‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് വ്ളോഗിംഗ് കൂട്ടായ്മയിലെ പ്രമുഖ വ്ളോഗര്‍ രാഹുല്‍ എന്‍. കുട്ടി മരണപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ രാഹുലിന് ആദരാഞ്ജലി നേര്‍ന്ന് സംവിധായകന് അരുണ്‍ ഗോപി. ചുറുചുറുക്കും സ്നേഹവും പകര്‍ന്നു നല്കുന്ന ഒരാളാണ് രാഹുലെന്നും ആദരാഞ്ജലി നേരുന്നുവെന്നും അരുണ്‍ ഗോപി കുറിച്ചു.
അരുണ്‍ ഗോപിയുടെ കുറിപ്പ്;
സന്തോഷത്തിന്റെ മുഖാവരണം ഉള്ള, മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ചുറുചുറുക്കും സ്നേഹവും പകര്‍ന്നു നല്കുന്ന ഒരാള്‍, എന്നിട്ടും… ചിലപ്പോഴൊക്കെ ജീവിതം ഇങ്ങനെയുമാണ്.. മനുഷ്യര്‍ നിസ്സാരരാണ്… കാണാത്ത മനസ്സിന്റെ നേര്‍ത്ത തോന്നലുകളില്‍ ജീവിക്കാന്‍ ശ്രമിക്കുന്നവര്‍.. ആദരാഞ്ജലികള്‍ സഹോദരാ…
ശനിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടില്‍ രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രിയ വ്ലോഗറുടെ അപ്രതീക്ഷിത വിയോഗം ഈറ്റ് കൊച്ചി ഈറ്റ് പേജിലൂടെ അതിലെ അംഗങ്ങള്‍തന്നെയാണ് ആരാധകരെ അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയിലെ വ്യത്യസ്തമായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ തുടക്കം മുതല്‍ ആളുകള്‍ കണ്ടുപരിചയിച്ച മുഖമാണ് രാഹുലിന്റേത്. പല തരത്തിലുള്ള ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി നമ്മുടെ മുന്നിലെത്തിയ രാഹുല്‍ മനോഹരമായ ശബ്ദത്തിന് ഉടമ കൂടിയായിരുന്നു.
കാഴ്ച്ചക്കാരെ പിടിച്ചിരുത്താനുള്ള കഴിവും പരിചയപ്പെടുത്തുന്ന ഭക്ഷണം കഴിച്ചതുപോലെ തോന്നിപ്പിക്കാനുള്ള അവതരണമികവും രാഹുലിനുണ്ടായിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം ഈറ്റ് കൊച്ചി ഈറ്റിന് വേണ്ടി രാഹുല്‍ വീഡിയോ ചെയ്തിട്ടുണ്ട്.