ഒറ്റയ്ക്ക് എവിടെയും പോകാൻ കഴിയില്ല, ചുറ്റും ധാരാളം അംഗരക്ഷകരാണുള്ളത് എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടത് സംഭവിക്കും ; സൽമാൻ
ബോളിവുഡിലെ ഏറ്റവുമധികം താരമൂല്യമുള്ള താരങ്ങളിൽ ഒരാളാണ് സൽമാൻഖാൻ. കരിയറിൽ ഉടനീളം വിവാദങ്ങളുടെ തോഴൻ കൂടിയാണ് ഈ സൂപ്പർതാരം. പ്രണയം, മാൻവേട്ട, വധഭീഷണി എന്നിങ്ങനെ സിനിമയ്ക്ക് പുറത്തും വാർത്തകളിലെ താരമാണ് സൽമാൻ.
കഴിഞ്ഞ കുറച്ചു നാളുകളായി അജ്ഞാത സന്ദേശങ്ങളിലൂടെയും ഫോൺ കോളുകളിലൂടെയും നിരവധി തവണയാണ് നടൻ സൽമാൻ ഖാന് നേര വധ ഭീഷണിയുണ്ടായത്. ഇതിന്റെ ഭാഗമായി വൻ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് താരം വീടിന് പുറത്തുപോലും ഇറങ്ങാറുള്ളത്. ഇപ്പോഴിതാ തനിക്കുനേരേയുള്ള വധഭീഷണിയെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ.
റോഡിൽ സൈക്കിൾ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല. ഈ സുരക്ഷ കാരണം മറ്റുള്ളവർക്കു കൂടിയാണ് അസൗകര്യം സൃഷ്ടിക്കുന്നത്. ചുറ്റും ധാരാളം അംഗരക്ഷകരാണുള്ളത്. എന്നിരുന്നാലും എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടത് സംഭവിക്കുമെന്ന് എനിക്കറിയാം, സൽമാൻ പറയുന്നു.
സുരക്ഷയാണ് സുരക്ഷിതമല്ലാത്തതിനെക്കാൾ നല്ലത്. ഞാൻ എല്ലായിടത്തും പൂർണ സുരക്ഷയോടെയാണു പോകുന്നത്. നിരവധി തോക്കുകൾ എന്നോടൊപ്പം ചുറ്റിനടക്കുന്നു. ഈ ദിവസങ്ങളിൽ ഞാൻ എന്നെത്തന്നെ ഭയപ്പെടുന്നു, സൽമാൻ കൂട്ടിച്ചേർത്തു. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് സാൽമാന് വേണ്ടിയൊരുക്കിയിരിക്കുന്നത്.
മുൻപ്, നടന് വധിഭീഷണി മുഴക്കി പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്ത 16 വയസുകാരനെ മുംബൈ പൊലീസ് പിടികൂടിയിരുന്നു.
മാർച്ച് 26ന് രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി കത്തും സൽമാന് ഖാന് ലഭിച്ചിരുന്നു. വധഭീഷണി കൂടുതലായതിനാൽ ഏറ്റവും സുരക്ഷയുള്ള നിസാൻ പാട്രോൾ എസ് യു വി കാർ സൽമാൻ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇതിന് മുൻപ് ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാൻഡ് ക്രൂയിസറിൽ മാത്രമാണ് താരം യാത്ര ചെയ്തിരുന്നത്.