ്പിസം ബാധിച്ചിട്ടുണ്ട്, സംഗീതം കൊണ്ട് ഉപജീവനം നടത്തിയിരുന്ന ഒരാളായതു കൊണ്ടുതന്നെ പാട്ടുപാടാന്‍ പ്രതിഫലം ചോദിച്ചത്, പല നിര്‍മ്മാതാക്കളെയും തന്നെ അവരുടെ ചിത്രത്തില്‍ പാട്ടുപാടിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്,’ എന്നും ലതിക ടീച്ചര്‍ ഓര്‍ക്കുന്നു.
‘ചിലമ്പി’ലെ ‘താരും തളിരും’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിലെ ‘പൂ വേണം, പൂപ്പട വേണം’, വൈശാലിയിലെ ‘ദും ദും ദും ദുന്ദുഭിനാദം’, ‘അമര’ത്തിലെ ‘പുലരേ പൂങ്കോടിയില്‍’, ‘വെങ്കല’ത്തിലെ ‘ഒത്തിരി ഒത്തിരി മോഹങ്ങള്‍’, ‘ചമ്പക്കുളം തച്ചനി’ലെ ‘മകളേ.. പാതിമലരേ..’ തുടങ്ങിയ എവര്‍ഗ്രീന്‍ ഗാനങ്ങളെല്ലാം പാടിയത് ലതികയാണ്.
മോഹന്‍ലാല്‍ ചിത്രമായ വന്ദനത്തിലെ എന്ന ചിത്രത്തിലെ ‘ലാലാ…ലാലാ.. ലലലാ.. ലാലാ…’ എന്നു തുടങ്ങുന്ന ഹൃദയസ്പര്‍ശിയായ ഹമ്മിംഗ് പാടിയതു ലതിക ടീച്ചറാണ്. ‘വന്ദനം’ മാത്രമല്ല ‘ചിത്രം’, ‘താളവട്ടം’ എന്നു തുടങ്ങി എണ്‍പതുകളില്‍ ഇറങ്ങിയ നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി ലതിക ടീച്ചര്‍ ഹമ്മിംഗ് നല്‍കിയിട്ടുണ്ട്.
‘കാതോടു കാതോരം’ എന്ന പാട്ടാണ് ലതികയെ ആദ്യകാലത്ത് ഏറെ പ്രശസ്തയാക്കിയത്. ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’, ‘നീയെന്‍ സര്‍ഗസൗന്ദര്യമേ’ തുടങ്ങിയ ഗാനങ്ങളും ആലപിച്ചത് ലതിക ടീച്ചറാണ്.