ആയുസു മുഴുവൻ മാമാങ്കത്തിനായി മാറ്റി വച്ച അദ്ദേഹത്തെ പുറത്താക്കിയിട്ട് ചെയ്യുന്നത് നെറികേടാണെന്നു പദ്മകുമാർ സാറെങ്കിലും ഓർക്കണം ! – യുവ സംവിധായകൻ രംഗത്ത് ..
By
മാമാങ്കം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവും ഒപ്പം സംവിധായകൻ സഹീവ് പിള്ളയെ പുറത്തിക്കിയെന്ന പ്രഖ്യാപനവുമായി നിർമാതാവ് വേണു കുന്നപ്പിള്ളി രംഗത്ത് വന്നിരുന്നു. യാതൊരു സിനിമ പരിചയവും സജീവ് പിള്ളാക്കില്ലെന്നും ധാരാളം നഷ്ടം വരുത്തിയെന്നുമൊക്കെയാണ് നിർമാതാവ് പറഞ്ഞത്. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് യുവ സംവിധായകൻ സജിൻ ബാബു.
സജിന്റെ കുറിപ്പ് വായിക്കാം–
മമ്മൂട്ടി നായകനാകുന്ന ‘മാമാങ്കം’ സിനിമയുടെ സംവിധായകനെതിരെ പലതരത്തിലുള്ള പ്രചരണങ്ങളും കേള്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 2002ല്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ കുട്ടികള്‍ കുതിര മാളിക കാണുന്നതിനായാണ് തിരുവനന്തപുരത്ത് പോയത്. അവിടെ ഒരു ഷൂട്ടിങ് നടക്കുകയായിരുന്നു. ടിവിയില്‍ മാത്രം കണ്ടിട്ടുള്ള നെടുമുടി വേണു സാര്‍, ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ സാറിനെയൊക്കെ അവിടെ കാണാന്‍ കഴിഞ്ഞു.
എന്റെ ജീവിതത്തില്‍ ആദ്യമായാണ് നേരിട്ട് ഷൂട്ടിങ് കാണുന്നത്. എല്ലാവരും കാഴ്ച കണ്ട് തിരികെ പോകുമ്പോള്‍ ഞാനും എന്റെ സുഹൃത്ത് സജീറും തിരികെ പോകാതെ പതുങ്ങി ഷൂട്ടിങ് കണ്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ‘നിഴല്‍ കൂത്ത്’ എന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമയാണ് നടക്കുന്നതെന്ന്. സെറ്റില്‍ അധികമാരും മിണ്ടുന്നതും, സംസാരിക്കുന്നതും കണ്ടില്ല. വളരെ സജീവമായി ഒരാല്‍ മാത്രം ഓടി നടക്കുന്നത് ശ്രദ്ധയില്‍പെട്ടു.
ഷൂട്ടിങ് കണ്ട് മണിക്കൂറുകള്‍ പോയതറിഞ്ഞില്ല. ഇതിനിടയില്‍ ചായ കുടിക്കുന്ന ഇടവേളയില്‍ സെറ്റില്‍ ഓടി നടന്നിരുന്ന ആളിനെ പരിചയപ്പെടാന്‍ ശ്രമിച്ചു.അദ്ദേഹമായിരുന്നു ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍. മൂപ്പര്‍ നല്ല രീതിയില്‍ സംസാരിക്കുകയും ചോദിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. എന്റെ വീട് എവിടെയാണന്ന് ചോദിച്ചു? ഞാന്‍ ചുള്ളിമാനൂരിനടുത്തെ വെമ്പിലാണെന്ന് പറഞ്ഞപ്പോള്‍ എന്റെ വീടും അതിനടുത്ത് വിതുരയിലാണെന്ന് പറഞ്ഞു. ഇപ്പോള്‍ പോയാലെ അവിടേക്കുള്ള ലാസ്റ്റ് ബസ് കിട്ടത്തുള്ളൂ എന്നും ഞങ്ങളെ ഓര്‍മ്മിപ്പിച്ചു.
അദ്ദേഹത്തിന്റെ വീട്ടിലെ ലാൻഡ് നമ്പര്‍ എഴുതി തരികയും ചെയ്തു. അങ്ങനെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി പരിചയപ്പെട്ട സിനിമാക്കാരനാണ് സജീവ് പിള്ള. മൂപ്പര്‍ക്കാണ് സിനിമയില്‍ ഒരു എക്‌സ്പീരിയന്‍സും ഇല്ലായെന്നും, ആരുടെ കൂടെയും വര്‍ക്ക് ചെയ്ത് പരിചയമില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 12 വര്‍ഷത്തോളമെടുത്ത് പൂര്‍ത്തിയാക്കിയ തിരക്കഥയുടെ ഫൈനല്‍ റിസള്‍ട്ട് എങ്ങനെയെന്ന് സംവിധാകന് നന്നായറിയാം.
അല്ലാതെ നാലഞ്ച് സീന്‍ കളറും, സിജി യും, സൗണ്ടുമൊന്നും ചെയ്യാതെ റഫ് എഡിറ്റ് മാത്രം ചെയ്ത് കണ്ടിട്ട് വിലയിരുത്തിയ നിർമാതാവിനെയും, സില്‍ബന്തികളേയും സമ്മതിക്കണം. നിങ്ങള്‍ ഒരുപാട് കാശ് സിനിമക്കായി മുടക്കിപ്പോയി. അത് തിരിച്ച് കിട്ടണമെന്നത് ന്യായമായ കാര്യമാണ്. പക്ഷെ ആയുസ്സ് മുഴുവന്‍ സിനിമക്കായി നീക്കിവച്ച, ഈ പ്രോജക്ട് തുടങ്ങി വച്ച ആ മനുഷ്യനെ പുറത്താക്കിയിട്ട് സിനിമ പൂര്‍ത്തിയാക്കുന്നത് ശരിയായ നടപടിയല്ലായെന്നും, നെറികേടാണെന്നും പുതിയ സംവിധായകന്‍ പത്മകുമാര്‍ സാറെങ്കിലും ഓര്‍മ്മിച്ചാല്‍ നന്ന്.’–സജിൻ കുറിച്ചു.
നടന്‍ ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ അയാൾ ശശി, അസ്തമയങ്ങളുടെ വേനൽ എന്നിവയാണ് സജിൻ സംവിധാനം ചെയ്ത സിനിമകൾ.
director sajin babu about sajeev pillai
