News
ബ്രഹ്മപുരം; മമ്മൂട്ടി അയച്ച മൊബൈല്‍ നേത്ര പരിശോധന ക്യാമ്പ് വിജയകരം
ബ്രഹ്മപുരം; മമ്മൂട്ടി അയച്ച മൊബൈല്‍ നേത്ര പരിശോധന ക്യാമ്പ് വിജയകരം
വിഷപ്പുക ബാധിച്ച പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയച്ച മൊബൈല്‍ നേത്ര ചികത്സാ ക്യാമ്പ് പുരോഗമിക്കുന്നു. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയുമായി ചേര്‍ന്നുള്ള നേത്ര പരിശോധന ക്യാമ്പിന് ഇന്നു മുതല്‍ ആണ് തുടക്കമായത്. ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആണ്.
ബ്രഹ്മപുരത്തിന്റെ സമീപപ്രദേശമായ കരിമുകള്‍ ഭാഗത്തു ആരംഭിച്ച നേത്ര പരിശോധന ക്യാമ്പ് വിജയകരമായാണ് നടക്കുന്നത്. അഞ്ച് പ്രദേശങ്ങളെ കേന്ദ്രീകരിച്ചും കിടപ്പിലായ രോഗികള്‍ക്ക് അരികില്‍ ചെന്നും മെഡിക്കല്‍ സംഘം വൈദ്യസഹായം നല്‍കുന്നു. ഓരോ പ്രദേശത്തും വന്‍ജന തിരക്കാണ് അനുഭവപ്പെടുന്നത്.
എങ്കിലും എല്ലാവരുടെയും പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷമാണ് മെഡിക്കല്‍ സംഘം അടുത്ത പ്രദേശത്തേക്ക് നീങ്ങുന്നത്. അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ആവശ്യത്തിനുള്ള മരുന്നുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് കരിമുകള്‍ ഭാഗത്തുള്ള അമ്പലമേട് പൊലീസ് സ്‌റ്റേഷനും പരിശോധനയുടെ ഭാഗമാക്കി.
നേത്ര പരിശോധന ക്യാമ്പിന്റെ രണ്ടാം ദിനം തൃപ്പൂണിത്തറ മുന്‍സിപ്പാലിറ്റിയിലെ ഇരുമ്പനം ഭാഗത്തെ വിവിധ പ്രദേശങ്ങളായ വടക്കേ ഇരുമ്പനം, പേടിക്കാട്ട് കോറിയും പിന്നീട് കര്‍ഷക കോളനിയും ഭാസ്‌കരന്‍ കോളനിയും മെഡിക്കല്‍ യൂണിറ്റ് എത്തി പരിശോധനകള്‍ നടത്തും. മെഡിക്കല്‍ യൂണിറ്റിന്റെ യാത്ര പാതകള്‍ ലഭ്യമാകാനായി 9207131117 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
ആദ്യഘട്ടം ക്യാമ്പ് രാജഗിരി ആശുപത്രിയുമായി മൂന്ന് ദിവസം ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ഏറെ വിജയമായിരുന്നു. അമ്പലമേട് ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ റെജിയും സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും വാര്‍ഡ് മെമ്പര്‍ നിഷാദ്, മുണ്ടാട്ട് സിബി തോമസ്, എഡിഎസ് കുടുംബശ്രീ തുടങ്ങിയവര്‍ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തന നിരതരായി രംഗത്തുണ്ടായിരുന്നു.
