Actor
ആ പാട്ട് ഞാനാണ് പാടിയതെന്ന് പലർക്കും ഇപ്പോഴും അറിയില്ല; അശോകൻ
ആ പാട്ട് ഞാനാണ് പാടിയതെന്ന് പലർക്കും ഇപ്പോഴും അറിയില്ല; അശോകൻ
ചെറുതും വലുതുമായി കഥാപാത്രങ്ങളെ അവസ്മരണീയമാക്കിയ താരമാണ് അശോകൻ. പി. പത്മരാജന്റെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാ ലോകത്തിലേയ്ക്ക് എത്തിയ താരം നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. അമരം എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഇന്നും മലയാളികൾക്ക് മറക്കാനാവില്ല.
ഇപ്പോഴും അഭിനയത്തിൽ സജീവമായി തുടരുന്ന താരംസമീപകാലത്ത് നൻപകൽ നേരത്ത് മയക്കം, പേരില്ലൂർ പ്രീമിയർ ലീഗ്, ജയ് ഗണേഷ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും അശോകനായി. അഭിനേതാവ് എന്നതിലുപരി മികച്ചൊരു ഗായകനും കൂടിയാണ് അദ്ദേഹം. വികെ പ്രകാശ് സംവിധാനം ചെയ്ത ‘പാലും പഴവും’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് സജീവമാവുകയാണ് അശോകൻ.
ഇപ്പോഴിതാ പാട്ട് പാടുന്നതിനെ കുറിച്ച് പറയുകയാണ് അശോകൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേകുറിച്ചെല്ലാം പറഞ്ഞത്. 1986-87 ൽ റിലീസായ ‘തൊഴിൽ അല്ലെങ്കിൽ ജയിൽ’ എന്ന ചിത്രത്തിലായിരുന്നു ആദ്യത്തെ പാട്ട്. കെ.ജി. രാജശേഖരനായിരുന്നു സിനിമയുടെ സംവിധാനം. പാട്ടൊരുക്കുന്നത് അർജുനൻ മാഷ്.
സിനിമയിലെ ഒരു പാട്ടൊഴികെ ബാക്കിയെല്ലാം ദാസേട്ടൻ പാടി. ആ ഒരു പാട്ടിന്റെ കമ്പോസിങ് നടക്കുമ്പോൾ ഞാൻ അർജുനൻ മാഷോട് ചോദിച്ചു. ഏതെങ്കിലും രണ്ട് വരി ഞാൻ പാടിക്കോട്ടെ?യെന്ന്. മാഷ് മുമ്പ് എന്റെ പാട്ടൊന്നും കേട്ടിട്ടില്ല. എങ്കിലും ഓക്കെ പറഞ്ഞു. സംവിധായകനും എതിർത്തില്ല. ഉണ്ണി മേനോനും അമ്പിളിയുമായിരുന്നു പ്രധാന ഗായകർ. അതിൽ രണ്ട് വരി ഞാനും പാടി.
റെക്കോഡ് ചെയ്യുമ്പോൾ രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ടാവും. അർജുനൻ മാഷ് ഓക്കെ പറഞ്ഞു. അതോടെ എനിക്ക് ശ്വാസം വന്നു. ‘പൂനിലാവ്’ എന്ന സിനിമയിലായിരുന്നു അടുത്തപാട്ട്. ആ സിനിമയിൽ “ആകാശപ്പറവകൾ പോലെ’ എന്ന പാട്ട് പാടി. പക്ഷേ, പാട്ട് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഞാനാണ് പാടിയതെന്ന് പലർക്കും ഇപ്പോഴും അറിയില്ല,
നീയൊരു ഗായകനല്ലേ, നീയെന്താ സിനിമയിൽ പാടാത്തത് എന്ന് പലരും ചോദിക്കും. പക്ഷേ, ഞാൻ ആരോടും അവസരം ചോദിക്കാറില്ല. ഒന്നിലും ഇടിച്ചുകയറാൻ താത്പര്യ മില്ല. എൻ്റെ സ്വഭാവം അങ്ങനെയല്ല. ഞാൻ പാട്ടുകാരനാണെന്ന് എല്ലാ വർക്കും അറിയാം. എങ്കിൽപ്പിന്നെ ഇങ്ങോട്ട് വിളിച്ചൂടെ എന്ന് വിചാരിക്കും. പക്ഷേ, ആരും വിളിച്ചില്ല. നീ അഭിനയിക്കുന്ന സിനിമയിൽ നിനക്ക് പാടിക്കൂടെ എന്ന് മമ്മൂക്ക ഇടയ്ക്കിടെ ചോദിക്കും എന്നും അശോകൻ പറയുന്നു.
