Malayalam
ദിലീപിന് എന്ത് അടിസ്ഥാനത്തിലാണ് വിഐപി ദർശനം അനുവദിച്ചത്, വിഷയം ചെറുതായി കാണാൻ സാധിക്കില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ദിലീപിന് എന്ത് അടിസ്ഥാനത്തിലാണ് വിഐപി ദർശനം അനുവദിച്ചത്, വിഷയം ചെറുതായി കാണാൻ സാധിക്കില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
എല്ലാ കൊല്ലത്തെയും പതിവ് തെറ്റിക്കാതെ ഇത്തവണയും നടൻ ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. ഇപ്പോഴിതാ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയ വിഷയത്തിൽ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. എന്ത് അടിസ്ഥാനത്തിലാണ് വിഐപി ദർശനം അനുവദിച്ചതെന്നും വിഷയം ചെറുതായി കാണാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ദിലിപ് ദർശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ സന്നിധാനത്ത് എത്തിയ നടൻ രാത്രി 11ന് ഹരിവരാസനം പാടി നടയടക്കുന്ന വേളയിൽ തിരുനടയിൽ എത്തുകയായിരുന്നു.
തുടർന്ന് നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേയ്ക്ക് മടങ്ങിയ ദിലീപ് പിറ്റേന്ന് പുലർച്ചെ നിർമാല്യം കണ്ടു തൊഴുതു. തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് മലയിറങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഹൈകോടതി ഇടപെട്ടത്.
അതേസമയം നടന് വിഐപി പരിഗണന നൽകിയതിനെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർത്തുന്നുണ്ട്. വൃതമെടുത്ത് ഭഗവാനെ കാണാൻ മണിക്കൂറുകൾ ക്യൂ നിന്ന് ആ തിരുനടയിൽ എത്തുമ്പോൾ തന്നെ ഒരു നോക്കു കാണാനോ തൊഴാനോ സമ്മതിക്കാതെ ചില പോലീസുകാർ കൈക്കുപിടിച്ച് വലിച്ച് മാറ്റും. ഇപ്പോഴോ, ഇവരെപ്പോലുള്ളവർക്ക് ആ നടയിൽ എത്ര നേരമെങ്കിലും നിൽക്കാം തൊഴാം’ ക്യൂവും നിൽക്കണ്ട. ഇത് അനുവദിക്കാൻ പാടില്ല. ഭഗവാന് സിനിമ നടനെന്നോ സാധാരണക്കാരനെന്നോ ഒന്നും ഇല്ല എന്നാണ് ഒരാൾ കുറിച്ചത്.
മാസക്കണക്കിന് വ്രതം എടുത്ത്,ഇരുമുടി കെട്ടി,മണിക്കൂറുകൾ ക്യൂ നിന്ന് നടക്കൽ എത്തുന്ന ഭക്തർ ഒക്കെ അയ്യപ്പനെ പോയിട്ട് ആ നട ഒന്ന് മിന്നായം പോലെ കണ്ടാലായി..ഇവനെ പോലത്തെ നേരും നെറിവും ഇല്ലാത്തവന്മാർക്ക് ഒക്കെ എത്ര മണിക്കൂറ് വേണേലും അവിടെ നിൽക്കാം, ആരും പിടിച്ചു തള്ളുകയുമില്ല, ഉന്തി മാറ്റുകയും ഇല്ല. ഇനി ഇയാള് എന്നല്ല ആരായാലും ഇത് പോലെ പക്ഷഭേദം പാടില്ല.
എല്ലാവരും സമമാണ്. VIP കളെ കേറ്റി നിർത്തി പ്രത്യേക പരിഗണനയിൽ നടയിൽ തൊഴീക്കുന്ന പരിപാടി അവസാനിപ്പിക്കണം. മറ്റുള്ള ഭക്തരോട് അവിടെ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം. എല്ലാവരേയും ഒരു പോലെ തൊഴാൻ അനുവദിക്കണം. എല്ലാരും വളരെ കഷ്ടപ്പാടും സഹിച്ച് ആരോഗ്യം പോലും നോക്കാതെയാണ് ഭഗവാനെ കാണാൻ അവിടെ ചെല്ലുന്നത്. പതിനെട്ടാംപടിയിൽ നിൽക്കുന്ന പോലീസുകാരും അയ്യപ്പൻമാരോട് ഒരു ദാക്ഷിണ്യവും ഇല്ലാതെയാണ് പെരുമാറുന്നത്.
VIP കൾക്ക് ഒരു പരിഗണനയും കൊടുക്കേണ്ട കാര്യമില്ല. ഇവരൊന്നും അത്ര നല്ല പ്രവർത്തി ചെയ്യുന്നവൻമാരൊന്നും അല്ല. എല്ലാം സഹിച്ച് അയ്യനെ തൊഴാൻ അവിടെ ചെന്നെത്തുന്ന സാധാരണ സ്വാമിമാർക്കു വേണ്ടി എന്ന് തുടങ്ങി നിരവധി പേരാണ് ഇത്തരത്തിലുള്ള കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
കടുത്ത ദൈവ വിശ്വാസിയായതിനാൽ തന്നെ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കർ സെന്റ് ജൂഡ് പുണ്യാളന്റെ അടുത്തേക്കായിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട അന്ന് മുതൽ ജഡ്ജി അമ്മാവന്റെ അടുക്കലും ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിലും സ്ഥിരം എത്താറുണ്ടായിരുന്നു.
മെഴുകുതിരി കത്തിച്ചും മാല ചാർത്തിയും പ്രാർഥിച്ചു. പള്ളിയിൽ സ്ഥിരമായി എത്തുകയും പ്രാർഥിക്കുകയും ചെയ്യാറുണ്ട് ദിലീപ്. വിശ്വാസ വഴയിലാണ് ദിലീപ് എന്നും സഞ്ചരിക്കാറുള്ളത്. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ശബരിമല ദർശനവും. അത് ഇപ്പോൾ വിവാദത്തിലും ചെന്ന് പെട്ടിരിക്കുകയാണ്.
അതേസമയം, പവി കെയർ ടേക്കർ എന്ന സിനിമയാണ് ദിലീപിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും ഒടുവിലെ ചിത്രം. ദിലീപിന്റെ രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രിൻസ് ആൻഡ് ഫാമിലി, ഭാഭാഭാ എന്നിവയാണ് അടുത്തവർഷം റിലീസിനെത്തുന്ന ദിലീപ് സിനിമകൾ. പ്രിൻസ് ആൻഡ് ഫാമിലിയുടെ ചിത്രീകരണം പൂർത്തിയായിരുന്നു.