ലോകത്തെ മികച്ച 50 താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് താരം ഷാറുഖ് ഖാനും
ലോകത്തെ മികച്ച 50 താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് താരം ഷാറുഖ് ഖാനും. ഇന്ത്യയില്‍ നിന്ന് ഷാരൂഖ് മാത്രമാണ് ഇടം നേടിയത്. മര്‍ലോന്‍ ബ്രാന്‍ഡോ, മെറില്‍ സ്ട്രീപ്പ്, ഡെന്‍സെല്‍ വാഷിംഗ്ടണ്‍, ടോം ഹാങ്ക്‌സ്, ജാക്ക് നിക്കോള്‍സണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍. എംപയര്‍ മാസികയുടെ പട്ടികയിലാണ് ഷാരൂഖും ഉള്‍പ്പെട്ടിരിക്കുന്നത്.
ദേവദാസ്, മൈ നെയിം ഈസ് ഖാന്‍, സ്വദേശ് തുടങ്ങിയ ചിത്രങ്ങളെക്കുറിച്ച് മാസികയിൽ എടുത്തു പറയുന്നു. കോടികണക്കിന് ആരാധകരുള്ള താരമാണ് ഷാറുഖ് ഖാൻ എന്നും ബ്രിട്ടീഷ് മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു. നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാറുഖിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയുന്ന ‘പത്താൻ’ ആണ് അടുത്ത മാസം ഇറങ്ങുന്ന ഷാരൂഖ് ചിത്രം. ദീപിക പദുക്കോണ്‍ നായികയായെത്തുന്ന ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ വലിയ വിവാദമാണ് ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. വലിയ സിനിമകളാണ് ഇനി ഷാരൂഖിന്റേതായി പുറത്തിറങ്ങാൻ നിൽക്കുന്നത്. അടുത്ത വർഷം ഷാരൂഖ് ഖാന്റെ മൂന്ന് സിനിമകളാണ് പുറത്തിറങ്ങുന്നത്. അറ്റ്ലീ സംവിധാനം ചെയുന്ന ‘ജവാൻ’ രാജ്‌കുമാർ ഹിറാനി ചിത്രം ‘ഡുങ്കി’ ഇവയെല്ലാം ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ‘പത്താൻ’ ജനുവരി 25ന് തിയേറ്ററുകളിൽ എത്തും
