general
കെപിഎസി ലളിതയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി സുബിയുടെ വേര്‍പാടും!; കണ്ണീരിലാഴ്ത്തി ഫെബ്രുവരി 22!
കെപിഎസി ലളിതയുടെ ഒന്നാം ചരമ വാര്‍ഷികത്തില്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി സുബിയുടെ വേര്‍പാടും!; കണ്ണീരിലാഴ്ത്തി ഫെബ്രുവരി 22!
അപ്രതീക്ഷിത നഷ്ടങ്ങള്‍ കൊണ്ട് മലയാളികളെ കണ്ണീരിലാഴ്ത്തുന്ന ദിനമായി മാറുകയാണ് ഫെബ്രുവരി 22. മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായിരുന്ന കെപിഎസി ലളിത അരങ്ങൊഴിഞ്ഞത് ഇതേ ദിവസമായിരുന്നു. കെപിഎസി ലളിതയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് മലയാളികളെ ഞെട്ടിച്ച് സുബി സുരേഷും വിട പറഞ്ഞത്.
മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ കഥാപാത്രത്തെ ഒരിക്കലും ആഗ്രഹിക്കാതെ കിട്ടിയ കഥാപാത്രങ്ങളെ അതിന്റെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരം. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത്. പലരും വാക്കുകള്‍ പോലും കിട്ടാതെയാണ് തങ്ങളുടെ പ്രിയ കാലാകാരിയെ കുറിച്ച് പറഞ്ഞത്.
നടിയുടെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു കെപിഎസി ലളിതയുടെ നില അതീവ ഗുരുതരമാകുന്നത്. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താരത്തെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരികെയെത്തിയ കെപിഎസി ലളിത മകന്‍ സിദ്ധാര്‍ത്ഥിനൊപ്പം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്.
അമ്മ കഥാപാത്രങ്ങളും ചേച്ചി കഥാപാത്രങ്ങളുമാണ് താരം കൂടുതല്‍ ചെയ്തിട്ടുള്ളത്. താരത്തിന്റെ പല കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു. പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാന്‍ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളില്‍ ഒരാള്‍ കൂടിയാണ് കെപിഎസി ലളിത. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ നിറഞ്ഞാടി.
അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം ഗോഡ്ഫാദര്‍സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.
കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെയും മരണം. ഏറെ നാളായി ചികില്‍സയിലായിരുന്നു. കരള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയില്‍ സുബിയെ സന്ദര്‍ശിച്ചിരുന്നു. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവില്‍ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ നടക്കും.
മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്.
സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്‌റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും തിളങ്ങി.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. പിന്നാലെ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനില്‍ സുബി അവതരിപ്പിച്ചിരുന്ന പരിപാടികള്‍ക്ക് ജനപ്രീതി ഏറെയായിരുന്നു. സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് സുബിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
