കർശന ഉപാധികളോടെ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് കോടതി; കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്‌ക്കണം!!
By
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. കേരളം വിടാൻ പാടില്ല. ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്‌ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതി അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടാതെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. പ്രതി പരാതിക്കാരിയെയോ കേസുമായി ബന്ധപ്പെട്ടിട്ടുള്ള ആരെയും കാണാൻ പാടില്ലെന്നും, പരാതിക്കാരിയുമായി ഫോണിൽ ബന്ധപ്പെടരുതെന്നും കോടതി നിർദേശിച്ചു.
പീഡനക്കേസിൽ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് നടൻ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
നേരത്തേ സുപ്രീം കോടതിയിൽ നിന്ന് സിദ്ദിഖ് മുൻകൂർ ജാമ്യമെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സിദ്ദിഖിനെ ഹാജരാക്കുകയായിരുന്നു.
അതേസമയം സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ആദ്യം മുതൽ അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.
സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്സ്ബുക്ക് വഴിയാണെന്നും അഭിനയിക്കാൻ അവസരം നൽകാമെന്ന വാഗ്ദാനം നൽകി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.
ജാമ്യം നൽകുമ്പോൾ കർശന വ്യവസ്ഥകൾ വേണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. പരാതിക്കാരിയുടെ അഭിനയമോഹം ചൂഷണം ചെയ്തുകൊണ്ടാണ് സിദ്ദിഖ് ബലാത്സംഗം ചെയ്തത്. വിവരം പുറത്തുപറയുമെന്ന് പറഞ്ഞപ്പോൾ പരാതിക്കാരി പൂജ്യം സ്ഥാനത്താണെന്നും തനിക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന അവസരത്തിൽ ഹാജരാകണമെന്നും സാക്ഷിയെയോ പരാതിക്കാരിയെയോ ഒരു തരത്തിലും ആക്ഷേപിക്കുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി സിദ്ദിഖിനോട് ആവശ്യപ്പെടണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. കർശന വ്യവസ്ഥകളോടെ മാത്രമേ സിദ്ദിഖിന് ജാമ്യം അനുവദിക്കാവൂ എന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
2016 ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. 2016 ജനുവരി 28 ന് സിദിഖ് മസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു. അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ നടന്നത്.
പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി. നിള തിയറ്ററിൽ സിദ്ദിഖിന്‍റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിന് ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി.
മാതാപിതാക്കൾക്കും ഒരു സുഹൃത്തിനും ഒപ്പമാണ് പരാതിക്കാരി ഹോട്ടലിൽ എത്തിയത്. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.
പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് പ്രകാരം പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ബലാത്സംഗം, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.
കേസിൽ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് സിദ്ദിഖിൻ്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി നിന്ന് ലഭിച്ച ഇടക്കാല ആശ്വാസത്തിലാണ് ചോദ്യം ചെയ്യാൻ തയ്യാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചത്.
