പൃഥിരാജിന് തലകുത്തി നിന്നാൽ മോഹൻലാൽ ആവാൻ പറ്റില്ല; മമ്മൂട്ടി നിന്നാൽ ആ പ്രദേശം മുഴുവന്‍ പ്രസരണമാണ്; സംവിധായകൻ ഭദ്രൻ
28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭദ്രന്‍ സംവിധാനം നിര്‍വഹിച്ച സ്ഫടികം വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 4 കെ ഡോള്‍ബി അറ്റ്‌മോസില്‍ ഇറങ്ങിയ ചിത്രം തിയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. . 1995 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ഇന്നും ആരാധകരേറെയാണ്. ഇതോടെ സംവിധായകൻ ഭദ്രന്റെ ഏറെ നാളത്തെ സ്വപ്നമാണ് നടന്നിരിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി, പൃഥിരാജ് എന്നിവരെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ഭദ്രൻ.2003 ൽ ഭദ്രൻ സംവിധാനം ചെയ്ത സിനിമയാണ് വെള്ളിത്തിരയിലെ നായകൻ പൃഥിരാജ് ആയിരുന്നു. ഇത് പൃഥിരാജിന്റെ രണ്ടാമത്തെ സിനിമയായിരുന്നു.
ഭദ്രന്റെ വാക്കുകൾ ഇങ്ങനെ:
“വെള്ളിത്തിര സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന് പകരക്കാരനായിട്ട് ഒരു നടനെ കൊണ്ടു വരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജിനെ പരിചയപ്പെടുത്തിയത്. പക്ഷെ ആളുകള്‍ മനസിലാക്കുന്ന വേഡ് കപ്പാസിറ്റിയില്‍ അല്ല ഞാന്‍ അത് പറഞ്ഞത്. വളരെ ജെനുവിനായി പറഞ്ഞതാണ്. പക്ഷെ ഞാൻ പറഞ്ഞ അർത്ഥം മനസ്സിലേക്കേണ്ടതുണ്ട്.
ഒരിക്കലും മോഹൻലാലിന് പൃഥിരാജ് പകരക്കാരനാവില്ല. മോഹൻലാലിനെപ്പോലെ നന്നായി വരാനുള്ള ഒരു ഗ്രാഫ് ഞാൻ പൃഥിരാജിൽ കാണുന്നെന്നാണ് ഞാൻ പറഞ്ഞത്. പൃഥിരാജിന്റെ രണ്ടാമത്തെ സിനിമയിലാണ് ഞാനിത് പറഞ്ഞത്. അവനിന്ന് എവിടെയെത്തി നിൽക്കുന്നു. അവന്റെ സെക്കന്റ് ഫിലിമായിരുന്നു വെള്ളിത്തിര. അയാള്‍ക്ക് എങ്ങനെ മോഹന്‍ലാല്‍ ആവാന്‍ കഴിയും. തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിനെ പോലെയാകാന്‍ കഴിയില്ല. അതുപോലെ പൃഥ്വിരാജിന് മമ്മൂട്ടിയാവാനും കഴിയില്ല.”
”മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കില്‍ അങ്ങ് കേറി നിന്നാല്‍ ആ പ്രദേശം മുഴുവന്‍ പ്രസരണം ചെയ്യുകയല്ലെ. ചില വേഷങ്ങളില്‍ മമ്മൂട്ടി വന്ന് നിന്ന് കഴിഞ്ഞാല്‍ അങ്ങനെയാണ്. മമ്മൂട്ടിയെന്ന വ്യക്തി ഷര്‍ട്ടും മുണ്ടും ഇട്ട് വരുന്നതല്ല ഞാന്‍ പറയുന്നത്. ചില വേഷപകര്‍ച്ചയിലൂടെ സ്‌ക്രീനിലേക്ക് വന്ന് നിന്ന് കഴിഞ്ഞാല്‍ അയാള്‍ ആവാഹിക്കുന്ന ഒരു ശക്തിയുണ്ട്. അതൊരു ഭയങ്കര പ്രസരണമാണ്. അതുതന്നെയാണ് മോഹന്‍ലാലിനുമുള്ളത്”
എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ശങ്കർ നായകനായ സിനിമയിൽ മോഹൻലാലിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും ഭദ്രൻ സംസാരിച്ചു. ബാലൻ കെ നായരാണ് മോഹൻലാലിനെ പരിചയപ്പെടുത്തുന്നത്.
‘ഈ പരിചയപ്പെടലിന് ശേഷം എപ്പോഴും ഞങ്ങൾ കണ്ട് മുട്ടുന്നത് രഞ്ജിത്ത് ഹോട്ടലിൽ വെച്ചാണ്. എപ്പോൾ കണ്ടാലും ലാൽ നടന്ന് വരുന്ന ശരീരഭാഷയുണ്ട്.നമ്മളുമായി നൂറ് വർഷത്തെ ബന്ധമുള്ളത് പോലെയാണ് ചിരിച്ച് ആടിക്കുഴഞ്ഞുള്ള വരവ്. ഇയാൾ വില്ലൻ വേഷങ്ങൾ മാത്രം ചെയ്യേണ്ടയാളല്ല. മറ്റ് വേഷങ്ങളും ഇണങ്ങും എന്നെനിക്ക് തോന്നി. അങ്ങനെയാണ് സിനിമയിൽ ശങ്കറിന്റെ ഏറ്റവും നല്ല ഫ്രണ്ടായ കഥാപാത്രത്തിന് മോഹൻലാലാണ് നല്ലതെന്ന് തോന്നുന്നത്’
‘വർഷങ്ങൾക്ക് ശേഷം ഞാനെന്റെ തന്നെ സിനിമയായ സ്ഫടികം എഫക്ടുകളിട്ട് കണ്ടപ്പോൾ ഈ സിനിമ ഞാൻ തന്നെ ചെയ്തതാണോയെന്ന് തോന്നിപ്പോയി. സിനിമ മാത്രമല്ല ഈ ആർട്ടിസ്റ്റുകളെക്കാെണ്ടൊക്കെ ഇങ്ങനെ ചെയ്യിക്കാൻ പറ്റിയോ എന്ന്. എല്ലാ കഥാപാത്രങ്ങളും തമ്മിൽ ഒരു വ്യാകരണമുണ്ട്. എന്നെ ഇതിന് നിയോഗിച്ചതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു’
ഇന്നത്തെ തലമുറയിൽ കണ്ടന്റ് ഓറിയന്റഡായി സിനിമ ചെയ്യുന്ന വളരെ ചുരുക്കം പേരെയുള്ളൂ. ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളിൽ കണ്ടന്റ് പലപ്പോഴും മറന്ന് കൊണ്ട് അവെയ്ലബിളായ പ്ലാറ്റ്ഫോമിലേക്കാണ് ഇവരുടെ താൽപര്യം. പല സിനിമകളും കാണുമ്പോൾ കണ്ടന്റും അതിന്റെ ദൃശ്യാവിഷ്കരണവും തമ്മിൽ ഒത്തുപോവുന്നോ എന്ന് സംശയമുണ്ട്. ഓരോ യൂസേജിനും ഒരു ഉദ്ദേശ്യമുണ്ടെന്നും ഭദ്രൻ പറഞ്ഞു.
