News
ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്, മുകേഷ് തോല്‍ക്കും; സുരേഷ് ഗോപി ബിജെപി അല്ലായിരുന്നുവെങ്കില്‍ പ്രചാരണത്തിന് പോയേനെ; ജോയ് മാത്യു
ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്, മുകേഷ് തോല്‍ക്കും; സുരേഷ് ഗോപി ബിജെപി അല്ലായിരുന്നുവെങ്കില്‍ പ്രചാരണത്തിന് പോയേനെ; ജോയ് മാത്യു
തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടി കാണിക്കാത്ത വ്യക്തിയാണ് നടന് ജോയ് മാത്യു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നടത്തുന്ന പ്രതികരണങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ ജോയ് മാത്യു കേരളത്തിലെ സ്ഥാനാര്‍ഥികളെ കുറിച്ചും ജയപരാജയ സാധ്യതകളെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ശക്തമായ മത്സരം നടക്കുന്ന വടകര മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്നാണ് ജോയ് മാത്യു പറയുന്നത്. ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സുരേഷ് ഗോപി ബിജെപി അല്ലായിരുന്നു എങ്കില്‍ താന്‍ പ്രചാരണത്തിന് പോയേനെ എന്നും ജോയ് മാത്യു പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിക്കാറുണ്ട്. സജീവ രാഷ്ട്രീയക്കാരനാകാന്‍ സാധിക്കില്ല.
മുഴുവന്‍ സമയവും ജനങ്ങളോടൊപ്പം നില്ക്കേണ്ടതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. കോഴിക്കോട് പ്രദീപ് കുമാറിന് വേണ്ടിയും അഴീക്കോട് നികേഷ് കുമാറിന് വേണ്ടിയും നേരത്തെ താന്‍ പ്രചാരണത്തിന് പോയിട്ടുണ്ട്. സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണത്തിന് പോകുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. സുരേഷ് ഗോപി നല്ല വ്യക്തിയാണ് എന്ന് ജോയ് മാത്യു പറയുന്നു.
എന്തു പ്രശ്നം വന്നാലും വിളിച്ചു ചോദിക്കും. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് മാത്രമാണ് വിയോജിപ്പ്. സ്വതന്ത്രനായി മല്‍സരിക്കുകയാണെങ്കില്‍ സുരേഷ് ഗോപിക്ക് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയേനെ എന്നും ബിജെപി എന്ന് പറയുമ്പോള്‍ രാഷ്ട്രീയം വരുമെന്നും ജോയ് മാത്യു പറഞ്ഞു. വടകരയില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്ന് ഉറപ്പാണ്. ടിപി കേസിലെ പുതിയ ഹൈക്കോടതി വിധി വന്നതും കുഞ്ഞനന്തനെ അനുകൂലിച്ച് ശൈലജ ടീച്ചര്‍ പ്രതികരിച്ചതും ഇടതുപക്ഷത്തിന് തിരിച്ചടിയായി.
ബോം ബ് സ്ഫോടനവും അവര്‍ക്ക് തിരിച്ചടിയാണ്. ബോം ബ് യഥാര്‍ഥത്തില്‍ ലക്ഷ്യമിട്ടത് ആരെയാണ്. ടീച്ചറെ അവിടെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും ആകാം. ടീച്ചര്‍ നല്ല വ്യക്തിയാണ് എന്നാണ് കേട്ടിട്ടുള്ളത്. വടകരയില്‍ ശൈലജ ടീച്ചര്‍ പരാജയപ്പെടുകയാണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം. ഇപ്പോള്‍ പരാജയപ്പെട്ടാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാം, മുഖ്യമന്ത്രിയാകുകയും ചെയ്യാം.
ടീച്ചര്‍ മുഖ്യമന്ത്രിയാകേണ്ട ആളാണെന്നും ജോയ് മാത്യു പറയുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ ജയിക്കുമെന്ന് ഉറപ്പിക്കാം. മറ്റേത് കെട്ടിയറക്കിയ സ്ഥാനാര്‍ഥിയാണെന്നും ജോയ് മാത്യു പറഞ്ഞു. കൊല്ലം മണ്ഡലത്തില്‍ പ്രേമചന്ദ്രന് ജയിക്കും. മുകേഷ് തോല്‍ക്കും, മുകേഷ് തന്റെ സുഹൃത്താണ്. തൃശൂരില്‍ മൂന്ന് സ്ഥാനാര്‍ഥികളും മികച്ചതാണ്. നല്ല മല്‍സരമാണ്. കേരളത്തിലെ ഇടതു സ്ഥാനാര്‍ഥികളില്‍ മികച്ച വ്യക്തി സുനില്‍ കുമാറാണ്. സുനില്‍ കുമാറോ മുരളീധരനോ ജയിച്ചോട്ടെ എന്നും ജോയ് മാത്യു സരസമായി പറഞ്ഞു. രണ്ടു പേരും ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
