News
ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് നടി ബനിത സന്ധുവിന് കോവിഡ്; ആംബുലന്‍സില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ നടി
ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് നടി ബനിത സന്ധുവിന് കോവിഡ്; ആംബുലന്‍സില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ നടി
ഇന്ത്യയില്‍ സിനിമാ ചിത്രീകരണത്തിന് എത്തിയ ബ്രിട്ടീഷ് നടി ബനിത സന്ധുവിന് കോവിഡ് സ്ഥിരീകരിച്ചു. ‘കവിത ആന്‍ഡ് തെരേസ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു ബനിത സന്ധു. കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്തിരുന്ന അതേ വിമാനത്തിലായിരുന്നു ബനിതയും കൊല്‍ക്കത്തയില്‍ എത്തിയത്. കോവിഡ് ബാധിച്ച ബനിതയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും സ്വകാര്യ ആശുപത്രിയിലെ ചികിത്സ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
കോവിഡ് പോസിറ്റീവ് ആയതിനാല്‍ ബനിത സന്ധുവിനെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് ആണ് ആംബുലന്‍സില്‍ കൊണ്ടു വന്നത്. എന്നാല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ആരോപിച്ച് ബനിത ആംബുലന്‍സില്‍ നിന്ന് ഇറങ്ങാന്‍ തയാറായില്ല. ബ്രിട്ടനില്‍ നിന്ന് വന്നവരെ പ്രത്യേകമായി പാര്‍പ്പിക്കാന്‍ സംവിധാനമുള്ള, കൊല്‍ക്കത്തിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു ബനിതയെ കൊണ്ടുവന്നത്. ആംബുലന്‍സില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെയും ആരോഗ്യ വകുപ്പിനെയും അറിയിക്കേണ്ടിവന്നുവെന്നും പ്രോട്ടോക്കോളിന് വിരുദ്ധമായ രീതിയില്‍ പോകാന്‍ കഴിയാത്തതിനാല്‍ ബ്രിട്ടീഷ് ഹൈക്കമിഷനെ അറിയിച്ചതായും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.
ബനിതയെ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒറ്റപ്പെട്ട ക്യാബിനില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. കോവിഡ് സ്ഥിരീകരിച്ചു എങ്കിലും കോവിഡിന്റെ വകഭേദം വന്നിട്ടുണ്ടോയെന്ന് അറിയാന്‍ ബനിത സന്ധുവിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോവിഡ് വകഭേദം കണ്ടെത്തിയാല്‍ അതിന് അനുസരിച്ചുള്ള പ്രോട്ടോക്കോള്‍ പിന്തുടരുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
