Malayalam
ആ സംഭവത്തിന് ശേഷം എന്നെ ചാനല്‍ പരിപാടിയിലേക്ക് വിളിച്ചിട്ടില്ല, ആ വരുമാനം ഇല്ലാതെ വന്നാല്‍ വീണ്ടും പഴയ പെയിന്റ് ബ്രഷ് എടുക്കേണ്ടി വരും; ബിനു അടിമാലി
ആ സംഭവത്തിന് ശേഷം എന്നെ ചാനല്‍ പരിപാടിയിലേക്ക് വിളിച്ചിട്ടില്ല, ആ വരുമാനം ഇല്ലാതെ വന്നാല്‍ വീണ്ടും പഴയ പെയിന്റ് ബ്രഷ് എടുക്കേണ്ടി വരും; ബിനു അടിമാലി
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ ബിനു അടിമാലി ഫോട്ടോഗ്രാഫറുടെ കാമറ തല്ലിപ്പൊട്ടിച്ചെന്ന ആരോപണം പുറത്തെത്തുന്നത്. പിന്നാലെ ഇത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ബിനു അടിമാലിയുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മീഡിയയൊക്കെ അറിയും മുന്നേ കോപ്രമൈസ് ചെയ്യാനായിരുന്നു ശ്രമിച്ചത്.
8 ലക്ഷം രൂപയുടെ ക്യാമറയാണ് തല്ലിപ്പൊട്ടിച്ചത്. താന്‍ അത് ലോണ്‍ എടുത്ത് വാങ്ങിയതാണ്. അതിന്റെ ലോണ്‍ അടവ് പോലും കഴിഞ്ഞിട്ടില്ല എന്നാണ് ജിനേഷ് പറയുന്നത്. ബിനുവിനെതിരെ തെളിവുകള്‍ നിരത്തിയാണ് ഫോട്ടോഗ്രാഫര്‍ ജിനേഷ് ബിനുവിന് എതിരെ രംഗത്തെത്തിയിരുന്നത്. ഫ്‌ലവേഴ്‌സിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നാണ് ജിനേഷ് പറഞ്ഞത്.
ഇപ്പോഴിതാ ജിനീഷ് തനിക്ക് ഒരു സഹോദരനെ പോലെയാണെന്ന് പറയുകയാണ് ബിനു അടിമാലി. ചാനല്‍ സ്റ്റുഡിയോയില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഞങ്ങളുടെ രണ്ടുപേരുടേയും ഈഗോ കൊണ്ടോ മറ്റോ കാര്യങ്ങള്‍ പിടിവിട്ടുപോയെന്നും ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബിനു അടിമാലി പറയുന്നു.
കോവിഡ് സമയത്ത് കുറച്ച് വീഡിയോ ചെയ്തിരുന്നു. അതില്‍ നിന്നും കിട്ടിയ വരുമാനം ഞങ്ങള്‍ വീതിച്ച് എടുത്തു. എവിടെയാണ് ഞങ്ങള്‍ തെറ്റാനുണ്ടായ കാരണം എന്ന് അറിയില്ല. കഴിഞ്ഞ ദിവസം സ്‌റ്റേഷനില്‍ വെച്ച് ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. ഞാന്‍ പുള്ളിയുടെ ദേഹത്ത് പിടിച്ചുകൊണ്ട് തന്നെ ‘എന്താ പറ്റിയത്. നമ്മള്‍ തമ്മില്‍ സംസാരിച്ച് തീരേണ്ട വിഷയമാണ്. പക്ഷെ കൈവിട്ട് പോയി’ എന്ന് പറഞ്ഞു.
അവനും എന്നോട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഈഗോ വരുമ്പോഴുണ്ടായ പ്രശ്‌നം ആയിരിക്കാം. ഒരു ധാരണയില്‍ എത്തി എല്ലാ മറക്കാനാണ് ശ്രമിക്കുന്നത്. എനിക്ക് അവന്‍ ഇപ്പോഴും ഒരു അനിയനെ പോലെയാണ്. അവനും എന്നെ ദ്രോഹിക്കണമെന്നില്ല. ഞാന്‍ ക്യാമറ തല്ലിപ്പൊട്ടിച്ചിട്ടൊന്നും ഇല്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും തെറ്റ് മനസ്സിലായി. ഒന്നിച്ച് കെട്ടിപ്പിടിച്ച് ഉറങ്ങിയവരാണ് ഞങ്ങളെന്നും ബിനു അടിമാലി പറയുന്നു.
ഞാന്‍ ആരോടും മത്സരിക്കാന്‍ ഇല്ല. എനിക്കും അരി മേടിക്കണം. അവനും അരി മേടിക്കണം. ഫ്‌ലവേഴ്‌സിലെ ജോലി നഷ്ടമായിട്ടില്ലെന്ന് തന്നെയാണ് കരുതുന്നത്. ആ സംഭവത്തിന് ശേഷം എന്നെ ചാനല്‍ പരിപാടിയിലേക്ക് വിളിച്ചിട്ടില്ല. ശ്രീകണ്ഠന്‍ സാറെ പോയി കണ്ടാല്‍ എല്ലാം ശരിയാകുമെന്നാണ് വിശ്വാസം. അദ്ദേഹമൊക്കെ എന്നെ അത്രയധികം സ്‌നേഹിക്കുന്ന ആളാണ്.
ഞാന്‍ പോയി അദ്ദേഹത്തെ കണ്ട് മാപ്പാക്കണമെന്ന് പറഞ്ഞിരുന്നു. കുഴപ്പമൊന്നിമില്ലെന്നാണ് വ്യക്തമാക്കിയത്. സ്റ്റാര്‍മാജിക്കിലേക്ക് വീണ്ടും വിളിക്കുമെന്നാണ് കരുതുന്നത്. തിരിച്ച് വിളിച്ചാല്‍ സന്തോഷത്തോടെ പോകും. എന്നെ ഇവിടം വരെ എത്തിച്ച പരിപാടിയാണല്ലോ. ചെറിയ ചില സിനിമകള്‍ പോലും സ്റ്റാര്‍ മാജിക്കിന് വേണ്ടി ഒഴിവാക്കിയിട്ടുണ്ട്. ഈ പരിപാടിയില്‍ വന്നതിന് ശേഷം എല്ലാ വിധ സൌഭാഗ്യങ്ങളും ഉണ്ടായത്. ഈ വഴി മുട്ടിയാല്‍ വേറെ എന്തെങ്കിലും വഴി ദൈവം കാണിച്ച് തരുമായിരിക്കും.
പണം വന്നപ്പോള്‍ ഞാന്‍ അഹങ്കാരിയായി എന്ന് പറയാന്‍ അത്രമാത്രം പണം എവിടെയാണ് വന്നത്. കടവും കാര്യങ്ങളുമില്ലാതെ കുഴപ്പമില്ലാതെ ജീവിച്ച് പോകുന്നുണ്ട്. സ്റ്റാര്‍മാജിക്കില്‍ നിന്നും കൃത്യമായ ഒരു തുക കിട്ടുന്നുണ്ട്. അതുകൊണ്ടാണ്ടാണ് വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ഇതുവരെ ജീവിച്ച് വന്നത്. ആ വരുമാനം ഇല്ലാതെ വന്നാല്‍ വീണ്ടും പഴയ പെയിന്റ് ബ്രഷ് എടുക്കേണ്ടി വരും.
പത്താംക്ലാസിന് ശേഷം പഠിത്തം നിര്‍ത്തിയതാണ്. കലാപരിപാടികളുമായി മുന്നോട്ട് പോകുകയായിരുന്നു. പരിപാടികള്‍ ഇല്ലാത്ത സമയത്ത് പെയിന്റിങ് പണിക്ക് പോകും. അടിമാലിയില്‍ ചെറിയൊരു ട്രൂപ്പ് ഉണ്ടാക്കിയിരുന്നു. അടിമാലി ഫെസ്റ്റ് എന്ന പരിപാടിക്ക് കൊച്ചിന്‍ സരിഗ എന്ന ടീമിനെ കൊണ്ടുവന്ന് ഞങ്ങളും അവരോടൊപ്പം ചേര്‍ന്ന് പരിപാടി അവതരിപ്പിച്ചു. അതോടെ അവരുടെ കൂടെ കൂടുതല്‍ വേദികള്‍ കിട്ടിത്തുടങ്ങി.
തുടക്കകാലത്തൊക്കെ ചെറിയ പൈസയൊക്കെയാണ് കിട്ടുന്നത്. ഒരു പരിപാടിക്ക് 100 രൂപയൊക്കെയാണ് ലഭിക്കുക. കല ഉള്ളില്‍ കയറിയാല്‍ പൈസ കിട്ടിയില്ലെങ്കിലും ജനങ്ങളുടെ കയ്യടി കിട്ടുമ്പോഴുള്ള ഒരു ആശ്വാസം വേറെ തന്നെയാണ്. റേറ്റ് നോക്കാതെ പരിപാടി പിടിക്കാനാണ് ഞാന്‍ ഇപ്പോഴും പറയാറുള്ളത്. കോതമംഗലത്ത് അടുത്തിടെ ഒരു പരിപാട് അവതരിപ്പിച്ചത് അവര്‍ പറഞ്ഞ ഒരു പൈസയ്ക്കാണെന്നും ബിനു അടിമാലി കൂട്ടിച്ചേര്‍ക്കുന്നു.