TV Shows
തമിഴ് ബിഗ് ബോസിൽ മലയാളം; മോഹൻലാൽ അന്ന് റിയാസിനോട് ചെയ്തത് കണ്ടില്ലേ..?; തമിഴ് പ്രേക്ഷകർക്കിടയിൽ മലയാളം ബിഗ് ബോസ്!
തമിഴ് ബിഗ് ബോസിൽ മലയാളം; മോഹൻലാൽ അന്ന് റിയാസിനോട് ചെയ്തത് കണ്ടില്ലേ..?; തമിഴ് പ്രേക്ഷകർക്കിടയിൽ മലയാളം ബിഗ് ബോസ്!
ഇന്ത്യ മുഴുവൻ ശ്രദ്ധനേടിയ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം പ്രചാരത്തിലുള്ള ബിഗ് ബോസിന് കേരളത്തിലും വലിയ ആരാധകരാണുള്ളത്. ബിഗ് ബോസ് മലയാളത്തിൽ നാല് സീസണുകൾ പൂർത്തിയായി. ഡാൻസർ ആയ ദിൽഷ പ്രസന്നൻ ആണ് ഇക്കഴിഞ്ഞ സീസണിലെ വിജയി ആയത്. കഴിഞ്ഞ മൂന്ന് സീസണിൽ നിന്നും ഏറെ ജനപ്രീതി നേടിയ സീസണായിരുന്നു നാലാം സീസൺ.
ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികൾ, സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് കാരണമായ വിവാദങ്ങൾ, ആരാധകരുടെ ചേരി തിരിയൽ തുടങ്ങിയവയൊക്കെ ബിഗ് ബോസ് നാലാം സീസണിന്റെ ഹൈപ്പ് കൂട്ടി. മത്സരാർത്ഥികളായിരുന്ന റോബിൻ രാധാകൃഷ്ണൻ, ലക്ഷ്മിപ്രിയ, റിയാസ് സലിം തുടങ്ങിയവർക്കെല്ലാം വലിയ ജനസ്വീകാര്യത ബിഗ് ബോസിലൂടെ നേടാനായി.
തമിഴ് ബിഗ് ബോസിന് മലയാളത്തിൽ നിന്നും ആരാധകർ ഉണ്ട്. കമൽഹാസനാണ് തമിഴ് ഷോയുടെ അവതാരകൻ. തമിഴിൽ ബിഗ് ബോസിന്റെ ആറാം സീസൺ സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു എവിക്ഷൻ. അസീം, വിക്രമൻ, കതിരവൻ, ആയിഷ, ഷെറിന എന്നിവർ ആയിരുന്നു നോമിനേഷനിൽ വന്നത്. ഇതിൽ ഷെറിന ആണ് പുറത്തായത്.
ഷെറിന പുറത്തായതാണ് തമിഴ്നാട്ടിലെ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ച ആവുന്നത്. ഷോയിൽ നിരന്തരമായി മലയാളത്തിൽ സംസാരിച്ചിരുന്ന മത്സരാർത്ഥി ആണ് ഷെറിന. കമൽഹാസൻ നേരത്തെ പല തവണ ഇതിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവർ മലയാളം സംസാരിക്കുന്നത് തുടർന്നു. ഒടുവിൽ ഇതിന് മറുപടി എന്നോണമായിരുന്നു ഷെറിനിന്റെ പുറത്താവൽ. മലയാളത്തിൽ ഷെറിൻ എന്ന പേര് എഴുതി കാണിക്കുകയാണ് എവിക്ഷൻ റൗണ്ടിൽ കമൽഹാസൻ ചെയ്തത്.
മലയാളം സംസാരിച്ചതിന് മത്സരാർത്ഥി പുറത്തായി എന്ന തരത്തിലും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്, ഇതിനിടെ ഭാഷയുടെ പ്രശ്നം മോഹൻലാൽ ബിഗ് ബോസിൽ കൈകാര്യം ചെയ്തത് എങ്ങനെയെന്നും തമിഴ് ബിഗ് ബോസ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കമൽ ഹാസന്റെയും മോഹൻലാലിന്റെയും പ്രതികരണം കൂട്ടിച്ചേർത്തുള്ള ഒരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
മലയാളം ബിഗ് ബോസിൽ റിയാസ് സലിം തുടർച്ചയായി ഇംഗ്ലീഷ് സംസാരിച്ചതായിരുന്നു മോഹൻലാലിനെ പ്രകോപിപ്പിച്ചത്. റിയാസിന് കർശന മുന്നറിയിപ്പ് മോഹൻലാൽ നൽകുകയും ചെയ്തു. ‘ഇത് മലയാളം ഷോ ആണ്. ഹിന്ദിയോ ഇംഗ്ലീഷോ അല്ല. നിങ്ങളവിടെ ചെന്നതിന് ശേഷം ബാക്കിയുള്ളവരും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. മര്യാദക്കുള്ള ഭാഷയിൽ സംസാരിച്ച് കളിക്കാനാണെങ്കിൽ അവിടെ നിൽക്കാം.
അല്ലെങ്കിൽ ഇപ്പോ ഇവിടെ വരാം,’ മോഹൻലാൽ റിയാസിനോട് അന്ന് പറഞ്ഞതിങ്ങനെ. മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ തമിഴിലും വൈറലാകുകയാണ്. ഇതോടെ മോഹൻലാൽ അവതാരകനായി എത്തിയതിൽ മലയാളികൾക്കുള്ള നീരസം മാറിയിട്ടുണ്ടെന്നു വേണം വിലയിരുത്താൻ.
about bigg boss
