ധോണിയും രാഹുലും തകര്‍ത്തടിച്ചു, ചാഹലും കുല്‍ദീപും എറിഞ്ഞ് വിഴ്ത്തി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.
രണ്ടാം സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 95 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സസെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 49.3 ഓവറില്‍ 264 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെ തുടങ്ങിയെങ്കിലും ധോണിയുടെയും കെ.എല്‍ രാഹുലിന്റെയും സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മെച്ചപ്പെട്ട സ്കോറില്‍ എത്തുകയായിരുന്നു. 50 റണ്‍സിനിടെ ഇന്ത്യയുടെ മുന്‍ നിര ബാറ്റ്സ്മാന്മാരായ രൊഹിത് ശര്‍മ്മയെയും ശിഖര്‍ധവാനെയും ബംഗ്ലാദേശ് ബൗളര്‍മാര്‍ പുറത്താക്കിയെങ്കിലും വിരാട് കോഹ്ലി കെഎല്‍ രാഹുല്‍ മഹേന്ദ്രസിങ് ധോണി എന്നിവരുടെ മികവില്‍ ടീം ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. 102/4 ല്‍ നിലയില്‍ നിന്നും ധോണിയും രാഹുലും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 164 റണ്‍സാണ് നേടിയത്. 99 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയ രാഹുലിനെ ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായെങ്കിലും എംഎസ് ധോണിയുടെ വെടിക്കെട്ട് പ്രകടനം ടീമിന്റെ സ്കോര്‍ 300 കടത്തുകയായിരുന്നു.
47 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോഹ്ലിയെ നഷ്ടമായ ശേഷം വിജയ് ശങ്കറും വേഗം മടങ്ങിയ ശേഷം മത്സരം മാറ്റി മറിയ്ക്കുന്ന കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി രാഹുലും ധോണിയും പുറത്തെടുത്തത്. എംഎസ് ധോണി 78 പന്തില്‍ നിന്ന് 113 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്താകുകയായിരുന്നു. രണ്ട് വീതം വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനും റൂബല്‍ ഹൊസൈനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. അവസാന രണ്ട് പന്തുകളില്‍ നിന്ന് ഒരു സിക്സും ഫോറും നേടിയ ജഡേജ(11*)യും ഹാര്‍ദ്ദിക് പാണ്ഡ്യയും(21) ഇന്ത്യന്‍ സ്കോറില്‍ സംഭാവന ചെയ്തു.
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 359 വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.3 ഓവറില്‍ 264 റണ്‍സിന് എല്ലാവരും പുറത്തായി. നല്ല തുടക്കത്തോടെ ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശിന്റെ രണ്ട് ബാറ്റ്സ്മാന്മാരെ 50 സ്കോറില്‍ നില്‍ക്കെ പത്താം ഓവറില്‍ ബുംറ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ പുറത്താക്കിയതോടെ ബാറ്റിംഗ് നിരയുടെ താളം നഷ്ടപ്പെട്ടു.
സൗമ്യ സര്‍ക്കാര്‍(25), ഷക്കീബ് ഉള് ഹസന്(0) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ലിറ്റണ്‍ ദാസിന്റെയും(73) മുഷ്ഫിക്കര്‍ റഹിമിന്റെയും(90) പ്രകടനമാണ് ബംഗ്ലാദേശ് ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ജഡേജ ഒരു വിക്കറ്റും നേടി.
India beat Bangladesh by 95 runs in ICC World Cup 2019 Warm-up match
