general
ഓസ്കാര്‍ പുരസ്കാര നേട്ടത്തിന് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ബൊമ്മനും ബെള്ളിയും
ഓസ്കാര്‍ പുരസ്കാര നേട്ടത്തിന് പിന്നാലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ബൊമ്മനും ബെള്ളിയും
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള ഓസ്കര് പുരസ്കാരം നേടിയ എലിഫന്റ് വിസ്പറേഴ്സിലെ താര ദമ്പതിമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. തമിഴ്നാട് മുതുമല തെപ്പക്കാട് ആന സങ്കേതത്തിലെ പരിശീലകരായ ബൊമ്മനും പത്നി ബെള്ളിയുമാണ് ഗുരുവായൂര്‍ ദര്‍ശനത്തിയത്.
ബൊമ്മനും ബെള്ളിയും അവര്‍ മക്കളെ പോലെ വളര്‍ത്തിയ രണ്ട് കുട്ടിയാനകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് എലിഫന്റ് വിസ്പറേഴ്സ്. എല്ലാ വര്‍ഷവും മുടങ്ങാതെ ബൊമ്മനും ബെള്ളിയും ഗുരുവായൂരപ്പനെ കാണാന്‍ വരാറുണ്ട്.
തങ്ങളുടെ ജീവിതം പറഞ്ഞ ചിത്രത്തിന് ഓസ്കാര്‍ പുരസ്കാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും അതില്‍ ഗുരുവായൂരപ്പനോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടുമുണ്ടെന്ന് ബൊമ്മന് പറഞ്ഞു.
കൊച്ചുമകന് സഞ്ചുകുമാറിനോടൊപ്പം വൈകുന്നേരം നാലരയോടെ ദേവസ്വം ഓഫീസിലെത്തിയ ഇരുവര്‍ക്കും ദേവസ്വം സ്വീകരണം നല്കി. ഒസ്കര് പുരസ്കാരനേട്ടത്തില്‍ ഇരുവര്‍ക്കും ദേവസ്വത്തിന്റെ അഭിനന്ദനങ്ങള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന് നേര്‍ന്നു.
തുടര്‍ന്ന് അദ്ദേഹം ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്മാരായ എ കെ രാധാകൃഷ്ണന്, കെ എസ് മായാദേവി, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ആദരവേറ്റുവാങ്ങിയ ശേഷമാണ് ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തിയത്. ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എകെ രാധാകൃഷ്ണന് ബൊമ്മന് ബെള്ളി ദമ്പതിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. തമിഴ്നാട് വനം വകുപ്പിന് കീഴിലെ മുതുമല തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരാണ് ഇരുവരും. അച്ഛനും മുത്തച്ഛനുമെല്ലാം പരിശീലകരായിരുന്നു.
