News
സിനിമ നല്കുന്ന ചെറിയ അസ്വസ്ഥത പോലും എനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്; ആടുജീവിതം ഇതുവരെ തിയേറ്ററില്‍ കാണാതെ ബ്ലെസി
സിനിമ നല്കുന്ന ചെറിയ അസ്വസ്ഥത പോലും എനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്; ആടുജീവിതം ഇതുവരെ തിയേറ്ററില്‍ കാണാതെ ബ്ലെസി
ലോകമെമ്പാടും ഏറ്റവും മികച്ച അഭിപ്രായങ്ങളുമായി വിജയ യാത്ര ചെയ്യുന്ന ആടുജീവിതം സംവിധായകന് ഇതുവരെ തിയേറ്ററില്‍ ഇരുന്ന് കണ്ടില്ലേ?. ആ ചോദ്യത്തിന് ഇല്ലെന്നാണ് ബ്ലെസിയുടെ മറുപടി. തന്റെ സിനിമകള്‍ ആളുകളോടൊപ്പം കാണാറില്ല എന്നും തന്റെ ഓര്‍മയില്‍ അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നും ബ്ലെസി പറഞ്ഞു.
‘സിനിമയെ കുറിച്ച് ആളുകള്‍ എന്താണ് പറയുന്നത്, അതേ ഞാന്‍ കേട്ടിട്ടുള്ളു. അതല്ലാതെ ഇതുവരെ തിയേറ്ററില്‍ ചെന്ന് ഞാന്‍ സിനിമ കണ്ടിട്ടില്ല. ഇപ്പോള്‍ സിനിമ തിയേറ്ററില്‍ കണ്ടാല്‍ കൃത്യമായി വിലയിരുത്താന്‍ കഴിയില്ല. മാത്രമല്ല അവിടെ ഇരിക്കാന്‍ കഴിയില്ല.
സിനിമ നല്കുന്ന ചെറിയ അസ്വസ്ഥത പോലും എനിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും,’ ബ്ലെസി റേഡിയോ മാംഗോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. സിനിമ ആഗോളതലത്തില്‍ 75 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ 75 കോടി ക്ലബില്‍ ഏറ്റവും വേഗത്തിലെത്തുന്ന മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതം സ്വന്തമാക്കിയിരിക്കുകയാണ്.
ചിത്രം തിയേറ്ററുകളില്‍ എത്തിയ ദിവസം തൊട്ട് തന്നെ സിനിമയ്ക്ക് ഓസ്കര് പുരസ്കാരം കിട്ടുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോഴിതാ അക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന് ബ്ലെസ്സി. ഓസ്കര് കിട്ടുന്നത് വലിയ പ്രോസസ് ആണെന്നും അത് കോടികളുടെ ബിസിനസ്സ് കൂടിയാണെന്നും ബ്ലെസ്സി പറയുന്നു.
‘ഓസ്കര് കിട്ടുമെന്ന് ആളുകള്‍ സന്തോഷം കൊണ്ട് പറയുന്നതാണ്. ഏറ്റവും ഉയര്‍ന്നത് എന്ന രീതിയില്‍. ഇക്കാലത്ത് ഓസ്കാര്‍ കിട്ടുന്നത് എന്തുമാത്രം വലിയ പ്രോസസ്സ് ആണെന്ന് എല്ലാര്ക്കും അറിയുന്നതാണ്. അതിനുവേണ്ടി ശ്രമിക്കാന്‍ പറ്റുമോ എന്ന് പോലും അറിയില്ല.കാരണം ലോസ് ആഞ്ചലസ് തിയേറ്ററുകളില്‍ ഇത്ര ഷോകള്‍ നടത്തണം എന്നുണ്ട്.
പതിനായിരത്തില്‍ കൂടുതല്‍ ആളുകളില്‍ സ്വാധീനം ചെലുത്തണം. അവരെ സിനിമ കാണിക്കണം. അവര്‍ക്കു വേണ്ടി വലിയ പാര്‍ട്ടികള്‍ നടത്തണം. കോടികളുടെ വലിയ ബിസിനസ്സ് ആണ് ഓസ്കര്. അതിനൊക്കെ ഉള്ള അവസ്ഥ ഈ കൊച്ചു സിനിമയ്ക്കോ എനിക്കോ ഉണ്ടെന്ന് തോന്നുന്നില്ല.’ എന്നാണ് അഭിമുഖത്തില്‍ ബ്ലെസ്സി പറഞ്ഞത്.
