ദൈവമേ എന്നെയൊന്ന് ഇവിടെ നിന്നും എടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു പോയിരുന്നു; ഡിംപൽ ഭാൽ
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം ‘എനർജൈസർ ഓഫ് ദി സീസൺ’ അവാർഡും ഡിംപല്‍ നേടിയിരുന്നു. ഏറെ ആരാധകരെ സമ്പാദിച്ച മത്സരാർത്ഥികളിൽ ഒരാളുകൂടിയാണ് ഡിംപൽ ഭാൽ. ഒരുപക്ഷെ ഷോയിൽ ഉടനീളം ചർച്ചചെയ്യപ്പെട്ട ഏക മത്സരാർത്ഥിയും ഡിംപൽ തന്നെയാകും. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ് തുറക്കുകയാണ് ഡിംപല്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വച്ചായിരുന്നു ഡിംപല്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
കണ്ടുപിടിക്കാന്‍ കുറച്ച് വൈകിപ്പോയി. വീട്ടുകാരൊക്കെ ബിസിയായിപ്പോയി. രണ്ടര വര്‍ഷം എടുത്തിട്ടാണ് കണ്ടെത്തുന്നത്. അതുവരെ അവര്‍ അവരുടേതായ ഡയഗണോസിസ് ആയിരുന്നു. കുട്ടിയ്ക്ക് ഗ്യാസ് വിലങ്ങിയതാണ്, പ്രേതം കയറിയതാണ് എന്നൊക്കൊയായിരുന്നു. രണ്ട് മാസം മുമ്പായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട് മരിച്ചു പോയത്. എന്റെ മടിയില്‍ കിടന്നാണ് മരിച്ചത്. അവളുടെ പേരാണ് ജൂലിയറ്റ്.
സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു. ഉറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്നെ ആദ്യം കാണിക്കാന്‍ കൊണ്ടു പോയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് പെട്ടെന്ന് പൊക്കം വച്ചതു കൊണ്ടാണെന്നായിരുന്നു. ജൂലിയറ്റിന്റെ മരണത്തിന്റെ ട്രോമയില്‍ നിന്നും മുക്തയാകുന്നതിന് മുമ്പായിരുന്നു ഈ വേദന വരുന്നത്. ദൈവമേ എന്നെയൊന്ന് ഇവിടെ നിന്നും എടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു പോയിരുന്നു. എനിക്ക് പ്രശ്‌നമുണ്ടെന്ന് ഇവര്‍ക്ക് പറഞ്ഞു കൊടുക്കൂ, എന്നാലേ എന്നെ ചികിത്സിക്കുകയുള്ളൂവെന്നായിരുന്നു.
ആ ഡോക്ടര്‍ കുറച്ച് പെയിന്‍ കില്ലര്‍ തന്നിട്ട് പറഞ്ഞു വിട്ടു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ ഇടത്തേക്ക് വളഞ്ഞു പോയി. എന്റെ എല്ല് അങ്ങനെയായിപ്പോയതാണ്. ആശുപത്രിയില്‍ കാണിച്ചപ്പോള്‍ മോള്‍ക്ക് ഇത് ജന്മനാ ഉള്ള പ്രശ്‌നമാണോ എന്ന് ചോദിച്ചു. പിന്നെ എംആര്‍ഐ എടുപ്പിക്കണമെന്ന് പറഞ്ഞു. അപ്പോള്‍ എംഐര്‍ഐ ചെയ്താല്‍ കുട്ടിയുടെ ഭാവി തകരുമെന്ന് എല്ലാവരും പറഞ്ഞു. 2002ലാണ്, സ്‌കാനിംഗും റേഡിയേഷനുമൊക്കെ വന്ന സമയമാണ്. റേഡിയേഷന്‍ ചെയ്താല്‍ പെണ്‍കുട്ടിയുടെ ജീവിതം പോകുമെന്നാണ് എല്ലാവരും പറഞ്ഞത്.
എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ എന്നെ ഇവിടെ നിന്നും കൊണ്ടുപോയില്ലെങ്കില്‍ ഞാന്‍ ഓടിപ്പോകുമെന്ന് മമ്മിയ്ക്ക് കത്തെഴുതി. അങ്ങനെ എന്നെ കൊണ്ടു പോയി. മൂന്ന് മാസത്തെ ഗുളികയും കൊണ്ട് തിരിച്ചു പോന്നു. ഗുളിക കാരണം വയറ്റില്‍ അള്‍സറായി. ഒമ്പതാം ക്ലാസ് വരെ എല്ലാദിവസവും ആരുമറിയാതെ പെയിന്‍ കില്ലര്‍ കഴിച്ചു കൊണ്ടിരുന്നു. പരീക്ഷയ്ക്ക് പേരുമാത്രമാണ് എഴുതിയത്. അപ്പോഴേക്കും പെയിന്‍ കില്ലറുടെ എഫക്ട് കഴിഞ്ഞിരുന്നു.
ഒമ്പതാം ക്ലാസിലെ ഡയറിയില്‍ ഞാന്‍ എഴുതിയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. പിന്നെ ഞാനത് കത്തിച്ചു കളഞ്ഞു. ദൈവമെ എന്നെയൊന്ന് കൊന്ന് തരൂ. ഈ വേദന ആരും മനസിലാക്കുന്നില്ല. നാല് പെയിന്‍ കില്ലര്‍ വരെ കഴിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ സഹോദരിമാര്‍ മൂന്ന് പേരും മൂന്ന് സ്ഥലത്തായിരുന്നു അപ്പോള്‍. ഒമ്പതാം ക്ലാസ് ഫൈനല്‍ പരീക്ഷയാകുമ്പോഴേക്കും ഇനി പറ്റില്ലെന്ന് ഞാന്‍ വീട്ടുകാരോട് പറഞ്ഞു. എന്റെ അവസ്ഥ എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. വേദനയും ബോധം കെട്ട് വീഴുന്നതുമൊക്കെ.
ഡല്‍ഹിയ്ക്ക് തിരിച്ചു പോകാനുള്ള അടവാണെന്നായിരുന്നു ചുറ്റുമുണ്ടായിരുന്നവര്‍ കരുതിയിരുന്നത്. ഡല്‍ഹിയില്‍ വച്ചാണ് നട്ടെല്ലില്ലില്‍ നിന്നും സിറം എടുത്തത്. വലിയ സൂചിയായിരുന്നു. കുത്തിയത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. കരയാനുള്ള ഊര്‍ജ്ജമുണ്ടായിരുന്നില്ല. തളര്‍ന്നു പോയി. അത് കഴിഞ്ഞ് എംആര്‍ഐ എടുത്തു. അപ്പോഴാണ് ഇവര്‍ വിചാരിച്ചത് പോലെ വിലങ്ങോ ഗ്യാസോ അല്ലെന്ന് ബോധ്യമായത്. ക്യാന്‍സര്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സത്യത്തില്‍ സന്തോഷിച്ചൂ. ഇനിയെങ്കിലും ഇവര്‍ എന്നെ ചികിത്സിക്കുമല്ലോ.
രണ്ടരക്കൊല്ലം വേദനയുമായി ഞാന്‍ ഒറ്റയ്ക്ക് നടന്നു. ആരും എന്റെ കൂടെയുണ്ടായിരുന്നില്ല. വെര്‍ട്ടിബ്ര അലിഞ്ഞു പോകുന്നതായിരുന്നു പ്രശ്‌നം. അതിന്റെ കൂടെ ഒരു റിബ് ഫ്രാക്ചര്‍ഡ് ആയി. അലിഞ്ഞ വെര്‍ട്ടിബ്ര ചുരണ്ടിയെടുക്കുകയാണ് ചെയ്തത്. മോള് വലുതായ ശേഷം വരണം, സ്‌ക്രൂ ഇട്ട് തരാം നട്ടെല്ലിന് എന്ന് ഡോക്ടര്‍ അന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തമാശയായിട്ടാണ് കരുതിയത്. ജീവിതത്തില്‍ സ്‌പോര്‍ട്‌സ് ചെയ്യരുത്, കുനിയരുത് എന്നൊക്കെ പറഞ്ഞു. പക്ഷെ ഡോക്ടര്‍ ചെയ്യരുതെന്ന് പറഞ്ഞതൊക്കെ ഞാന്‍ ചെയ്തു.
ഈയ്യടുത്ത് വീണ്ടും സര്‍ജറി ചെയ്യേണ്ടി വന്നു. നടക്കാന്‍ വയ്യാത്ത അവസ്ഥ വന്നപ്പോഴാണ്. അത്രമാത്രം എന്റെ ശരീരത്തെ ഞാന്‍ ഉപ്രദവിച്ചിട്ടുണ്ട്. നട്ടെല്ലിന് അഞ്ച് സ്‌ക്രൂവും 44 സ്റ്റിച്ചുമുണ്ട്. പിന്നെ അഡീഷണലായി എന്റെ ആത്മവിശ്വാസവുമുണ്ട്. കിടക്കുന്നത് ഒരേ പൊസിഷനിലാണ്. സോഫ്റ്റ് ബെഡ് കണ്ട കാലം മറന്നു. തലയണയുമില്ല. വെറും പലകയിലാണ് സര്‍ജറി കഴിഞ്ഞത് മുതല്‍ കിടക്കുന്നത്. കൈ സ്‌ട്രെച്ച് ചെയ്യാന്‍ കൊതിയാകാറുണ്ട്.