News
കലാഭവൻ മണിയുടെ കഴിവിനെ കുറിച്ച് കെ.പി.എ.സി. ലളിത വാചാലയായത് കണ്ടിട്ടുണ്ട്; അറസ്റ്റും ഒളിവിൽ പോകേണ്ട ഘട്ടവും വന്നപ്പോൾ മണി എന്നെയാണ് വിളിച്ചത്; കോട്ടയം നസീർ!
കലാഭവൻ മണിയുടെ കഴിവിനെ കുറിച്ച് കെ.പി.എ.സി. ലളിത വാചാലയായത് കണ്ടിട്ടുണ്ട്; അറസ്റ്റും ഒളിവിൽ പോകേണ്ട ഘട്ടവും വന്നപ്പോൾ മണി എന്നെയാണ് വിളിച്ചത്; കോട്ടയം നസീർ!
മിമിക്രി, അഭിനയം, സംഗീതം, പെയിന്റിങ് അങ്ങനെ കലാപരമായ എല്ലാ മേഖലകളിലും തിളങ്ങിയ നടനാണ് കോട്ടയം നസീർ. ലോക്കഡോൺ സമയത്ത് അതിമനോഹരമായ ചിത്രങ്ങളാണ് വീട്ടിലിരുന്ന് കോട്ടയം നസീർ വരച്ചത്.
സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ച ചിത്രങ്ങളെല്ലാം അല്പം അമ്പരപ്പോടുകൂടിയാണ് മലയാളികൾ കണ്ടത്. സിനിമാതാരങ്ങളടക്കം നിരവധി പേർ കോട്ടയം നസീർ വരച്ച ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ചെയ്തിട്ടുള്ള നസീറിന്റെ ഏറ്റവും പുതിയ സന്തോഷം റോഷാക്കെന്ന മമ്മൂട്ടി ചിത്രത്തിൽ മനോഹരമായ കഥാപാത്രം ചെയ്യാൻ പറ്റിയെന്നതാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ കലാഭവൻ മണിയെ കുറിച്ച് കോട്ടയം നസീർ പറഞ്ഞ വാക്കുകൾ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
“ഇരുപത്തിയൊന്നാം വയസിൽ സിനിമയിൽ വന്നയാളാണ് ഞാൻ. ആ പ്രായത്തിലും ഞാൻ കമ്പിനി, ഇന്നസെന്റ് ചേട്ടൻ, മാമുക്കോയക്കയൊക്കെയായിട്ടാണ്. മമ്മൂക്കയ്ക്കൊപ്പം ഏഴോളം സിനിമകൾ ചെയ്തിട്ടുണ്ട്- കോട്ടയം നസീർ പറഞ്ഞു.
റോഷാക്കിലെ വേഷം വളരെ സന്തോഷം നൽകി. എന്നെ സിനിമയിലേക്ക് ആളുകൾ വിളിക്കുന്നത് അവർ ഉദ്ദേശിച്ച ആൾക്ക് ഡേറ്റില്ലാതെ വരികയോ പ്രതിഫലം പോരാതെ വരികയോ ചെയ്യുമ്പോൾ മാത്രമാണ്. ചിലപ്പോൾ രാത്രിയിൽ വിളിച്ച് ഒരു കഥാപാത്രമുണ്ടെന്ന് പറയും. അപ്പോൾ ഫ്രീയാണെങ്കിൽ പോയി അഭിനയിക്കും.
‘സെറ്റിൽ എത്തുമ്പോഴാണ് കഥാപാത്രം ഏതാണെന്ന് അറിയുന്നത്. ഇനി അങ്ങോട്ട് അങ്ങനെയായിരിക്കില്ല. കുറെ സിനിമകൾ ചെയ്യുക എന്നതിനപ്പുറം നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് ലക്ഷ്യം. ഇനി അങ്ങോട്ട് സമയമില്ല. ഇന്നസെന്റ് ചേട്ടനുമായി വളരെ അധികം ആത്മബന്ധമുണ്ട്.
അദ്ദേഹം ആഴ്ചയിൽ രണ്ടുപ്രാവശ്യം തീർച്ചയായും വിളിക്കും. വിളിച്ചാൽ ഒരു മണിക്കൂറോളം സംസാരിക്കും. ഞാൻ അങ്ങോട്ട് വിളിക്കാറില്ല. അവരുടെ തിരക്കും കാര്യങ്ങളും നമുക്ക് അറിയാവുന്നതാണല്ലോ. മിമിക്രി കാണിച്ച് നടക്കുന്ന സമയം മുതൽ കലാഭവൻ ഷാജോണുമായി സൗഹൃദമുണ്ട്.
എന്റെ ബെഡ്റൂമിൽ വരെ വരാൻ സാതന്ത്ര്യമുള്ള കൂട്ടുകാരനാണ്. കലാഭവനിൽ വന്നപ്പോൾ എന്നെ ആദ്യം ഇൻർവ്യൂ ചെയ്തത് കലാഭവൻ മണിയാണ്. ഞാനും മണിയും സലീംകുമാറും ചേർന്ന് കലാഭവനിൽ വെച്ച് ഓഡിയോ കാസറ്റ് ചെയ്തിരുന്നു.
മിമിക്സ് ആക്ഷൻ 500 ആണ് ഞാൻ ആദ്യം ചെയ്ത സിനിമ. ആ സിനിമയിൽ ലളിത ചേച്ചിയുണ്ടായിരുന്നു. അന്ന് സെറ്റിൽ വെച്ച് കലാഭവൻ മണിയുടെ കഴിവിനെ കുറിച്ച് ലളിത ചേച്ചി വാചാലയാകുന്നത് ഞാൻ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. എന്ത് കഴിവുള്ള ചെറുക്കനാണ്.
അവൻ സിനിമയിൽ ഒരു കലക്ക് കലക്കും എന്നൊക്കെയാണ് ലളിത ചേച്ചി മണിയെ കുറിച്ച് പറഞ്ഞത്. ശേഷമാണ് മണി സല്ലാപത്തിലൂടെ സിനിമയിലേക്ക് എത്തിയത്. പിന്നീട് മണിയുടെ വളർച്ചയായിരുന്നു. വലിയ സ്റ്റാർഡം വന്നപ്പോഴും മണി ഞങ്ങളെയെല്ലാം ഒപ്പം കൂട്ടിയിരുന്നു. മണി ഏറ്റിട്ട് പോകാൻ പറ്റാത്ത പരിപാടികൾ അവൻ എനിക്ക് തരുമായിരുന്നു.
എന്നെയാണ് മണിക്ക് വിശ്വാസം. മുമ്പൊരിക്കൽ വിമാനത്താവളത്തിൽ വെച്ച് മണിക്കൊരു പ്രശ്നം വന്നിരുന്നു. അറസ്റ്റ് ചെയ്യും എന്നുള്ള തലം വരെ എത്തിയിരുന്നു. മണി ഒളിവിൽ പോകുന്ന തലത്തിലേക്ക് കാര്യങ്ങൾ വന്നിരുന്നു. അന്നും മണിയുടെ മാനേജർ വിളിച്ചത് എന്നെയാണ്.
ഉടൻ തന്നെ ഞാൻ ഓടിയെത്തിയിരുന്നു. അത്രത്തോളം ആത്മ ബന്ധമാണ്. നല്ല മനുഷ്യനായിരുന്നു. ജയറാമേട്ടന് സ്റ്റേജിൽ ചെയ്യാൻ ചില മിമിക്രി ഐറ്റം ഞാൻ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. അദ്ദേഹം അത് ഒരു അവാർഡ് ഷോയിൽ പെർഫോം ചെയ്തശേഷം ഞാനാണ് പഠിപ്പിച്ചതെന്ന് പറയുകയും ചെയ്തിരുന്നു- കോട്ടയം നസീർ പറഞ്ഞു.
about Kottayam Nazeer
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)