Actress
പണ്ടത്തെ ഷൂട്ടിങ് സെറ്റിലെ ‘ഡബ്ല്യൂസിസി’ ലളിത ചേച്ചി ആയിരുന്നു; ചേച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല; ലാൽ ജോസ്
പണ്ടത്തെ ഷൂട്ടിങ് സെറ്റിലെ ‘ഡബ്ല്യൂസിസി’ ലളിത ചേച്ചി ആയിരുന്നു; ചേച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല; ലാൽ ജോസ്
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു കെപിഎസി ലളിത. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങൾ ഒന്നുമില്ല. കെപിഎസി ലളിതയെന്ന പേര് കേട്ടാൽ മനസിലെത്തുന്നത് ചുവന്ന പൊട്ടും ചന്ദനക്കുറിയുമിട്ട് ചിരിച്ച് സന്തോഷവതിയായിരിക്കുന്ന രൂപമാണ്.
ഇപ്പോഴിതാ അന്തരിച്ച നടി കെപിഎസി ലളിതയെ കുറിച്ച് സംവിധായകൻ ലാൽജോസ് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പണ്ടത്തെ ഷൂട്ടിങ് സെറ്റിലെ ‘ഡബ്ല്യൂസിസി’ നടി കെപിഎസി ലളിത ആയിരുന്നുവെന്നാണ് ലാൽജോസ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ലാൽ ജോസ്.
സെറ്റിൽ എന്തെങ്കിലും അനാവശ്യ കാര്യങ്ങൾ ഉണ്ടായാൽ അന്ന് ഡബ്ല്യൂസിസി ഒന്നുമില്ലല്ലോ, ലളിത ചേച്ചി ആയിരുന്നു അന്നത്തെ ഡബ്ല്യൂസിസി. ലളിത ചേച്ചിയോട് പരാതി പറഞ്ഞാൽ അതുമായി ബന്ധപ്പെട്ട ആൾക്കാരെ വഴക്ക് പറയും. അതിനൊക്കെയുള്ള സ്വാതന്ത്ര്യം ലളിത ചേച്ചിക്കുണ്ടായിരുന്നു. ചേച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല. സിനിമയിൽ ഇത്രയും കാലം നിലനിന്ന നടിമാർ വളരെ കുറവാണ്.
സുകുമാരിയമ്മയും ലളിത ചേച്ചിയുമൊക്കെ മലയാള സിനിമയിലെ ഒഴിച്ചു കൂടാനാകാത്ത രണ്ട് നടിമാരായിരുന്നു. അതിൽ തന്നെ ലളിത ചേച്ചിയ്ക്ക് കേരളത്തിലെ പ്രൊഫഷണൽ നാടകരംഗത്തിന്റെ വലിയ പശ്ചാത്തലവും പിൻബലവും ഉണ്ടായിരുന്നു. സംവിധായകനും ഭർത്താവുമായിരുന്ന ഭരതന്റെ സഹസംവിധായകനാകാൻ വരണമെന്ന് തന്നോട് അവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അത് സാധിച്ചില്ല. സംവിധാന സഹായിയിരുന്ന സമയത്ത് ചെയ്ത നിരവധി സിനിമകളിൽ കെപിഎസി ലളിത ഭാഗമായിരുന്നെങ്കിലും സ്വതന്ത്രസംവിധായകനായ ശേഷം ‘എൽസമ്മ എന്ന ആൺകുട്ടി’യിലാണ് അവർക്കൊപ്പം പ്രവർത്തിക്കാനായത്. വൈകിയെങ്കിലും വളരെ മികച്ച വേഷത്തിലേക്ക് തന്നെ വിളിച്ചതിൽ സന്തോഷമുണ്ട് എന്നായിരുന്നു ലളിത ചേച്ചി ചിത്രത്തിലെ അമ്മ വേഷത്തെ കുറിച്ച് പറഞ്ഞത് എന്നാണ് ലാൽജോസ് പറയുന്നത്.
അമ്മ കഥാപാത്രങ്ങളും ചേച്ചി കഥാപാത്രങ്ങളുമാണ് താരം കൂടുതൽ ചെയ്തിട്ടുള്ളത്. താരത്തിന്റെ പല കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നു. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് കെപിഎസി ലളിത. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും അതിൽ ചില ഉദാഹരണങ്ങൾ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടൻ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊൻമുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കൺമണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയിൽ നിറഞ്ഞാടി.
അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊൻമാൻ, ആരവം, അമരം, കടിഞ്ഞൂൽകല്യാണം- ഗോഡ്ഫാദർ-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.