Malayalam
നമ്മള്‍ പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് മക്കളെ ഉപദേശിക്കാനുള്ള വോയ്‌സില്ല, അവര്‍ എന്ത് തീരുമാനിക്കുന്നോ, അതിനൊപ്പം നമ്മളുണ്ട്; ദിലീപ്
നമ്മള്‍ പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് മക്കളെ ഉപദേശിക്കാനുള്ള വോയ്‌സില്ല, അവര്‍ എന്ത് തീരുമാനിക്കുന്നോ, അതിനൊപ്പം നമ്മളുണ്ട്; ദിലീപ്
നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വന്നു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും. ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു.
അതിന് ശേഷമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്റെ പേരും ഉയര്‍ന്ന് വന്നത്. കേസ് അദ്ദേഹത്തിന്റെ കരിയറിലും സാരമായി ബാധിച്ചു. ഇതിന് ശേഷം രണ്ട് ചിത്രങ്ങളാണ് ദിലീപിന്റേതായി പുറത്തെത്തിയത്. കേശു ഈ വീടിന്റെ നാഥനും വോയിസ് ഓഫ് സത്യനാഥനും. എന്നാല്‍ രണ്ട് ചിത്രങ്ങളും സാധാരണ ദിലീപ് ചിത്രങ്ങളെപ്പോലെ ആഘോഷിക്കപ്പെട്ടിരുന്നില്ല.
ഒരു കാലത്ത് റണ്‍വേ, ചെസ്, ഡോണ്‍ പോലുള്ള മാസ് സിനിമകളും കുടുംബചിത്രങ്ങള്‍ക്കൊപ്പം ദിലീപ് ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു സിനിമ ദിലീപില്‍ നിന്നും വന്നിട്ടില്ല. അതുകൊണ്ട് തന്നെ ബാന്ദ്ര സിനിമയുടെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ത്രില്ലിലാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന സിനിമ കൂടിയാണ് ബാന്ദ്ര. ഇപ്പോള്‍ ഇതിന്റെ പ്രൊമോഷന്‍ പരിപാടികളിലാണ് താരം.
ഇതിന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ മക്കളെ കുറിച്ച് ദിലീപും, ചെന്നൈയിലേയ്ക്ക് പോയ ശേഷം ദിലീപിനുണ്ടായ മാറ്റത്തെ കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപിയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മക്കളെ ഇന്നതായി കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിലീപ്.
‘അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലല്ലോ, അവര്‍ക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ട്. പക്ഷെ രണ്ടു പേരും നമ്മളെ മനസിലാക്കുന്ന കുട്ടികളാണ്. ദൈവം അനുഗ്രഹിച്ച് പറഞ്ഞാല്‍ മനസിലാകുന്നവരാണ്. അവരെ ഒരു കാര്യത്തിലും പ്രഷര്‍ ചെയ്യാന്‍ സാധിക്കില്ല. അവരുടെ ജീവിതം അവരാണ് തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് അവരെ ഉപദേശിക്കാനുള്ള വോയ്‌സില്ല. അവര്‍ എന്ത് തീരുമാനിക്കുന്നോ, അതിനൊപ്പം നമ്മളുണ്ട്’ എന്ന് ദിലീപ് പറഞ്ഞു. തുടര്‍ന്ന് സംവിധായകന്‍ അരുണ്‍ ഗോപിയാണ് സംസാരിച്ചത്.
‘ദിലീപേട്ടന്‍ ചെന്നൈയില്‍ ആയിരിക്കുന്ന സമയത്ത് ഒരിക്കല്‍ രാവിലെ വിളിച്ചപ്പോള്‍ മഹാലക്ഷ്മിയെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോവുകയാണെന്നാണ് പറഞ്ഞത്. പിന്നീട് വിളിച്ചപ്പോള്‍ ഗ്രോസറി വാങ്ങുകയാണെന്ന്. ചെന്നൈയില്‍ മറ്റൊരാളായി, അച്ഛന്റെ ഉത്തരവാദിത്തങ്ങള്‍ എല്ലാം നിര്‍വഹിച്ച് ജീവിക്കുകയാണ്. ഞാന്‍ ഫ്‌ലാറ്റിലേക്ക് ഒക്കെ ചെല്ലുമ്പോള്‍, മഹാലക്ഷ്മിയുടെ കാര്യങ്ങളെല്ലാം ചേട്ടന്‍ തന്നെയാണ് ചെയ്യുന്നതെന്ന് കാവ്യ പറയുന്നത് കേള്‍ക്കാം. ചെന്നൈയില്‍ ദിലീപേട്ടന്റെ വേറൊരു മുഖമാണ് കണ്ടുകൊണ്ടിരിക്കുന്നത്’, എന്നും അരുണ്‍ ഗോപി പറഞ്ഞു.
അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് സംസാരിച്ചിരുന്നു. ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകള്‍ കണ്ട് അവള്‍ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്‌സാണെന്ന് അവള്‍ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാന്‍ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോള്‍ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു.
മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്പനിയാണെന്നും ദിലീപ് പറയുകയുണ്ടായി. അഞ്ച് വയസ്സാണ് മഹാലക്ഷ്മിക്ക് പ്രായം. മുന്‍പ് വളരെ വിരളമായി മാത്രമാണ് മഹാലക്ഷ്മി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കൂടുതലും ചേച്ചി മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിരുന്നത്. ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം മിക്ക വേദികളിലും മഹാലക്ഷ്മിയെ കാണാറുണ്ട്. മൂത്തമകള്‍ മീനാക്ഷിയും ചെന്നൈയിലാണ് പഠിക്കുന്നത്.
അതേസമയം ദിലീപ് എന്ന നടനെ മുന്നില്‍ കണ്ട് അല്ല ബാന്ദ്രയുടെ കഥ എഴുതിയത് എന്നാണ് അരുണ്‍ ഗോപി പറയുന്നത്. പക്ഷെ സിനിമയുടെ ഉത്ഭവം മുതല്‍ ദിലീപേട്ടനുണ്ടായിരുന്നു. മാത്രമല്ല അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിലേക്ക് ദിലീപേട്ടനെ കൊണ്ടുവരികയാണ് ചെയതത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പതിവ് മാനറിസങ്ങളൊന്നും ബാന്ദ്രയില്‍ കാണാന്‍ സാധിക്കില്ല.
ദിലീപ് സിനിമയുടെ ചേരുവകള്‍ ബാന്ദ്രയില്‍ ഉണ്ടായിരിക്കില്ല. പക്ഷെ സിനിമ ഒരു എന്റര്‍ടെയ്‌നറാണ്. ബാന്ദ്ര ഒരു ഡോണ്‍ കഥയല്ല. ഗ്യാങ്സ്റ്റര്‍ മൂവിയുമല്ല. ഫാമിലി ആക്ഷന്‍ ഡ്രാമയാണെന്നും’ എന്നും അരുണ്‍ ഗോപി പറയുന്നു. നവംബര്‍ പത്തിനാണ് ബാന്ദ്ര തിയേറ്ററുകളില്‍ എത്തുക. തമന്നയാണ് ചിത്രത്തിലെ നായിക. തമന്നയെ കൂടാതെ തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ മംമ്ത മോഹന്‍ദാസ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ എന്നിവരും ബാന്ദ്രയിലുണ്ട്.