News
ഇന്ത്യന്‍ 2 വിന്റെ തായ്‌വാന്‍ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് കാളിദാസ്
ഇന്ത്യന്‍ 2 വിന്റെ തായ്‌വാന്‍ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് കാളിദാസ്
കമല്‍ ഹാസന്‍-ശങ്കര്‍ ചിത്രത്തിന്റെ ചിത്രീകരണം അവസാനത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഷൂട്ടിങ്ങിന്റെ ഭാഗമായി തായ്‌വാനിലേക്ക് തിരിച്ചത്. ഇപ്പോഴിതാ സിനിമയില്‍ പുതിയ ഷെഡ്യൂളില്‍ നടന്‍ കാളിദാസ് ജയറാമും ജോയിന്‍ ചെയ്തിരിക്കുകയാണ്. ശങ്കറും കാളിദാസും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
നേരത്തെ ‘മീന്‍ കുഴമ്പും മണ്ണ് പാനയും’, ‘വിക്രം’, എന്നീ ചിത്രങ്ങളില്‍ കമല്‍ ഹാസനും കാളിദാസും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിക്രമില്‍ കമലിന്റെ മകനായാണ് നടന്‍ അഭിനയിച്ചത്. കാളിദാസ് നായകനായ മീന്‍ കുഴമ്പും മണ്ണ് പാനയില്‍ അതിഥി വേഷത്തിലാണ് കമല്‍ ഹാസന്‍ എത്തിയത്.
അതേസമയം ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ആക്ഷന്‍ സീക്വന്‍സുകളാണ് തായ്‌വാന്‍ ഷെഡ്യൂളില്‍ ചിത്രീകരിക്കുക. ഇതായിരിക്കും സിനിമയുടെ അവസാന ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ സിനിമ പൂര്‍ത്തിയാകും എന്നാണ് ശങ്കര്‍ പറഞ്ഞത്. എന്നാല്‍ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം പിന്നീടുണ്ടാകും. വിഎഫ്എക്‌സ് ജോലികള്‍ ജൂണിന് ശേഷം ആരംഭിക്കും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെസ്റ്റിവെല്‍ റിലീസ് ആക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
കമല്‍ഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്‍കിയ 1996ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് ‘ഇന്ത്യന്‍ 2’. ഇടക്കാലത്ത് നിലച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പുനരാരംഭിച്ചത്. ശങ്കറിന്റെ സിനിമകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമയായിരിക്കും ഇത്. സിനിമയ്ക്ക് ഏകദേശം 3 മണിക്കൂര്‍ 10 മിനിറ്റ് ദൈര്‍ഘ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാജല്‍ അഗര്‍വാളാണ് സിനിമയിലെ നായിക. ഐശ്വര്യ രാജേഷ്, ഡല്‍ഹി ഗണേഷ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് നിര്‍മ്മാണം. മലയാളി നടന്‍ നന്ദു പൊതുവാളും ചിത്രത്തിലുണ്ട്.
