ഇസ്ലാമിനെ ബഹുമാനിക്കുന്നയാളാണ് ഞാൻ ഇസ്ലാമോഫോബിയയെക്കുറിച്ച് അറിയില്ല; ‘ദ കേരള സ്റ്റോറി’ സംവിധായകൻ സുദീപ്തോ സെൻ
കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. വിവാദങ്ങള്‍ കടുക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സുദീപ്‌തോ സെന്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ അംഗീകരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു സംവിധായകന്‍. മുന്‍ മുഖ്യമന്ത്രി വിഎസിന്‍റെ പ്രതികരണം ഒഴിവാക്കണം എന്ന് പറഞ്ഞ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം അംഗീകരിക്കും. പക്ഷെ പരാമർശം മറ്റൊരു രീതിയിൽ സിനിമയിൽ ഉപയോഗിക്കുമെന്നും സംവിധായകന്‍ പറയുന്നു. ഇസ്ലാമിനെ സിനിമയിൽ ഇകഴ്ത്തുന്നില്ലെന്ന് സുദീപ് തോ സെൻ പറഞ്ഞു. എല്ലാ മതങ്ങളോടും ബഹുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് മാസം എടുത്താണ് പടത്തിന്‍റെ സെന്‍സര്‍ നടത്തിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. രാജ്യത്തിന്‍റെ നല്ലതിന് വേണ്ടിയാണ് സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ വരുത്തിയത്. ചിത്രത്തിലെ എന്തെങ്കിലും വെട്ടിമാറ്റിയിട്ടില്ല ചില തിരുത്തലുകളാണ് വരുത്തിയത്. 2005 ല്‍ വിഎസ് നടത്തിയ പ്രസ്താവനയാണ് ശരിക്കും ഈ ചിത്രം ആരംഭിക്കുന്നത്. അതില്‍ നിന്നും 15 വര്‍ഷം എടുത്ത് നടത്തിയ യാത്രയാണ് ഈ സിനിമ.
എത്ര പെണ്‍കുട്ടികള്‍ മതം മാറി, എത്ര പെണ്‍കുട്ടികളെ കാണാതായി തുടങ്ങിയ കാര്യങ്ങളില്‍ കേരള സർക്കാർ വിവരാവകാശത്തിന് മറുപടിയായി നൽകിയത് ഇല്ലാത്ത വെബ്സൈറ്റ് വിലാസമാണെന്നും സുദീപ് തോ സെൻ പറയുന്നു. സിനിമ ഇസ്ലാമിക വിരുദ്ധം എന്ന് പറയുന്നതിനോട് ഇസ്ലാമിനെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഇസ്ലാമോഫോബിയയെക്കുറിച്ച് അറിയില്ലെന്നും ‘ദ കേരള സ്റ്റോറി’ സംവിധായകൻ സുദീപ്തോ സെൻ പ്രതികരിച്ചു.
അതേ സമയം ദ കേരള സ്റ്റോറിക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി കേരള സർക്കാർ. സംസ്ഥാനത്ത് പ്രദർശന അനുമതി നിഷേധിക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നാണ് വിവരം. സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമോപദേശം നേടിയത്. മെയ് 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നേരത്തെ കേരള സ്റ്റോറി സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
അതേ സമയം ‘ദ കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശാനുമതി ലഭിച്ചു. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഒപ്പം ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച ഭാഗങ്ങള്‍ ഇങ്ങനെയാണ്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.
