Malayalam
ബിഗ്ബോസ് മലയാളത്തിൽ നിന്ന് മോഹൻലാൽ പിന്മാറുന്നു, പകരമെത്തുന്നത് പൃഥ്വിരാജ്?; സോഷ്യൽ മീഡിയയിൽ ചർച്ചകൾ
ബിഗ്ബോസ് മലയാളത്തിൽ നിന്ന് മോഹൻലാൽ പിന്മാറുന്നു, പകരമെത്തുന്നത് പൃഥ്വിരാജ്?; സോഷ്യൽ മീഡിയയിൽ ചർച്ചകൾ
നിരവധി കാഴ്ചക്കാരുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച പരിപാടി ഇന്ന് കന്നഡ,തമിഴ് , മലയാളം, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. എല്ലാ ഭാഷയിലും അവിടുത്തെ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്. ഇതിനായി ഇവർ വാങ്ങുന്ന തുകയും ഭീമമാണ്. ഹിന്ദിയിൽ സൽമാൻ ഖാൻ, തമിഴിൽ കമൽഹാസൻ, മലയാളത്തിൽ മോഹൻലാൽ, കന്നഡയിൽ കിച്ച സുദീപ്, തെലുങ്കിൽ നാഗാർജുന അക്കിനേനി എന്നിവരാണ് അവതാരകരായി എത്തുന്നത്.
മത്സരാർത്ഥികളുടെ പ്രകടനത്തോടൊപ്പമോ അതിനേക്കാളേറെയോ ബിഗ് ബോസ് മലയാളികൾക്ക് പ്രിയങ്കരമാക്കിയതിന് പിന്നിലെ പ്രധാന കാരണം മോഹൻലാൽ തന്നെയാണ്. എന്നാൽ ഇടയ്ക്ക് വെച്ച് അദ്ദേഹത്തിന് നിരവധി വിമർശനങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. സൽമാൻ ഖാന്റെയും കമൽഹാസന്റേയും പോലെ ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കാറില്ലെങ്കിലും അദ്ദേഹത്തിന്റെ തനത് ശൈലിയിലാണ് അവതരണം.
ഇപ്പോഴിതാ മോഹൻലാൽ അവതാരക സ്ഥാനത്ത് നിന്ന് മാറുന്നുവെന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ആറാം സീസണിന്റെ തുടക്കത്തിലും മോഹൻലാൽ മാറുന്നുവെന്ന തരത്തിൽ പ്രചാരണം ഉണ്ടായിരുന്നു. സുരേഷ് ഗോപി അടക്കമുള്ളവരുടെ പേരുകളായിരുന്നു അന്ന് പ്രധാനമായും ഉയർന്ന് കേട്ടത്.
എന്നാൽ ഇപ്പോഴിതാ വീണ്ടും ഇത്തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മോഹൻലാൽ മാറുകയാണെങ്കിൽ പകരം ആര് എന്ന ചോദ്യവും ശക്തമാണ്. പ്രേക്ഷകരെ പിടിച്ച് നിർത്തുന്നതിൽ വീക്കെൻഡിൽ എത്തുന്ന അവതാരകന് പ്രത്യേക സ്ഥാനമുണ്ട്. സിനിമയുടെ തിരക്കുകൾ ചൂണ്ടിക്കാട്ടി മോഹൻലാൽ ഒഴിയുകയാണെങ്കിൽ പൃഥ്വിരാജിനാണ് ചിലർ സാധ്യത കാണുന്നത്.
എന്നാൽ മോഹൻലാലിനെ കൈവിടാതിരിക്കാൻ ബിഗ് ബോസ് അധികൃതർ അവസാന നിമിഷം വരെയും ശ്രമിച്ചേക്കുമെന്നതിൽ സംശയമില്ലെന്ന് ആരാധകർ പറയുന്നു. ഒരു ഘട്ടത്തിൽ മോഹൻലാലിന് പകരക്കാരിയായി മംമ്ത മോഹൻദാസിനേയും പരിഗണിച്ചിരുന്നുവെന്നാണ് ചില ബിഗ് ബോസ് കേന്ദ്രീകൃത യൂട്യൂബ് ചാനലുകൾ അവകാശപ്പെടുന്നത്.
മോഹൻലാൽ ഇത്തവണ ശരിക്കും മാറുമെന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്. അദ്ദേഹം ഇപ്പോൾ പ്രധാനമായും സിനിമയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അതിനാൽ തന്നെ ഇത്തരത്തിലുള്ള പരിപാടികളിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നുമാണ് കണക്ക് കൂട്ടൽ. നേരത്തെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്താൻ തനിക്ക് താത്പര്യമില്ലെന്ന് മോഹൻലാൽ അറിയിച്ചിരുന്നു.
വിമർശനങ്ങൾ ഏറെ കേൾക്കേണ്ടി വന്നതിനാലും ഇനി ഇത്തരത്തിലൊരു നെഗറ്റീവ് കാര്യം വരുത്തിവെയ്ക്കാൻ താത്പര്യമില്ലാത്തതിനാലുമാണ് അദ്ദേഹം പിന്മാറിയതെന്നാണ് ആരാധകർ കരുതുന്നത്. അതുപോലെ അദ്ദേഹത്തിന്റേതായി നിരവധി ചിത്രങ്ങൾ അണിയറയിലൊരുങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തിലെത്തുന്ന ബാറോസിന്റെയും റിലീസ് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഈ വേളയിൽ അദ്ദേഹം കരിയറിനായിരിക്കും പ്രാധാന്യം നൽകുക.
ഈ ചർച്ചകൾക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ലാലേട്ടൻ ഇല്ലെങ്കിൽ ഇനി ബിഗ് ബോസ് കാണില്ല. എല്ലാം ഉപേക്ഷിച്ച് മോഹൻലാൽ സന്യസിക്കാൻ പോകുകയാണോ, മുമ്പൊരിക്കൽ അങ്ങനെ പറഞ്ഞ് കേട്ടിരുന്നല്ലോ, വേറെ ആര് വന്നാലും അത് ക്ലിക്ക് ആകില്ല. ബിഗ് ബോസ് മലയാളം കൂപ്പ് കുത്തും എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് വരുന്നത്.
അതേസമയം, ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു വനിതാ അവതാരക ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. അതിനാൽ ഒരു നടി എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. തമിഴിൽ ആകട്ടെ, പുതിയ സീസണിൽ കമൽഹാസന് പകരം വിജയ് സേതുപതിയാണ് അവതാരകനായി എത്തിയിരിക്കുന്നത്. ഇത് തന്റെ അവസാന ബിഗ് ബോസ് സീസണായിരിക്കുമെന്ന് കന്നഡ ബിഗ് ബോസിൻറെ അവതാരകൻ കിച്ച സുദീപും വ്യക്തമാക്കിയിട്ടുണ്ട്.