Bollywood
ശില്പ ഷെട്ടിയെ റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ച സംഭവം; അപ്പീല്‍ തള്ളി സെഷന്‍സ് കോടതി
ശില്പ ഷെട്ടിയെ റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ച സംഭവം; അപ്പീല്‍ തള്ളി സെഷന്‍സ് കോടതി
ബോളിവുഡ് താരം ശില്പ ഷെട്ടിയെ ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ പരസ്യമായി ചുംബിച്ചതുമായി ബന്ധപ്പെട്ട കേസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത് സെഷന്‍സ് കോടതി ശരിവെച്ചു. മജസ്‌ട്രേറ്റ് കോടതിയുടെ തീരുമാനത്തിനെതിരേ നല്‍കിയ അപ്പീലാണ് തിങ്കളാഴ്ച സെഷന്‍സ് കോടതി തള്ളിയത്.
എയ്ഡ്‌സ് രോഗത്തെക്കുറിച്ച് അറിവ് പകരാനായി 2007ല്‍ രാജസ്ഥാനില്‍ നടത്തിയ ഒരു പരിപാടിയ്ക്കിടെയാണ് ഗെരെ ശില്പാഷെട്ടിയെ പരസ്യമായി ചുംബിച്ചത്. ഇത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി.
ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ച പ്രവൃത്തിയായിരുന്നില്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു പേര്‍ക്കുമെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് രാജസ്ഥാന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സുപ്രീം കോടതിയുടെ ഉത്തരവിലൂടെ കേസ് പിന്നീട് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2022ല്‍ മുംബൈയിലെ മജസ്‌ട്രേറ്റ് കോടതി ശില്പഷെട്ടിയ്‌ക്കെതിരേയുള്ള കേസ് തള്ളുകയായിരുന്നു.
ശില്പാ ഗെരെയുടെ പ്രവൃത്തിയുടെ ഇരയാവുകയായിരുന്നു എന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരേ പ്രോസിക്യൂഷന്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മജിസ്‌ട്രേറ്റ് കോടതി കേസ് തള്ളിയതെന്നും അതിനാല്‍ സെഷന്‍സ് കോടതിയും അത് മാനിക്കണമെന്നായിരുന്നു ശില്പയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.
